If VS waiting for his post, its self mockery, His followers didn’t need any position

വി.എസ് ഇനിയും ഏതെങ്കിലും പദവിക്കുവേണ്ടി കാത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തന്നെ സ്വയം ചോദ്യം ചെയ്യുന്നതാണ്.

അര്‍ഹതപ്പെട്ട സ്ഥാനമാണെങ്കില്‍ പോലും ഇപ്പോള്‍ വച്ച് നീട്ടിയ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ ‘പോടാ പുല്ലേ’ എന്ന് പറയാനുള്ള ചങ്കൂറ്റമാണ് വി.എസ് ഇനി കാണിക്കേണ്ടത്.

വിഎസിനെ ആരാധിക്കുന്ന പൊതുസമൂഹവും അദ്ദേഹത്തിന്റെ നിലപാടുകളില്‍ ആവേശം കണ്ടെത്തുന്ന സി.പി.എം പ്രവര്‍ത്തകരും യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് അതാണ്.

പാര്‍ട്ടി തീരുമാനിച്ച ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം നീണ്ടുപോകുന്നതും ഒടുവില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുമെന്ന് കരുതപ്പെട്ടിരുന്ന കാബിനറ്റ് ചേരുന്ന ദിവസംതന്നെ വി.എസിന്റെ യോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതുമെല്ലാം തികച്ചും യാദൃശ്ചികം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ മലയാളിയുടെ രാഷ്ട്രീയ ബോധം ഒരിക്കലും അനുവദിക്കുന്നതല്ല.

വി.എസ്. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി വരുന്നത് ആരൊക്കെയോ ഭയപ്പെടുന്നുണ്ട് എന്നത് വ്യക്തം. നിയമനം സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന വിശദീകരണവും പാര്‍ട്ടി നേതൃത്വത്തിന്റെ മൗനവുമെല്ലാം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല.

വേണമെന്ന് തീരുമാനിച്ചാല്‍ ഉത്തരവാദിത്വപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാരിന് എത്ര പ്രയാസകരമായ കാര്യങ്ങളാണെങ്കില്‍ പോലും തീരുമാനം പെട്ടെന്ന് തന്നെ എടുക്കാവുന്നതാണ്.

പല കാര്യങ്ങളിലും ശക്തമായ വെല്ലുവിളികളെ പോലും അവഗണിച്ച് ധീരമായ നിരവധി തീരുമാനങ്ങള്‍ എടുത്ത ചരിത്രം കേരളത്തിലെ ഇടതു സര്‍ക്കാരുകള്‍ക്കുണ്ട്. ഇരട്ട പദവി പ്രശ്‌നത്തില്‍ നിയമസഭ ഭേദഗതി ബില്‍ പാസ്സാക്കിയ സ്ഥിതിക്ക് വീണ്ടും പാര്‍ട്ടി കമ്മിറ്റി ചേരണം. ഇടതു മുന്നണി യോഗം ചേരണം എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

ഭരണ പരിഷ്‌ക്കാര അദ്ധ്യക്ഷനെ സൃഷ്ടിക്കാന്‍ തീരുമാനമെടുത്ത പാര്‍ട്ടിക്ക് അതിന്റെ ഘടനയും അംഗങ്ങളെയുമെല്ലാം നിര്‍ദ്ദേശിക്കാന്‍ അനന്തമായി കാത്തിരിക്കേണ്ടി വരുന്നു എന്നത് പരിഹാസ്യമായ കാര്യമാണ്.

വി.എസി നുവേണ്ടിയാണ് നിയമസഭയില്‍ ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് ആരോപിച്ച പ്രതിപക്ഷം ഇതിനെ വി.എസ്. ബില്‍ എന്ന് വിശേഷിപ്പിച്ചത് തന്നെ ദൗര്‍ഭാഗ്യകരമാണ്.

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ പാര്‍ട്ടിയും വി.എസും തയ്യാറാകരുതായിരുന്നു. വി.എസിനെ കളിയാക്കി നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ ചര്‍ച്ചയില്‍ ഇടത് അംഗങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടാവാതിരുന്നതും ഞെട്ടിപ്പിക്കുന്നതാണ്.

വി.എസ് ബി.ജെ.പി അംഗമാണെന്ന് ഒരു പക്ഷെ ഇടത് അംഗങ്ങള്‍ അല്‍പ്പസമയം കരുതിയിട്ടുണ്ടായിരിക്കാം എന്നുപോലും ഇടത് എം.എല്‍.എ മാരെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്ന അവസ്ഥ വരെയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത് സി.പി.എം സ്ഥാപക നേതാവിനെ അധികാരമോഹിയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത് എന്നതാണ്.

