കരിങ്കൊടി പ്രധിഷേധം;SFI പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ കിട്ടിയാല്‍ എഴുന്നേല്‍ക്കാം:ഗവര്‍ണര്‍

കൊല്ലം: കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴുവന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതിന്റെ എഫ്ഐആര്‍ കൈയ്യില്‍ കിട്ടിയാല്‍ മാത്രമെ സംഭവസ്ഥലത്ത് നിന്നും പോകൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 12 പേരെ അറസ്റ്റ് ചെയ്തതായുള്ള രേഖ പൊലീസ് ആരിഫ് മുഹമ്മദ് ഖാനെ കാണിച്ചതോടെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. കൂടുതല്‍ പേര്‍ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്തെന്നും എഫ്ഐആര്‍ തന്നെ കാണിച്ചാല്‍ മാത്രമെ ഇവിടെ നിന്നും എഴുനേല്‍ക്കുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയായിരുന്നു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ മാത്രമെ തിരിച്ച് കയറൂവെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു.പൊലീസ് കമ്മീഷണറുമായും ഗവര്‍ണര്‍ സംസാരിച്ചു. പൊലീസ് സംരക്ഷണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാര്‍ ആക്രമിച്ചുവെന്നും ഇവിടെ നിന്നും പോകാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ കമ്മീഷണറെ അറിയിച്ചു. കണ്ണുകൊണ്ട് കണ്ട കാര്യങ്ങളില്‍ വാഗ്വാദത്തിന് താനില്ലെന്നും ഗവര്‍ണര്‍ പൊലീസ് കമ്മീഷണറോട് പറഞ്ഞു. കൊല്ലം പൊലീസ് കമ്മീഷണര്‍ ഉടന്‍ സ്ഥലത്തെത്തും.

അതിനിടെ ഗവര്‍ണര്‍ പൊലീസുകാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തു. അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയുമായാണ് ഫോണില്‍ സംസാരിച്ചത്. സംഭവമെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്ഐ ശ്രമിച്ചുവെന്ന ആരോപണമാണ് രാജ്ഭവന്‍ ഉയര്‍ത്തുന്നത്. അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, രാജ്ഭവനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും ഗവര്‍ണര്‍ക്കൊപ്പമുണ്ട്.

Top