IG giving water to people at Thrissur pooram- image become viral in social media

തൃശ്ശൂര്‍: പൂരം നാളില്‍ ദാഹിച്ച് വരണ്ട യുവാവിന്റെ വായിലേക്ക് കുപ്പിവെള്ളം ഒഴിച്ച് കൊടുക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി.

തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാര്‍ ദാഹജലം കൊടുക്കുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.

തൃശ്ശൂര്‍ പൂരത്തിന് ഏറ്റവും അധികം ജനങ്ങളുടെ തള്ളിച്ചയുണ്ടാകുന്നത് അലങ്കാരപ്പട്ടമണിഞ്ഞ് നില്‍ക്കുന്ന ആനകളെ കാണുന്നതിന് വേണ്ടിയാണ്.

ഐജിയുടെയും കമ്മീഷണറുടെയും റൂറല്‍ എസ്പിയുടെയുമെല്ലാം നേതൃത്വത്തില്‍ പ്രത്യേക വടം കെട്ടിയാണ് ജനങ്ങളുടെ തിരക്ക് നിയന്ത്രിച്ചിരുന്നത്.

ചുട്ട് പൊള്ളുന്ന വെയിലില്‍ ഐജിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കുടിക്കുന്നതിനായി കൊണ്ടുവന്ന കുപ്പിവെള്ളം ഐജി കുടിക്കാനൊരുങ്ങുമ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ദാഹിച്ച് വരണ്ട യുവാവ് വെള്ളത്തിന് വേണ്ടി കേണത്.

ഇത് കേട്ടതോടെ തനിക്ക് കുടിക്കാനായി കരുതിയ കുപ്പിവെള്ളം ഐജി തന്നെ നേരിട്ട് യുവാവിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നു.

പോലീസുകാരടക്കം കൂടിനിന്ന സകലരേയും അമ്പരിപ്പിച്ച ഈ ദൃശ്യം നിരവധി പേരാണ് മൊബൈലിലും മറ്റും പകര്‍ത്തിയത്.

കൂടുതല്‍പേര്‍ പിന്നീട് കാക്കിയുടെ കനിവില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ട് വന്നപ്പോള്‍ പിന്നീട് കമ്മീഷണറും റൂറല്‍ എസ്പിയുമടക്കമുള്ള പോലീസ് സംഘം തങ്ങള്‍ക്ക് കുടിക്കാനായി എത്തിച്ച കുപ്പിവെള്ളം അവിടെ ആവശ്യപ്പെട്ടവര്‍ക്കായി നല്‍കുകയും ചെയ്തു.

മണിക്കൂറുകളോളം കനത്ത ചൂടില്‍ തിരക്കില്‍പ്പെട്ടവര്‍ക്ക് പുറത്ത് പോയി വെള്ളം പോലും കുടിക്കാന്‍ പറ്റാതെ ബോധക്ഷയമുണ്ടാകേണ്ടിയിരുന്ന അവസ്ഥയാണ് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സന്ദര്‍ഭോജിതമായ ഇടപെടല്‍ മൂലം ഒഴിവായത്.

ഈ ദൃശ്യമാണിപ്പോള്‍ വൈറലായി തകര്‍ത്തോടുന്നത്.

പൊലീസില്‍ കര്‍ക്കശക്കാരനായ ഐപിഎസ് ഓഫീസറായി അറിയപ്പെടുന്ന അജിത്ത് കുമാര്‍ നേരത്തെ എറണാകുളം റേഞ്ച് ഐജിയായിരുന്നു.

Top