തദ്ദേശ തിരഞ്ഞെടുപ്പിൽ വീണാൽ രണ്ട് പേരുടെയും സ്ഥാനം തെറിക്കും

തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ  എൻ ഉത്തംകുമാർ റെഡ്ഡിയുടെ രാജിയിൽ ഞെട്ടിയത്  കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ  കോൺഗ്രസ്സിൻ്റെ ദയനീയ പരാജയത്തിന് പിന്നാലെയാണ്  ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തംകുമാർ രാജിവച്ചിരിക്കുന്നത്. പി.സി.സി അദ്ധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണെന്നും  അടുത്ത പാർട്ടി അദ്ധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ട്  അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷയ്‌ക്ക് കത്തയച്ചിട്ടുമുണ്ട്.

ലോക്‌സഭാ എം പി കൂടിയായ ഉത്തംകുമാർ  2015ലാണ് തെലങ്കാന പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2018ൽ  തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് പരാജയപ്പെട്ട വേളയിലും അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ഉത്തംകുമാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാനായിരുന്നു ഹൈക്കമാൻഡ് നൽകിയിരുന്ന നിർദേശം. ഇത്തവണ പക്ഷേ രാജിവച്ചാണ് ഹൈക്കമാൻഡിനെയും അദ്ദേഹം ഞെട്ടിച്ചിരിക്കുന്നത്. 150 ഡിവിഷനുകളിലേക്ക് നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായിരിക്കുന്നത്.

കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലും ഉത്തംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് സീറ്റുകൾ തന്നെയാണ് കോൺഗ്രസ് നേടിയിരുന്നത്. അതായത് ഒരിടി പോലും മുന്നോട്ട് പോകാൻ കോൺഗ്രസ്സിന് ഇത്തവണയും കഴിഞ്ഞില്ലന്ന് വ്യക്തം. 55 ഇടത്ത് ടി ആർ എസാണ് വിജയം നേടിയിരിക്കുന്നത്. 48 സീറ്റുകളിൽ വിജയിച്ച ബി ജെ പിയാണ് നിലവിൽ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി. 44 സീറ്റുകളിൽ എ.ഐ.എം.ഐ.എമ്മും വിജയിച്ചിട്ടുണ്ട്.വിദ്വേഷ പ്രസംഗങ്ങളാൽ കളം നിറഞ്ഞ പ്രചരണ രംഗത്ത് ബി.ജെ.പി അമിത് ഷായെയും, യോഗി ആദിത്യനാഥിനെയും, യുവ നേതാവ് തേജസ്വി സൂര്യയെയുമാണ് രംഗത്തിറക്കിയിരുന്നത്. കേന്ദ്ര മന്ത്രിമാരും സജീവമായിരുന്നു.

പാക്കിസ്ഥാനും കശ്മീരും റോഹിൻഗ്യകളും നിറഞ്ഞ പ്രചരണത്തിൽ ഹിന്ദുക്കളുടെ അവകാശത്തെക്കുറിച്ചും, സർജിക്കൽ സ്ട്രൈക്ക്, മുഗൾ ഭരണം, ബിരിയാണി, അയോധ്യ തുടങ്ങിയ കാര്യങ്ങളിലേക്കും ബി.ജെ.പി പ്രചരണം വഴിതിരിച്ചു വിട്ടിരുന്നു. ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് തന്നെ മൻമോഹൻ സിംഗിൻ്റെ യു.പി.എ സർക്കാറാണ്. അന്നു മുതൽ കോൺഗ്രസ്സിൻ്റെ അടിത്തറയാണ് രണ്ട് സംസ്ഥാനത്തും തകർന്ന് തരിപ്പണമായിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തിന് മുന്നിൽ, വാതിൽ കൊട്ടിയടിച്ച സോണിയ ഗാന്ധിക്ക് മുന്നിൽ തെലങ്ക് മണ്ണിലെ വാതിലുകളാണ് ജനങ്ങൾ വീണ്ടും കൊട്ടിയടച്ചിരിക്കുന്നത്.

