‘പൊളിച്ചോര്‍ക്ക് കൊടുക്കാമെങ്കില്‍ പൊളിക്കാന്‍ കൂട്ടുനിന്നവര്‍ക്കും കൊടുക്കണ്ടേ’:വി ശിവന്‍കുട്ടി

ഡൽഹി : രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നരസിംഹ റാവുവിന് കൂടി നല്‍കിക്കൊണ്ട് പ്രഖ്യാപനം വന്നതിന് പിന്നാലെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടയാണ് മന്ത്രിയുടെ വിമര്‍ശനം. ”പൊളിച്ചോര്‍ക്ക് കൊടുക്കാമെങ്കില്‍ പൊളിക്കാന്‍ കൂട്ടുനിന്നവര്‍ക്കും കൊടുക്കണ്ടേ എന്നാണ് അവരുടെ ഒരു ഇത്” എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള ഈ പ്രഖ്യാപനം പലതരത്തിലാണ് ചര്‍ച്ചയാകുന്നത്. ബാബരിമസ്ജിദ് പൊളിച്ച സമയം കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. ഇതുകൂടി ഓര്‍മിപ്പിച്ചുകൊണ്ടാണ് വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.

ഫെബ്രുവരി 3-ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കും, കര്‍പ്പൂരി താക്കൂറിനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് മറ്റു മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരതരത്‌ന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുകയായിരുന്നു.

Top