ഐജി മനോജ് എബ്രഹാമിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നിലയ്ക്കലിലും പമ്പയിലും നടന്ന പൊലീസ് നടപടിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പ്രചരണത്തിനെ ശക്തമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജാതിയും മതവും നോക്കി പൊലീസിനെ ജോലിക്ക് നിയോഗിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിനെ വര്‍ഗീയവത്കരിക്കാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങളെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം തുറന്നടിച്ചു.

പൊലീസില്‍ കലാപമുണ്ടാക്കി സേനയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. യഥാര്‍ത്ഥ വിശ്വാസികളെ അപമാനിക്കുകയാണ് സംഘപരിവാര്‍ ഇതിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേസുണ്ടായാല്‍ ആളുകളെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും. ശബരിമലയില്‍ സുരക്ഷ ഒരുക്കുകയാണ് പൊലീസിന്റെ ജോലി. അത് ചെയ്യുമ്പോള്‍ ജാതിയും മതവും നോക്കി പൊലീസുകാരെ നിയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് ഇന്നലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചിരുന്നു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മതത്തിന്റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന് നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനും സാധിക്കില്ലെന്നും ഇന്നലെ ഡിജിപി പറഞ്ഞിരുന്നു.

Top