തമിഴകത്തു നിന്നും മാറ്റിയാല്‍ , ആര്‍.എന്‍ രവിയെ കേരള ഗവര്‍ണ്ണറായി നിയമിക്കാനും സാധ്യത ഏറെ !

മിഴ്നാട് മന്ത്രിയെ പുറത്താക്കിയതിലൂടെ വിവാദ നായകനായ ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ തല്‍സ്ഥാനത്തു നിന്നും സ്ഥലംമാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിശ്വസ്തനായ ഈ ഗവര്‍ണ്ണറെ കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലേക്കാണ് പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പെട്ടന്നുതന്നെ ഗവര്‍ണ്ണറെ നീക്കം ചെയ്താല്‍ അത് പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്കു ശക്തി പകരുമെന്നതിനാല്‍ വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം സ്ഥലമാറ്റം ഉണ്ടാകാനാണ് സാധ്യത. ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്നതാണ് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്.

ആര്‍ എന്‍ രവി ബിജെപിയുടെ കുഴലൂത്തുകാരന്‍ എന്നാണ് ഡിഎംകെ ഉന്നതധികാരസമിതി അംഗം, ടി. കെ. എസ്. ഇളങ്കോവന്‍ ആരോപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്‍പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡി.എം. കെ നേതൃത്വം കുറ്റപ്പെടുത്തുകയുണ്ടായി. ‘ചില പ്രത്യേകഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ പുറത്താക്കാന്‍ അധികാരമുണ്ടെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അവകാശപ്പെട്ടിരുന്നത്.

കള്ളപ്പണക്കേസില്‍ പ്രതിയായ സെന്തില്‍ ബാലാജി മന്ത്രിയായി തുടരുന്നത് കേസന്വേഷണത്തെയും നിയമനടപടികളേയും തടസ്സപ്പെടുത്തുമെന്ന കാരണവും ആ കത്തിലുണ്ടായിരുന്നു. എന്നാല്‍, മന്ത്രിയെ പുറത്താക്കിയ നടപടി ദേശീയ തലത്തില്‍ തന്നെ വിവാദമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും തുടര്‍ന്ന് ഗവര്‍ണ്ണര്‍ തന്റെ ഉത്തരവ് പിന്‍വലിക്കുകയുമാണ് ഉണ്ടായത്. തമിഴ്നാട് സര്‍ക്കാറിനും ഡി.എം.കെയ്ക്കും ആവേശം പകര്‍ന്ന പിന്‍മാറ്റമായിരുന്നു ഇത്. വിഷയത്തില്‍ നിയമോപദേശം കൂടി കണക്കിലെടുത്തായിരുന്നു ഗവര്‍ണ്ണറുടെ പിന്‍മാറ്റമെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ വിവാദം ഡിഎംകെയ്ക്ക് രാഷ്ട്രീയ നേട്ടമാകുമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കരുതുന്നത്.

ഇ.ഡി കേസില്‍ പ്രതിയായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കില്ലെന്ന് ഗവര്‍ണറോട് സ്റ്റാലിന്‍ കടുപ്പിച്ചതാണ് ഗവര്‍ണ്ണറെ ചൊടിപ്പിച്ചിരുന്നത്. ഗവര്‍ണറുടെ അധികാരത്തിന്റെ പരിധികള്‍ അടക്കം ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. സ്റ്റാലിനു പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോയും ശക്തമായി രംഗത്തു വന്നിരുന്നു. ഗവര്‍ണ്ണറെ പുറത്താക്കണമെന്നാണ് സി.പി.എം. ആവശ്യപ്പെട്ടിരുന്നത്. ഗവര്‍ണ്ണറുടെ നടപടിയെ കോണ്‍ഗ്രസും അപലപിക്കുകയുണ്ടായി. ഇതിനു ശേഷമാണ് മന്ത്രിയെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ച ഉത്തരവ് പുറത്തു വന്നിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് പിന്‍മാറ്റമെന്ന കാര്യം ഗവര്‍ണറും സമ്മതിച്ചിട്ടുണ്ട്.

