അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരാം, ബ്രേക്ക് ദി ചെയ്ന്‍ വിട്ടുവീഴ്ച അരുത്- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലാകെ കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നതു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ കോവിഡ് വ്യാപന സ്ഥിതി കൊച്ചി കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ വരരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജനസാന്ദ്രത കൂടിയതിനാലും മറ്റു പ്രദേശങ്ങളില്‍നിന്നു വരുന്നവര്‍ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും കൂടും.

നമ്മള്‍ അശ്രദ്ധ കാണിച്ചാല്‍ സൂപ്പര്‍ സ്‌പ്രെഡ് വരാം. പിന്നാലെ സമൂഹവ്യാപനവും വരും. ബ്രേക്ക് ദി ചെയ്ന്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ട്രിപ്പിള്‍ ലോക്ക് പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ അങ്ങനെ ഒഴിവാക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാന്‍ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രോഗവ്യാപനം കേരളം പരമാവധി ചെറുത്തു. പക്ഷേ ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ രീതിയില്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിയാണിത്. അതിവേഗം പടരുന്നതിനാലാണ് ട്രിപ്പിള്‍ ലോക്ക് പോലുള്ള കര്‍ശനനിയന്ത്രണങ്ങളിലേക്കു കടക്കേണ്ടി വരുന്നത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top