ഇഫ്താര്‍ വിരുന്നിനെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ച സംഭവം: പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ അതിഥികളോട് പാക് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ` .

നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാന നയങ്ങളുടെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തിയിട്ടുള്ളത്.സംഭവത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്നും അന്വേഷണ വിവരങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി പങ്കുവയ്ക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മീഷന്‍ കത്തയച്ചു.

കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പേര്‍ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിപാടിയുടെ സുരക്ഷക്കെത്തിയ പാക് ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

വിരുന്നിനെത്തിയ ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.

Top