ഒരു തൃണമൂല്‍ പ്രവര്‍ത്തകനെ തൊട്ടാല്‍ രണ്ടു ബിജെപിക്കാരെ അടിച്ചുവീഴ്ത്തും’: ബംഗാള്‍ മന്ത്രി

കൊൽക്കത്ത: ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചാൽ രണ്ട് ബിജെപി പ്രവർത്തകർ തിരിച്ചാക്രമിക്കപ്പെടുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ഉദയൻ ഗുഹ. സീതൽകുചിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗുഹ. ചൊവ്വാഴ്ച കൊൽക്കത്തയിലും ഹൗറയിലും നടന്ന ബിജെപി പ്രതിഷേധ റാലികൾ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന.

‘ഞങ്ങൾ വളയണിയുന്നവരല്ല. ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചാൽ ഞങ്ങൾ കയ്യും കെട്ടി നോക്കി നിൽക്കില്ല. ഞങ്ങളിൽ ഒരാളുടെ മേൽ കൈവെച്ചാൽ അവരിൽ രണ്ട് പേരെ തിരിച്ചാക്രമിക്കുമെന്ന കാര്യം അവർ ഓർത്തിരുന്നാൽ നന്ന്’.-പ്രസംഗത്തിനിടെ ഗുഹ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തി. വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകൾ നടത്തുന്ന തൃണമൂൽ നേതാക്കളിൽ നിന്ന് ഇത്തരം വാക്കുകൾ അപ്രതീക്ഷിതമല്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ നടത്തുന്ന ദുർപ്രവർത്തനങ്ങൾ പുറത്തുവരുന്നതോടെ ഉണ്ടാകുന്ന പരിഭ്രമത്തിലാണ് അവർ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ഭട്ടാചാര്യ പറഞ്ഞു.

Top