ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരന് ഐ.ജി നേരിട്ടെത്തി പാരിതോഷികം നൽകി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന് ഐ.ജി ആശുപത്രിയിലെത്തി പാരിതോഷികം നല്‍കി.

മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രതിഞ്ജയ കുമാറിനാണ് 5000 രൂപ പോലീസ് പാരിതോഷികമായി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തെ തടയാന്‍ പ്രതിഞ്ജയ കുമാര്‍ മാത്രമാണ് ശ്രമിച്ചത്.

പോലീസുകാരനെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ ഐ.പി ബിനുവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജും അടങ്ങുന്ന സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.

ജീപ്പില്‍ പോലീസുകാര്‍ കാവലുണ്ടായിരുന്നിട്ടും മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കൗണ്‍സിലറുടെ ആക്രമണത്തില്‍ വയറിന് പരിക്കേറ്റ പ്രതിഞ്ജയ കുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

20504127_1982150635354134_246273379_n

അക്രമം നോക്കിനിന്ന സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ഇന്നലത്തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവര്‍ ഒഴിഞ്ഞുമാറുന്നത് സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സംഭവത്തെ കുറിച്ച് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

Top