‘തനിച്ചാക്കി വെടക്കാക്കുക’ എന്ന ഒരുതരം രീതി… ഇങ്ങനെ വെടക്കാക്കാന്‍ ഇനിയും നിന്നുകൊടുക്കണമോ എന്ന കാര്യം ഇനിയെങ്കിലും വി.എസ് ആലോചിക്കേണ്ടതാണ്.

ഏതെങ്കിലും ഒരു പദവിയില്‍ ഇരുന്നാല്‍ മാത്രമേ വി.എസിന്റെ വാക്കുകള്‍ക്ക് കേരളീയ സമൂഹം വില കൊടുക്കു എന്ന് സ്വയം കരുതരുത്. ആരെങ്കിലും അങ്ങനെ ഉപദേശിച്ചിട്ടുണ്ടെങ്കില്‍ ആ ധാരണയാണ് ആദ്യം മാറ്റേണ്ടത്. നാളയെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന ഒരു കാലഘട്ടത്തില്‍ അടിമകളായി നരക ജീവിതം നയിച്ച ഒരു സമൂഹത്തിനുവേണ്ടി ചോര ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് രക്ത രൂക്ഷിത സമരം നയിച്ച വി.എസ്. അടക്കമുള്ള പഴയകാല കമ്മ്യൂണിസ്റ്റുകള്‍ പഠിച്ച ‘സിലബസ്’ തന്നെ പോരാട്ടമായിരുന്നുവെന്നും ആ പോരാട്ടത്തിന്റെ കൂടി ഫലമായിട്ടാണ് കേരളം ഇന്ന് ആര്‍ജ്ജിച്ച പുരോഗതിയെന്നും വി.എസിന്റെ യോഗ്യത ചോദ്യം ചെയ്യുന്നവന്‍ ഏത് കൊമ്പത്തുള്ളവനാണെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. ലാത്തിയുടെ നിഴല്‍ കണ്ടാല്‍ ഓടി ഒളിക്കുന്നവന് വാരിക്കുന്തത്തില്‍ നിന്ന് പൊടിയുന്ന രക്തത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലല്ലോ.

vs achuthanandan

ഇനി വി.എസി നോടായി…

രു പദവികളും താങ്കളുടെ സംഭാവനകള്‍ക്ക് മുകളിലല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. വ്യക്തിയായാലും പാര്‍ട്ടിയായാലും സര്‍ക്കാരായാലും പൂര്‍ണ്ണ മനസ്സോടെയല്ലാതെ നല്‍കുന്നത് എന്തുതന്നെയായാലും അത് സ്വീകരിക്കാതിരിക്കുന്നതാണ് അഭികാമ്യം.

സി.പി.എം നേതൃത്വത്തോട്…

വി.എസിന് പാര്‍ട്ടിയില്‍ പദവി നല്‍കണമെങ്കില്‍ പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് അനിവാര്യമാണെങ്കില്‍ കുറ്റാരോപിതനായ വി.എസിനെ 93-ാം വയസ്സില്‍ എന്തിന് വേണ്ടിയാണ് മത്സരിപ്പിച്ചത് ?

സംസ്ഥാന വ്യാപകമായി അദ്ദേഹത്തെ പ്രചാരണ നായകാനാക്കി വോട്ട് വാങ്ങി അധികാരത്തിലേറിയ പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്ത ബഹുഭൂരിപക്ഷത്തെ കബളിപ്പിക്കുകയല്ലേ ചെയ്തത്?

മുഖ്യമന്ത്രി സ്ഥാനത്തേക്കോ പരിഗണിച്ചില്ല, ഇപ്പോള്‍ പരിഗണിക്കുന്നുവെന്ന് പറയുന്ന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പോലും വരുന്ന കാലതാമസം ഏതെങ്കിലും ‘ഹിഡന്‍ അജണ്ട’ യുടെ ഭാഗമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമോ?

പ്രബുദ്ധരായ കേരള ജനതയുടെ രാഷ്ട്രീയ ബോധത്തെ വെല്ലുവിളിക്കുന്ന ഈ നടപടി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും ഒരിക്കലും ഭൂഷണമല്ല.

സി.പി.എം. സ്ഥാപക നേതാവായ വി.എസിന്റെ സേവനം ഇനി ആവശ്യമില്ലെങ്കില്‍ അത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അദ്ദേഹത്തെ വിളിച്ച് തുറന്നു പറയാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്. അല്ലാതെ പൊതു സമൂഹത്തിനിടയില്‍ അപമാനിക്കപ്പെടാനുള്ള അവസരമുണ്ടാക്കുകയല്ല ചെയ്യേണ്ടത്.

വി.എസ് അപമാനിക്കപ്പെടുമ്പോള്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ശിരസാണ് പൊതു സമൂഹത്തിന് മുന്നില്‍ കുനിയുന്നത് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത് നല്ലതാണ്.

Team Express Kerala

Top