‘ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ‘. . . സുഷമയ്ക്ക് നന്ദിയറിയിച്ച്‌ പാക്ക് യുവതി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നന്ദിയറിയിച്ച്‌ ഹിജാബ് ആസിഫ് എന്ന പാക്ക് യുവതിയുടെ ട്വിറ്റര്‍ പോസ്റ്റ്.

‘ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. പാക്കിസ്ഥാന്‍ ഒരുപാട് മാറേണ്ടതുണ്ട്’ യുവതി തന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്.

ഇന്ത്യയില്‍ ചികിത്സയ്ക്കായി വരാന്‍ പാക്കിസ്ഥാന്‍ സ്വദേശിയായ ഒരാള്‍ക്ക് അനുമതി ലഭിക്കുന്നതിനായി സുഷമയോട് ഇടപെടണമെന്ന് യുവതി ട്വിറ്ററില്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

പിന്നീട് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപെടുകയും സ്ഥാനപതി കാര്യാലയം ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് നന്ദി അറിയിച്ചു കൊണ്ട് പാക്ക് യുവതി ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ- പാക്ക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്ക് ചികിത്സയ്ക്കായി വരുന്ന പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഓരോ മാസവും 500 ല്‍ അധികം പാക്ക് സ്വദേശികള്‍ ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top