ഐഎഫ്എഫ്‌കെ; പുതുതായ് ഏര്‍പ്പെടുത്തിയ അണ്‍റിസര്‍വ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ പുതുതായ് കൊണ്ടുവന്ന അണ്‍റിസര്‍വഡ് ടിക്കറ്റ് സംവിധാനം ഒഴിവാക്കി. പുതിയ സംവിധാനം നടപ്പിലാക്കിയതോടെ ഒരു ചിത്രം കാണാന്‍ പ്രേക്ഷകര്‍ രണ്ടുതവണ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണുണ്ടാവുന്നത്. മേളയിലെ ചിത്രങ്ങള്‍ കാണാന്‍ ഐഎഫ്എഫ്‌കെ ആപ്പ് വഴി ഒരു ദിവസം മുമ്പേ മൂന്ന് ചിത്രങ്ങള്‍ വരെ റിസര്‍വ് ചെയ്യാനുള്ള സംവിധാനം നേരത്തേയുണ്ട്.

ഒരു പ്രദര്‍ശനത്തിന്റെ 60 ശതമാനം സീറ്റുകളാണ് റിസര്‍വേഷനായി ലഭ്യമാവുക. എന്നാല്‍, ഇത്തവണ മുതല്‍ ബാക്കിയുള്ള 40 ശതമാനം സീറ്റുകള്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ മുഖേന നല്‍കുന്ന രീതിയാണ് നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ അപ്രായോഗികത സംബന്ധിച്ച് ഡെലിറേറ്റുകളില്‍നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഒരു മണിക്കൂര്‍ മുമ്പ് നല്‍കുന്നതുള്‍പ്പെടെയുള്ള പരിഹാരങ്ങള്‍ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സായ ഡെലിഗേറ്റുകളുടെ ഉള്‍പ്പെടെ സൗകര്യാര്‍ത്ഥമാണ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംവിധാനം ഒഴിവാക്കുകയാണെന്നാണ് സംഘാടകരില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top