യു.പിയിലെ ബി.ജെ.പിയുടെ വിജയം ഒന്നുമല്ല, ഗുജറാത്തിനു വേണ്ടി കാത്തിരിക്കൂ ; അമിത് ഷാ

സോംനാഥ്: യു.പി തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വന്‍ വിജയം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്ന നേട്ടത്തെ വച്ചുനോക്കുമ്പോള്‍ ഒന്നുമല്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഡിസംബര്‍ 18ലെ ഗുജറാത്തിനായി കാത്തിരിക്കാനും ഷാ ആവശ്യപ്പെട്ടു.

സോംനാഥില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ പതാക പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിനു കീഴില്‍ കൂടുതല്‍ ഉയരങ്ങളില്‍ പാറുകയാണെന്നും ഷാ പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് വരുന്നു എന്ന് കഴിഞ്ഞ മൂന്നു മാസമായി പറഞ്ഞുകൊണ്ടു നടക്കുകയാണ് അവര്‍. എന്നാല്‍ ഇന്ന് യു.പിയിലെ ജനം പറയുന്നു കോണ്‍ഗ്രസ്സ പോവുകയാണെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ അമേഠി ബി.ജെ.പിക്കൊപ്പമായി. യു.പിയില്‍ ഇന്ന് സംഭവിച്ചത് ഡിസംബര്‍ 18ന് ഗുജറാത്തില്‍ സംഭവിക്കാന്‍ പോകുന്നതിനോട് ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. 150 സീറ്റുകളുമായി ബി.ജെ.പി തന്നെ അവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പുതിയ ജിഡിപി നിരക്കിനെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടുന്നില്ല. ജി.എസ്.ടിയുടെ പ്രത്യാഘാതത്തില്‍ കഴിഞ്ഞ മൂന്നു മാസം ജിഡിപി കുറഞ്ഞപ്പോള്‍ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളും ടെലിവിഷനില്‍ എത്തി ബഹളംവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജിഡിപി 6.3 ആയപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമല്ല. ഉത്തര്‍പ്രദേശിലെ ഫലം അവരെ കൂടുതല്‍ നിശബ്ദരാക്കിയെന്നും അമിത് ഷാ വ്യക്തമാക്കി.

യു.പിയിലെ 16 കോര്‍പറേഷനുകളില്‍ 14ഉം ബി.ജെ.പി പിടിച്ചെടുത്തിരുന്നു.

ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.

Top