ഐജി ജി ലക്ഷ്മണ്‍ ഇനി തെലങ്കാന മന്ത്രി സഭയിലെ ഐടി വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ്‍ ഇനി തെലങ്കാന മന്ത്രിസഭയില്‍. ഇദ്ദേഹം സര്‍വീസില്‍ നിന്ന് ഉടന്‍ രാജിവയ്ക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു സൂചന.

ഇപ്പോള്‍ ഹൈദരാബാദിലുളള ലക്ഷ്മണ്‍ രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. കെസിആര്‍ മന്ത്രിസഭയില്‍ ചേരാന്‍ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മണ്‍ മനോരമയോടു പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങള്‍ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ലക്ഷ്മണിന്റെ അടുത്ത ബന്ധുക്കള്‍ പലരും രാഷ്ട്രീയത്തിലാണ്. 2009,14, 19 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മണ്‍ നിരസിച്ചു.

കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോകുലത്ത് ലക്ഷ്മണ്‍ (46)നിലവില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഐജിയാണ്. ഖമ്മം ജില്ലയാണ് സ്വദേശം. ആലപ്പുഴ എഎസ്പി ആയി സര്‍വീസ് തുടങ്ങി, തിരുവനന്തപുരം റൂറല്‍, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചു.

നാലു വര്‍ഷം മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 14 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് ഐപിഎസ് വിടുന്നത്. ആന്ധ്ര മുന്‍ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകള്‍ ഡോ. കവിതയാണു ഭാര്യ.

Top