മൊഴി എടുക്കുക എന്ന് പറഞ്ഞാല്‍, പ്രതി ചേര്‍ക്കുക എന്നാണോ സര്‍ . . . ?

ന്ത്രി കെ.ടി.ജലീല്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തു എന്നു കരുതി മാത്രം മുന്‍ വിധിയോടെ കുറ്റക്കാരനായി കാണാന്‍ കഴിയുകയുമില്ല. എന്‍ഫോഴ്‌സ്‌മെന്റ് മൊഴി എടുത്തു എന്ന കാരണത്താല്‍ മാത്രം മന്ത്രിയെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ അതിനേ നേരമുണ്ടാവുകയുള്ളൂ. കാരണം അന്വേഷണത്തിന്റെ ഭാഗമായി ആരെയും വിളിച്ചു വരുത്താനും മൊഴി എടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് ഇനിയും കഴിയും. നാളെ ശിവശങ്കറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൊഴി എടുത്താല്‍ അദ്ദേഹവും രാജിവയ്‌ക്കേണ്ടി വരികയില്ലേ ?

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വപ്ന സുരേഷിനു വേണ്ടി ഒരു ഇടപെടലും നടത്തിയതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് എന്‍.ഐ.എ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത് ദേശീയ ചാനലായ സി.എന്‍.എന്‍ ന്യൂസ് 18ന്റെ ഡെപ്യൂട്ടി എഡിറ്ററായ അരുണിമയാണ്. എന്‍.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ഈ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് ചാനല്‍ പുറത്ത് വിട്ടിരുന്നത്. കേരളത്തിലെ പ്രതിപക്ഷത്തിന് വലിയ പ്രഹരമായിരുന്നു ഈ റിപ്പോര്‍ട്ട്. ഇതിന്റെ ക്ഷീണം തീര്‍ക്കാനാണ് ജലീലിന്റെ മൊഴിയെടുപ്പ് വിവാദമാക്കാന്‍ അവരിപ്പോള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ വീണ്ടും പറയുന്നു ജലീല്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുക തന്നെ വേണം. അതിന് പക്ഷേ വേണ്ടത് തെളിവുകളാണ്. അത് അന്വേഷണ സംഘം ഹാജരാക്കേണ്ടത് കോടതിയിലാണ്. അവിടെയാണ് ഇതെല്ലാം പരിശോധിക്കപ്പെടേണ്ടത്. അതുവരെ കാത്തിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണം. കേന്ദ്ര ഏജന്‍സി മൊഴി എടുത്താല്‍ ഉടനെ രാജി വെയ്ക്കാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് വരിക.

ഏത് മന്ത്രിമാര്‍ വാഴണം ആരെല്ലാം വീഴണം എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. അത് ജനാധിപത്യത്തിന് നല്ലതല്ല. ഏത് പ്രതി വിചാരിച്ചാലും എന്ത് മൊഴിയും നല്‍കാന്‍ കഴിയും. അതില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. പ്രതികളുമായി ബന്ധപ്പെട്ടവരെല്ലാം പ്രതികളാകുകയില്ല. നിയമവിരുദ്ധ പ്രവൃത്തിക്ക് കൂട്ട് നിന്നാല്‍ മാത്രമേ കുറ്റക്കാരാവുകയുള്ളൂ. ഇവിടെ സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സകലരെയും കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് തിരിച്ചറിയുന്നതിലാണ് മന്ത്രി ജലീലും സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ക്ക് വീഴ്ച പറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സിനും കേന്ദ്ര ഇന്റലിജന്‍സിനും ഒരുപോലെയാണ് വീഴ്ചയാണ് പറ്റിയിരിക്കുന്നത്.

യു. എ. ഇ കോണ്‍സുലേറ്റിലെ ഉന്നത പദവിയില്‍ സ്വപ്നക്ക് ജോലി കിട്ടിയത് എങ്ങനെ എന്നാണ് ആദ്യം പരിശോധിക്കേണ്ടിയിരുന്നത്. ഈ പരിശോധന കൃത്യമായി നടന്നിരുന്നെങ്കില്‍ സ്വര്‍ണ്ണക്കള്ളക്കടത്തു തന്നെ നടക്കില്ലായിരുന്നു. ഒരു വട്ടമല്ല പല വട്ടമാണ് ഈ സംഘം സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്. കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും വീഴ്ചകള്‍ ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. വിമാന താവളങ്ങള്‍ കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണയിലാണെന്നതും നാം മറന്നു പോകരുത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ ഐ.ബിക്കും ‘റോ’ക്കും ശക്തമായ നെറ്റ് വര്‍ക്കുകളാണ് കേരളത്തിലും ദുബായിയിലുമുള്ളത്. അവരുടെ കണ്ണുകളെ പോലും ഈ സ്വര്‍ണ്ണക്കടത്ത് സംഘം കബളിപ്പിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ക്രൈംബ്രാഞ്ചില്‍ സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ നേരത്തെ തന്നെ കേസെടുക്കാതിരുന്നതും വലിയ വീഴ്ചയാണ്. ഈ പരാതിയുടെ കാര്യമെങ്കിലും മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. ഡി.ജി.പിക്കും ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്.

