ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടാന്‍ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തത്.

സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്. സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസം കൂടി നീട്ടാന്‍ അവലോകന സമിതി തീരുമാനിക്കുകയായിരുന്നു.

ലക്ഷ്മണയ്‌ക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും വകുപ്പ്തല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്.

തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി, സസ്‌പെന്‍ഷന്‍ തുടരാന്‍ ഉന്നത സമിതി തീരുമാനിക്കുകയായിരുന്നു.

Top