iffk ;national anthem

തിരുവനന്തപുരം :കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും സിനിമകള്‍ക്ക് മുമ്പ് ദേശീയ ഗാനം ഉണ്ടാകും. എല്ലാ തീയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുകയും സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

ചലച്ചിത്രമേളയെ ഈ ഉത്തരവില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിന്ന് ഇളവ് തേടാനാണ് അക്കാദമിയുടെ തീരുമാനം. കോടതി വിധി നടപ്പാക്കുകയെന്നത് ചലച്ചിത്ര അക്കാദമിയുടെ ഉത്തരവാദിത്വമാണ്.

ഇതില്‍ ഇളവ് തേടാന്‍ ശ്രമിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. നിലവില്‍ ചലച്ചിത്രമേള നടക്കുന്ന തീയറ്ററുകള്‍ക്കും ഉത്തരവ് ബാധകമായതിനാല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയ്ക്ക് മുമ്പ് ദേശീയ ഗാനം ഉണ്ടാകും.

ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് മുമ്പ് ദേശീയ ഗാനം കാണിക്കേണ്ടതില്ല എന്നായിരുന്നു കോടതി ഉത്തരവിന് മുമ്പ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തീരുമാനം. ഒരേ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി ദേശീയ ഗാനം കേള്‍പ്പിക്കുന്നതിലെ അനൗചിത്യം ഉന്നയിച്ചായിരുന്നു നേരത്തെയെടുത്ത തീരുമാനം.

എന്നാല്‍ സുപ്രീം കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ഈ തീരുമാനം നിലനില്‍ക്കില്ല. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് കോടതി ഉത്തരവ് ബാധകമായ തീയറ്ററുകളിലായതിനാല്‍ മേളയിലെ എല്ലാ സിനിമകള്‍ക്ക് മുമ്പും ദേശീയ ഗാനം ഉണ്ടാകും. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനമെന്ന നിലയില്‍ കെഎസ്എഫ്ഡിസിയും ബാധ്യസ്ഥരാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് തടയണം എന്നാവശ്യപ്പെട്ട് ഭോപ്പാല്‍ സ്വദേശി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി എല്ലാ തിയറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

കാണികള്‍ ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ആദരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 2003ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍, സംസ്ഥാനത്തെ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തരവിട്ടിരുന്നു

Top