പ്രദര്‍ശിപ്പിച്ചത് 480 ഓളം ചിത്രങ്ങള്‍; 23ാമത് രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും

23ാമത് രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. കാഴ്ച വസന്തത്തില്‍ പതിനൊന്ന് വിഭാഗങ്ങളിലായി 480 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാവിഭാഗത്തിലെ അഞ്ഞൂറിലധികം ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം നടത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുദാനി ഫ്രം നൈജീരിയ തുടങ്ങിയ മലയാള ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നേടിയത്.

അലി അബ്ബാസിയുടെ ബോര്‍ഡര്‍, ബെനഡിക്ട് ഏര്‍ലിങ്‌സണ്ണിന്റെ വുമണ്‍ അറ്റ് വാര്‍, മില്‍കോ ലാസറോവിന്റെ ആഗ, വനൂരി കഹിയുവിന്റെ റഫീക്കി, ലൂയിസ് ഒര്‍ട്ടേഗയുടെ എല്‍ ഏയ്ഞ്ചല്‍, കിര്‍ഗിസ് ചിത്രമായ നൈറ്റ് ആക്‌സിഡന്റ്, ബെഞ്ചമിന്‍ നൈഷ്ഠാറ്റിന്റെ റോജോ, മന്‍ബികി കസോകുവിന്റെ ഷോപ്പ് ലിഫ്‌ടേഴ്‌സ്, അല്‍ഫോണ്‍സോ കുവാറോണിന്റെ റോമ, തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനങ്ങള്‍ ആവര്‍ത്തിച്ചത് പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഇഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിയടക്കം എട്ട് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. റിമംബറിംഗ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പദ്മരാജനോടുള്ള ആദര സൂചകമായി സുമേഷ് ലാലിന്റെ ഹ്യൂമന്‍സ് ഓഫ് സം വണ്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു.

വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിനോടുള്ള ആദര സൂചകമായ് ഒരുക്കിയ സംഗീത നിശകള്‍ ആസ്വാദകരെ ആകര്‍ഷിച്ചു. മികച്ച് ചിത്രം ഏതെന്ന് കണ്ടെത്താനുള്ള വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്.

Top