 

അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടുന്നതാകും ഉചിതമെന്നാണ് അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നത്. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ഗവര്‍ണ്ണറെ അമിത് ഷാ അറിയിച്ചിരിക്കുന്നത്. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം തമിഴ്നാട് വിഷയം കൂടി കത്തിപ്പടരുന്നത് തിരിച്ചടിയായുമെന്ന തിരിച്ചറിവിലായിരുന്നു തന്ത്രപരമായ ഈ പിന്‍മാറ്റം. ഇതോടെ കേന്ദ്ര സര്‍ക്കാറിന് ആശ്വസിക്കാമെങ്കിലും ഗവര്‍ണ്ണറെ കൈവിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ല.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അടുത്ത സുഹൃത്തു കൂടിയാണ് മുന്‍ ഐ.പി.എസ് ഓഫീസര്‍ കൂടിയായ ആര്‍ എന്‍.രവി. ദോവലും മുന്‍ ഐ.പി.എസ് ഓഫീസറാണ്. ഇവര്‍ രണ്ടു പേരും കേരള കേഡര്‍ ഐ.പി.എസ് ഉദ്ദ്യോഗസ്ഥര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. തമിഴ്നാട്ടില്‍ നിന്നും ആര്‍.എന്‍.രവിയെ മാറ്റുകയാണെങ്കില്‍ കേരളത്തിലേക്ക് പരിഗണിക്കണമെന്ന താല്‍പ്പര്യം ദോവലിനും ഉണ്ടെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍, ആരിഫ് മുഹമ്മദ് ഖാനെ മറ്റേതെങ്കിലും സംസ്ഥാനത്തേയ്ക്കു പരിഗണിച്ചേക്കും. മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിലുളള ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെയും വലിയ സംസ്ഥാനങ്ങളില്‍ നിയമിക്കാന്‍ സാധ്യതയുണ്ട്. ക്രൈസ്തവ വിഭാഗത്തെ ബി.ജെ.പിയോടു അടുപ്പിക്കാന്‍ ശ്രീധരന്‍ പിള്ള നടത്തിയ നീക്കമാണ് അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുന്നത്.

നാഗാലാന്റ് ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് ആര്‍.എന്‍.രവിയെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. 1976 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവി ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ ആയിരിക്കെ 2012ലാണു സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നത്. 2014-ല്‍ ജോയിന്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 2018-ല്‍ അജിത് ദോവലിന്റെ കീഴില്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന രവിയെ 2019 ജൂലൈ 2നാണ് നാഗാലാന്‍ഡിന്റെ ഗവര്‍ണറായി നിയമിച്ചിരുന്നത്. അവിടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. നാഗായും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള നാഗാലാന്റ് സമാധാന ഉടമ്പടിയിലും രവിയുടെ കയ്യൊപ്പുണ്ടായിരുന്നു.

കേരളത്തില്‍ ഐ.പി.എസ് ഓഫീസറായിരിക്കെ തന്നെ കര്‍ക്കശക്കാരനായ പൊലീസ് ഓഫീസറായാണ് ആര്‍.എന്‍.രവി അറിയപ്പെട്ടിരുന്നത്. വയലാര്‍ രവി ആഭ്യന്തര മന്ത്രിയായിരിക്കെ കണ്ണൂര്‍ എസ്.പി ആയിരുന്നു അദ്ദേഹം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കര്‍ക്കശ നടപടികളുമായാണ് മുന്നോട്ട് പോയിരുന്നത്. അക്കാലത്ത് ആര്‍.എന്‍ രവിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ ആഭ്യന്തര മന്ത്രിയെ വിളിക്കുകയുണ്ടായി. ‘മിടുക്കനാണ് എസ്.പി’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ഇക്കാര്യം ഏറെ കാലത്തിനു ശേഷം ഒരു ചാനല്‍ ചര്‍ച്ചയില്‍ വയലാര്‍ രവി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്‍.ഡി.എ ഭരണകാലത്താണ് ദോവലിന് നിര്‍ണ്ണായക പദവി ലഭിച്ചതെങ്കില്‍ ആര്‍.എന്‍ രവിയെ യു.പി.എ സര്‍ക്കാറിന്റെ കാലത്തും സുപ്രധാന പദവികള്‍ തേടി വന്നിട്ടുണ്ട്. ഗവര്‍ണര്‍ പദവിയിലേക്ക് കൂടി ഉയര്‍ത്തുക വഴി മോദി സര്‍ക്കാര്‍ വലിയ സന്ദേശമാണ് ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്. കിരണ്‍ ബേദിക്കു ശേഷം ഗവര്‍ണര്‍ പദവിയിലെത്തിയ ആര്‍.എന്‍ രവിക്ക് പ്രധാന സംസ്ഥാനമായ തമിഴ്‌നാടിന്റെ ചുമതല നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ അവിടെ നിന്നും അദ്ദേഹത്തെ മാറ്റിയാലും പ്രധാന സംസ്ഥാനങ്ങളില്‍ തന്നെയാണ് പരിഗണിക്കുക. അതാകട്ടെ, വ്യക്തവുമാണ് . . .

 

 

EXPRESS KERALA VIEW

Top