ഐ.എഫ്.എഫ്.കെ രജിസ്‌ട്രേഷന്‍ ഫീസിന് ജി.എസ്.ടി ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (ഐ.എഫ്.എഫ്.കെ.) രജിസ്റ്റര്‍ചെയ്യുന്ന പ്രതിനിധികളില്‍നിന്ന് ഈടാക്കുന്ന ഫീസിന് ജി.എസ്.ടി. ഏര്‍പ്പെടുത്തി. ഇതോടെ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ഫീസ് അഞ്ഞൂറില്‍നിന്ന് 590 രൂപയായും. മറ്റുള്ളവര്‍ക്ക് ആയിരത്തില്‍നിന്ന് 1180 രൂപയുമായി വര്‍ധിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിയേറ്ററുകളിലെ ആകെ സീറ്റിന്റെ 70 ശതമാനമാക്കി പരിമിതപ്പെടുത്തി. 30 ശതമാനം സീറ്റ് തിയേറ്ററുകളില്‍ നേരിട്ടെത്തുന്നവര്‍ക്ക് നീക്കിവെച്ചു.

ലാറ്റിനമേരിക്കന്‍ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ചുമതല ചലച്ചിത്രനിരൂപകനും എഴുത്തുകാരനും പ്രോഗ്രാമറുമായ ഫെര്‍ണാണ്ടോ ബര്‍ണര്‍ക്കും നല്‍കി. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും മുന്‍ചെയര്‍മാനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണും നടത്തിയ കൂടിയാലോചനകളിലാണ് പുതിയ തീരുമാനങ്ങള്‍.

അതേസമയം, ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കാന്‍ ശുപാര്‍ശചെയ്തതിന്റെപേരില്‍ തന്നെ പുറത്താക്കിയെന്ന പ്രചാരണത്തിനെതിരേ കഴിഞ്ഞ മേളയില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ദീപിക സുശീലന്‍ പ്രതികരണം നടത്തിയിട്ടുണ്ട്. തന്നെ പുറത്താക്കിയതല്ലെന്നും ഇറങ്ങിപ്പോന്നതാണെന്നും സാമൂഹികമാധ്യമത്തിലെ കുറിപ്പിലൂടെ ദീപിക പ്രതികരിച്ചു.

അക്കാദമി ചെയര്‍മാനും സെക്രട്ടറിയും താനും ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ബേലയെ തീരുമാനിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധനായ ബേല താറിന് പുരസ്‌കാരം നല്‍കിയെന്നായിരുന്നു വിവാദം. ബേലയ്ക്കെതിരേ വന്ന വിമര്‍ശനം തിരുത്താന്‍ അക്കാദമി ഇടപെട്ടില്ലെന്നാണ് ദീപികയുടെ ആരോപിക്കുന്നത്.

Top