ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അപമാനിച്ച് പാക്കിസ്ഥാന്‍ സുരക്ഷാ സേവകര്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ അതിഥികളോട് അപമര്യാദയായി പെരുമാറി പാക്ക് ഉദ്യോഗസ്ഥര്‍. വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള അതിഥികളോട് പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വിരുന്നിനെത്തിയ ഇന്ത്യന്‍ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങിപ്പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പേര്‍ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിരുന്നിനെത്തിയ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

അതേസമയം സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ക്ഷമാപണം നടത്തി. ഇതിന് മുമ്പും സമാന അനുഭവങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിട്ടുണ്ട്. അന്ന് ഉദ്യോഗസ്ഥരുടെ ഇന്റര്‍നെറ്റ്,വൈദ്യുതി ബന്ധം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു.

Top