ഐഎഫ്എഫ്‌കെ; മികച്ച പ്രേക്ഷക പ്രതികരണം നേടി ഇവാന്‍ തര്‍ക്കോവസ്‌കിയുടെ ജംപ്മാന്‍

ഇന്ന് ആരംഭിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി റഷ്യന്‍ സംവിധായകനായ ഇവാന്‍ തര്‍ക്കോവസ്‌കിയുടെ ജംപ്മാന്‍. ലോക സിനിമാ വിഭാഗത്തില്‍ മേളയില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജംപ്മാന്‍. റഷ്യയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അനാഥനാവുന്ന 16കാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

അഴിമതി നിറഞ്ഞ രാഷ്ട്രീയവും നീതിന്യായ സംവിധാനവും ക്രമസമാധാന രംഗവുമെല്ലാം ചേര്‍ന്ന് അതിനൊക്കെ ഇരയാകേണ്ടി വരുന്ന ഡാനിയേല്‍ എന്ന യുവാവിലൂടെയാണ് കഥ നീങ്ങുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം പിടിച്ചിരുത്തിയെന്നാണ് പ്രേക്ഷക പ്രതികരണം.

പിഞ്ചു കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുന്ന ഒക്‌സാന എന്ന യുവതിയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മകനായ ഡാനിയലിനെ തേടിയെത്തുകയാണ് ഓക്‌സാന. ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്ന പോലെയാണ് അവര്‍ മകനെ തിരികെ കൊണ്ടുപോകുന്നതെങ്കിലും പിന്നീട് അവന്റെ ജീവിതം അപ്രതീക്ഷിതമായ അനുഭവങ്ങളിലേക്ക് നീങ്ങുകയാണ്.

വ്യാജ റോഡപകടങ്ങള്‍ സൃഷ്ടിച്ച് പണം തട്ടുന്ന ഒരു അധോലോകത്തിലേയ്ക്കാണ് ഡാനിയല്‍ എത്തിച്ചേരുന്നത്. വേദന സഹിക്കാനുള്ള അസാധാരണമായ കഴിവുണ്ട് അവന്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്ക് എടുത്തുചാടി വ്യാജ റോഡപകടമുണ്ടാക്കാന്‍ അവന്‍ നിയോഗിക്കപ്പെടുന്നു. ഓക്‌സാന കൂടി കണ്ണിയായ ആ ശൃംഖലയില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും പോലീസ് ഓഫീസര്‍മാരും ഡോക്ടര്‍മാരുമൊക്കെ പങ്കാളികളാവുന്നു. ഈ അനുഭവങ്ങളിലൂടെയെല്ലാം സഞ്ചരിക്കുമ്പോള്‍ ഡാനിയേല്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ കഥയുടെ കാമ്പാവുന്നു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍നിന്ന് അമ്മയുടെ സ്‌നേഹത്തിലേക്ക് തിരിച്ചെത്തുന്ന ഡാനിയല്‍ പ്രതീക്ഷകളോടെയാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. എന്നാല്‍ അവനെ കാത്തിരിക്കുന്നത് പണാധിഷ്ഠിതമായ, നിഷ്ഠൂരമായ സമൂഹമാണ്. അഴിമതി നിറഞ്ഞ രാഷ്ട്രീയവും നീതിന്യായ സംവിധാനവും ക്രമസമാധാന രംഗവുമെല്ലാം ചേര്‍ന്ന് ഇരയാക്കുന്ന ഡാനിയലിന്റെ സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Top