ഐഎഫ്എഫ്കെ പുരസ്കാരങ്ങള്‍: ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും ചുരുളിക്കും നേട്ടം

പാലക്കാട് :ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ചിത്രം ‘ചുരുളി’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രണ്ട് പുരസ്‍കാരങ്ങളാണ് ലഭിച്ചത്. സ്പെഷ്യല്‍ ജൂറി പ്രൈസും മേളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരവുമാണ് പെല്ലിശ്ശേരിക്ക് ലഭിച്ചത്.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‍കി പുരസ്‍കാരം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ നേടി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്‍’ നേടി. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്‍റെ പ്രമേയം അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ്.

മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം ‘ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്’ ഒരുക്കിയ ബഹ്മാന്‍ തവൂസിക്കാണ്. പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചത്.സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി.

Top