റഫാലുണ്ടായിരുന്നെങ്കില്‍ ബാലാകോട്ട് ആക്രമണത്തിന്റെ ഭാവം തന്നെ മാറുമായിരുന്നു: രാജ്നാഥ് സിങ്

മുംബൈ: നേരത്തെ തന്നെ റഫാല്‍ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കില്‍ വ്യോമാക്രമണം ഇന്ത്യയിലിരുന്നു തന്നെ നടപ്പാക്കാനാകുമായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ ഭായന്ദറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മെഹ്തയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.

പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വയംപ്രതിരോധത്തിനുള്ളതാണെന്നും അല്ലാതെ ആക്രമണത്തിനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഫാല്‍ വിമാനം ഏറ്റുവാങ്ങിയ സമയത്ത് പൂജ നടത്തിയതിനെയും രാജ്നാഥ് സിങ് ന്യായീകരിച്ചു.

യുദ്ധവിമാനത്തില്‍ ഞാന്‍ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്. ഞാന്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചു. ക്രിസ്ത്യന്‍, മുസ്ലിം, സിഖ് സമുദായാംഗങ്ങള്‍ ആമേന്‍, ഓംകാര്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ആരാധന നടത്താറുണ്ട്. ഞാന്‍ ശസ്ത്രപൂജ നടത്തിയ സമയത്ത് ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ബുദ്ധമതാനുയായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു- രാജ്നാഥ് സിങ് വ്യക്തമാക്കി.

Top