തെലങ്കാന ഭരണം പിടിച്ചത് ടി.ആർ.എസ് ആണെങ്കിൽ ആന്ധ്ര ഇപ്പോൾ ഭരിക്കുന്നത് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹൻ റെഡ്ഡിയാണ്. മധുരമായ പ്രതികാരമാണ് കോൺഗ്രസ്സിനോട് ജഗൻ മോഹൻ ചെയ്തിരിക്കുന്നത്. കോൺഗ്രസ്സ് ഹൈക്കമാൻ്റിൻ്റെ തല തിരിഞ്ഞ നയമാണ് ആന്ധ്രയിൽ കോൺഗ്രസ്സിൻ്റെ അഡ്രസില്ലാതെയാക്കിയിരിക്കുന്നത്.തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്സിൻ്റെ ദയനീയ പരാജയം പി.സി.സി അധ്യക്ഷൻ്റെ രാജിയോടെ ദേശീയ തലത്തിൽ തന്നെ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.കേരളത്തിലും ഇത് പ്രകടമാണ്. മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും ചങ്കിടിപ്പിക്കുന്ന തീരുമാനം കൂടിയാണ് ഉത്തംകുമാർ കൈകൊണ്ടിരിക്കുന്നത്.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയ സീറ്റുകളെങ്കിലും നേടാനായില്ലങ്കിൽ ഇനി മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവയ്ക്കേണ്ടി വരും. രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനവും അത്തരമൊരു സാഹചര്യത്തിൽ ചോദ്യം ചെയ്യപ്പെടും. ആന്ധ്ര മോഡലായിരിക്കും പാർട്ടിയിലെ എതിരാളികളും ചൂണ്ടിക്കാട്ടുക. വലിയ വെല്ലുവിളിയാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും നേരിടുന്നത്. ഇവിടെ വീണാൽ നിയമസഭ തിരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ച് ശരിക്കും അഗ്നി പരീക്ഷണമാകും. പിണറായി സർക്കാറിനെതിരെ ബി.ജെ.പി കൂടി സഹായിച്ച് നിരവധി വിവാദങ്ങൾ ഉയർത്തികൊണ്ടുവന്നിട്ടും നേട്ടമുണ്ടാക്കാൻ സാധിച്ചില്ലങ്കിൽ യു.ഡി.എഫ് ഘടക കക്ഷികൾക്കും ആത്മവിശ്വാസം നഷ്ടപ്പെടും. ബി.ജെ.പിക്കും മികച്ച പ്രകടനം അനിവാര്യമാണ്.നിലവിലെ അവസ്ഥയെങ്കിലും നിലനിർത്താൻ കഴിഞ്ഞില്ലങ്കിൽ ബി.ജെ.പിയിലും കലാപക്കൊടി ഉയരും. ഇപ്പോൾ തന്നെ കെ.സുരേന്ദ്രനെതിരെ ഒരു വിഭാഗം അവസരം നോക്കി നിൽക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടതുപക്ഷത്തിന് ഒപ്പം എത്തുന്നില്ലന്ന വിമർശനം യു.ഡി.എഫിൽ മാത്രമല്ല ബി.ജെ.പിയിലും ശക്തമാണ്. പ്രചരണ രംഗത്ത് ഇടതുപക്ഷം ഏറെ മുന്നിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം എല്ലാ വാർഡ്‌ കേന്ദ്രങ്ങളിലും വെബ്‌ റാലി  സംഘടിപ്പിച്ചതും ചുവപ്പിൻ്റെ വേറിട്ട പ്രചരണ രീതിയാണ്. ഇതു വഴി 50 ലക്ഷം പേരെ കർമ്മനിരതരാക്കാൻ പറ്റുമെന്നതാണ് ഇടതുപക്ഷത്തിൻ്റെ കണക്ക് കൂട്ടൽ. കോവിഡ്‌ സാഹചര്യത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്തതിനാലാണ്‌ വെബ്‌ റാലി‌യിലേക്ക് ഇടതുപക്ഷം മാറി ചിന്തിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഓൺലൈൻ വഴിയാണ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇടതു നേതാക്കളുടെ പ്രസംഗങ്ങൾ എല്ലാ വാർഡു കേന്ദ്രങ്ങളിലും  തൽസമയം ബിഗ്‌സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന പ്രചരണ രീതി ഇതിനകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ പോളിങ് കുറഞ്ഞാൽ അതും ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അവസാനത്തെ പാർട്ടി വോട്ടും ചെയ്യിപ്പിക്കുക എന്നതാണ് സി.പി.എം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിഞ്ഞാൽ നിയമസഭ തിരഞ്ഞെടുപ്പിൽ അനായാസമായി തുടർ ഭരണം സാധ്യമാകുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. ആരോപണങ്ങളും വികസനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കാൻ പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി തുറന്ന് പറഞ്ഞതും ബോധപൂർവ്വമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ പുതിയ ‘ഒരായുധവും’ പ്രതിപക്ഷത്തിൻ്റെ കയ്യിലുണ്ടാവില്ലന്ന തിരിച്ചറിവിൽ കൂടിയാണ് ഈ പ്രതികരണം.

Top