കോൺഗ്രസ്സിന് വോട്ട് ചെയ്താൽ ഗുണം ബി.ജെ.പിക്കോ ? അസാധാരണ പ്രതിസന്ധിയിൽ അകപ്പെട്ട് യു.ഡി.എഫ്

ന്തിനാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യേണ്ടത് എന്നതിന് , കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് വിശദീകരണം നല്‍കേണ്ടത്. കോണ്‍ഗ്രസ്സിലൂടെ ബി.ജെ.പി നേട്ടം ഉണ്ടാക്കുന്ന കാഴ്ചയ്ക്കാണ് , രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കണ്ടതും , അതു തന്നെയാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിയ്ക്കാണ് ഇവിടെ വോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ , വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ ഏക തുരുത്തിലും അവര്‍ക്ക് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. നിലവിലെ കണക്കുവച്ച് അവിശ്വാസപ്രമേയത്തെ നേരിട്ടാല്‍ , ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് ഭരണമാണ് അതോടെ വീഴുക.

രാജ്യസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 34 എം.എല്‍.എമാരുടെ പിന്തുണമാത്രമാണ് നിലവില്‍ കോണ്‍ഗ്രസ്സിനുള്ളത്. 68 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.6 കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയുമാണ് ബിജെപി റാഞ്ചിയിരിക്കുന്നത്.ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയി എന്ന് വിലപിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വം, രാജ്യത്തെ ജനങ്ങള്‍ക്കു മുന്നിലാണ് അപഹാസ്യരായിരിക്കുന്നത്. എന്തൊക്കെ സമവായം ഉണ്ടാക്കിയാലും , നഷ്ടപ്പെട്ട ഈ ഇമേജ് തിരിച്ചു പിടിക്കുക എളുപ്പമല്ല.

കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ദൂരമാണ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ഇനി കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ , എങ്ങനെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുമെന്നതും , പ്രസക്തമായ ചോദ്യമാണ്. കോണ്‍ഗ്രസ്സിന് ഒപ്പം സഖ്യമായി മത്സരിക്കുന്ന മുസ്ലീംലീഗിനെ കൂടി വെട്ടിലാക്കുന്ന നീക്കമാണിപ്പോള്‍ , ഹിമാചല്‍ പ്രദേശില്‍ നടന്നിരിക്കുന്നത്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും കാണാന്‍ സാധിക്കുകകയില്ല.

ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് തന്നെ , മഹാരാഷ്ട്ര , മധ്യപ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ നിന്നും , മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേക്കേറിയിരിക്കുന്നത്.നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കോണ്‍ഗ്രസ്സ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നതും , അടുത്തയിടെയാണ്. മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആയ വിജയധരണിയാണ് , ബി ജെ പിയില്‍ ചേക്കേറിയിരിക്കുന്നത്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിലെ, വിളവന്‍കോഡ് എം എല്‍എയാണ് കാവിയണിഞ്ഞിരിക്കുന്നത് എന്നത് , കേരളത്തിലെ മതനിരപേക്ഷ മനസ്സുകളെയും ഞെട്ടിക്കുന്നതാണ്. അതിര്‍ത്തി കടന്ന് ‘ഓപ്പറേഷന്‍ താമര’ ഇനി കേരളത്തില്‍ എത്താന്‍ , എത്ര നാള്‍ എന്നതു മാത്രമാണ് കണ്ടറിയേണ്ടത്. കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യവും , കേരളത്തിലെ മതനിരപേക്ഷ വോട്ടര്‍മാര്‍ ചിന്തിക്കുന്നത് നല്ലതാണ്.

രാജ്യം ഏറ്റവും കൂടുതല്‍കാലം ഭരിച്ച കോണ്‍ഗ്രസ്സിന് , അധികാരത്തില്‍ തിരിച്ചെത്താനുള്ള വിദൂര സാധ്യത പോലും നഷ്ടമായി കഴിഞ്ഞു. അവര്‍ തന്നെ നഷ്ടപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. താമരയ്ക്ക് വളരാന്‍ വള്ളിമിട്ടു നല്‍കുന്നതു തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്. ഹിമാചല്‍ ഭരണം കൂടി നഷ്ടമായാല്‍ , പിന്നെ രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങും. അതുപോലും , ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം , ബി.ജെ.പി അട്ടിമറിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഹിമാചലില്‍ സമവായത്തിന് നിയോഗിക്കപ്പെട്ട കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ , ആദ്യം സ്വന്തം തട്ടകത്തിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കുന്നതാണ് നല്ലത്.പ്രത്യയശാസ്ത്രപരമായ ബോധമോ , സംഘടനാപരമായ കെട്ടുറപ്പോഇന്ന് കോണ്‍ഗ്രസ്സിലില്ല. അതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ , പണത്തിനും പദവികള്‍ക്കും പിന്നാലെ ഓടുന്നത്. അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണിത്. അതെന്തായാലും പറയാതെ വയ്യ.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ശിഥിലമാക്കുക എന്നത് , ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ അതു സംഭവിച്ചു കഴിഞ്ഞു. ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് എത്ര എംപിമാരെ കിട്ടിയാലും , ബി.ജെ.പിയ്ക്കാണ് ഒടുവില്‍ അത് ‘ബോണസായി ‘ മാറുക. ബി.ജെ.പിയുടെ ആ പ്രതീക്ഷകള്‍ക്കാണ് , കോണ്‍ഗ്രസ്സ് ജനപ്രതിനിധികളും നേതാക്കളും നിറം പകര്‍ന്നു നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഹിമാചല്‍ പ്രദേശിലും ദൃശ്യമായിരിക്കുന്നതും , അതു തന്നെയാണ്.

അത്യന്തം നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍, നറുക്കെടുപ്പിലേക്കെത്തിയ രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതാവായ അഭിഷേക് സിങ് വിയാണ് പരാജയപ്പെട്ടിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനാണ് ഇവിടെ അട്ടിമറിജയം നേടിയിരിക്കുന്നത്. 68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയില്‍, പാര്‍ട്ടിയുടെ 40 എംഎല്‍എമാര്‍ക്കു പുറമെ, മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണയിലാണ് കോണ്‍ഗ്രസ്സ് ഭരണം നടത്തുന്നത്. 25 സീറ്റുള്ള ബിജെപിക്ക് , മൂന്നു സ്വതന്ത്രരുടെയും ആറ് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും വോട്ട് അധികമായി ലഭിച്ചതാണ് , കാര്യങ്ങള്‍ മാറി മറിയാന്‍ കാരണമായിരുന്നത്.ഇതോടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും 34 വോട്ടുകള്‍ വീതം ലഭിക്കുകയും , തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയുമാണ് ഉണ്ടായത്.

ബിജെപിയെക്കാള്‍ പതിനഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിന് കൂടുതലുണ്ടായിട്ടും , ഹിമാചലില്‍ അട്ടിമറി നടത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കില്‍ , അതിനു പിന്നില്‍ ഈ എം.എല്‍.എമാര്‍ മാത്രമല്ല , മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അത്തരം സൂചനകളാണ്, ദേശീയ മാധ്യമങ്ങളും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയോട് തെറ്റി നില്‍ക്കുന്ന പിസിസി അദ്ധ്യക്ഷ പ്രതിഭ സിംഗ് , ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളുടെ അറിവോടെയാണോ അട്ടിമറി എന്ന സംശയവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ , വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പി പാളയത്തില്‍ എത്താനാണ് സാധ്യത.

EXPRESS KERALA VIEW

Top