ശിവശങ്കറിന്റെ ചീട്ട് വാങ്ങാതെ തന്നെ മുഖ്യമന്ത്രിയെ കാണാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് ഡി.ജി.പി ലോക് നാഥ് ബഹ്‌റ. സ്വപ്നയ്ക്ക് എതിരെ വൈകി കേസെടുത്തത് പോലും ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് തലപ്പത്ത് വന്നതിനു ശേഷം മാത്രമാണ്. വീഴ്ചകള്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് മാത്രമല്ല കേന്ദ്രത്തിന്റെ ഭാഗത്തും പറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇക്കാര്യം വിലയിരുത്തി വേണം പ്രതിപക്ഷ സംഘടനകളും പ്രതികരിക്കുവാന്‍. സ്വപ്ന തെറ്റുകാരിയാണെന്ന് മനസ്സിലാക്കി തന്നെ ഇവരെ സഹായിച്ചവരും ‘ഐഡിയ’ പറഞ്ഞു കൊടുത്തവരുമാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍. പൊതു സമൂഹം ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് വലിയ അപരാധമാണെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമായിരുന്നു. കഴിഞ്ഞ സര്‍ക്കാറിലെ മറ്റു ചില മന്ത്രിമാരും സമാനമായി രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. മണിക്കൂറുകളോളമാണ് സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്യപ്പെട്ടിരുന്നത്. ഇന്നത്തെ വാശി അന്ന് കോണ്‍ഗ്രസ്സുകാര്‍ കാട്ടിയിരുന്നില്ല.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സമാന കേസില്‍ അക്കാലത്ത് ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായും പ്രതിക്കൂട്ടിലായിരുന്നു. അഴിമതി സംബന്ധമായ കുറ്റം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനാണ് മുന്‍ ധനകാര്യ മന്ത്രി ചിദംബരത്തെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തിരുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയുണ്ട് ചൂണ്ടിക്കാണിക്കാന്‍. ഇവര്‍ക്കെതിരെയൊന്നും സ്വന്തം പാര്‍ട്ടികള്‍ പോലും ചെറുവിരലനക്കിയിരുന്നില്ല. മറിച്ച് ന്യായീകരിച്ചാണ് നേതാക്കളെല്ലാം രംഗത്ത് വന്നിരുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം എന്തായാലും പുറത്ത് വരട്ടെ എന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പറഞ്ഞതും അതുകൊണ്ട് തന്നെയാണ്. ഈ നിലപാട് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും സ്വീകരിക്കാറില്ലെന്നതും നാം തിരിച്ചറിയണം.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മറ്റു സംസ്ഥാനങ്ങളില്‍ ‘പടവാള്‍’ എടുക്കുന്നവരാണ് ഇപ്പോള്‍ കേരളത്തില്‍ വിപരീത നിലപാട് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണിത്. അതിനായാണ് തെരുവില്‍ പ്രതിക്ഷേധ തീ അവര്‍ കൊളുത്തിയിരിക്കുന്നത്. ഖദറും കാവിയും ഇവിടെ ഒറ്റക്കെട്ടാണ്. അവരുടെ ലക്ഷ്യവും ഒന്നു തന്നെയാണ്. അത് മന്ത്രി ജലീലിന്റെ രാജി മാത്രമല്ല സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയാണ് ഉന്നം. ഈ കമ്യൂണിസ്റ്റിനെ വീഴ്ത്താന്‍ പറ്റുമോയെന്നാണ് പ്രക്ഷോഭത്തിലൂടെ പ്രതിപക്ഷം ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ യു.ഡി.എഫ് തന്നെ ശിഥിലമാകുമെന്ന ഭയത്താലാണ് ഈ നീക്കം. കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയും ഇപ്പോള്‍ ബി.ജെ.പിയിലാണ്. കേന്ദ്ര ഏജന്‍സിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ബി.ജെ.പി ചെലുത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഈ കണക്ക് കൂട്ടലില്‍ തന്നെയാണ് പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്.

Top