ആ ദിനം ഞങ്ങളുടെതല്ല, ഇനിയും വരും ഞങ്ങളുടെ ദിനങ്ങള്‍; മനസ് തുറന്ന് കൗമാരതാരം

ഛണ്ഡിഗഡ്: ഇക്കഴിഞ്ഞ വനിത ടി20 ഫൈനലില്‍ ആതിഥേയരായ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ച ഇന്ത്യന്‍ കൗമാരതാരം ഷെഫാലി വര്‍മ മത്സരത്തെക്കുറിച്ച് മനസ് തുറക്കുന്നു. 32.60 ശരാശരിയില്‍ 163 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. എന്നാല്‍ ഫൈനലില്‍ താരം നിരാശപ്പെടുത്തിയിരുന്നു.

ആ ദിവസം ഞങ്ങളുടേതായിരുന്നില്ല. ഒരു മത്സരത്തില്‍ ജയവും തോല്‍വിയുമുണ്ടാവും. ഞങ്ങള്‍ക്ക് വീണ്ടും അവസരങ്ങള്‍ വരും. സംഭവിച്ചുപോയത് ഒരിക്കലും മാറ്റാന്‍ കഴിയില്ല. ക്രീസിലിറങ്ങി കഴിയാവുന്ന അത്രേം റണ്‍സ് കണ്ടെത്താനായിരുന്നു എന്നോട് നിര്‍ദേശിച്ചത്. എന്നെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് തോന്നുന്നതെന്ന് ഷെഫാലി മനസ് തുറക്കുന്നു.

ക്രിക്കറ്റ് ലോകം പ്രകടനത്തെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ലോകകപ്പ് കൂടി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് വലിയ കാര്യമായേനെ. ഫിറ്റ്നെസ് നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പുറത്തുപോവാന്‍ കഴിയില്ല. എങ്കിലും ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്ന ഷെഫാലി കൂട്ടിച്ചേര്‍ത്തു.

Top