ഐഎഫ്എഫ്കെ :പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കും. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10മുതല്‍ വൈകിട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിലും കോവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്.

ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്‍റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉള്‍പ്പടെ മേളയുടെ നടത്തിപ്പിലുടനീളം കര്‍ശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ചുരുക്കി നാല് സ്ഥലങ്ങളിലായാണ് മേള നടത്തുക. ഇക്കുറി 8000 പാസുകളാവും വിതരണം ചെയ്യുക. ഉദ്‌ഘാടനം തിരുവനന്തപുരത്താണ്.

Top