മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാൻ ഗതാഗത – തുറമുഖ മന്ത്രിമാർ ശ്രമിച്ചാൽ അവരെ ഇടതുപക്ഷം പുറത്താക്കണം

റ്റ അംഗങ്ങളുള്ള ഘടക കക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രി സ്ഥാനം നൽകാനുള്ള ഒരു ധാരണ ഇടതുപക്ഷം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് പാലിക്കപ്പെടണം. ഘടക കക്ഷികളോട് അവരുടെ ശക്തി നോക്കാതെ വലിയ വിട്ടുവീഴ്ച ചെയ്ത പാർട്ടിയാണ് സി.പി.എം. അതു കൊണ്ടാണ് പല ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനവും ലഭിച്ചിരിക്കുന്നത്. എന്നാൽ ഇങ്ങനെ മന്ത്രി സ്ഥാനം ലഭിച്ച ചിലർ അവർക്ക് ധാരണ പ്രകാരം അനുവദിക്കപ്പെട്ട കാലാവിധി കഴിഞ്ഞും മന്ത്രിസ്ഥാനത്ത് തുടരാനാണ് അണിയറയിൽ ശ്രമിക്കുന്നത്. ഇത് ഇടതുപക്ഷത്തെ പോലെ കെട്ടുറപ്പുള്ള ഒരു മുന്നണി സംവിധാനത്തിന് നിരക്കാത്ത ഏർപ്പാടാണ്. അതെന്തായാലും ചൂണ്ടിക്കാട്ടാതെ വയ്യ.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനും പകരം യഥാക്രമം കെ.ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇനി മന്ത്രിമാരാകാനുള്ളത്. ആദ്യ ഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന്റെ എം.എൽ.എ ആയ ആന്റണി രാജുവിനും കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച ഐ.എൻ.എല്ലിന്റെ എം.എൽ.എ അഹമ്മദ് ദേവർകോവിലിനും മന്ത്രി സ്ഥാനം നൽകാൻ കോടിയേരി ബാലകൃഷൺ സി.പി.എം. സെക്രട്ടറിയായിരിക്കെയാണ് തീരുമാനമെടുത്തിരുന്നത് എന്നാണ് സി.പി.എം നേതാക്കൾ നൽകുന്ന വിവരം.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള പ്രധാന ഇടതുപക്ഷ നേതാക്കളുമായി ആലോചിച്ച് മുന്നോട്ടു വച്ച നിർദ്ദേശം മറ്റു ഘടകകക്ഷികളും അംഗീകരിക്കുകയാണ് ഉണ്ടായത്. മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കാൻ പോകുന്ന ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും മികച്ച മന്ത്രിമാരെന്ന് പേരെടുത്തവരല്ല എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇവർക്കൊക്കെ എന്തിനാണ് മന്ത്രിസ്ഥാനം നൽകിയതെന്ന വലിയ ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്. “മുന്നണിയാകുമ്പോൾ വിട്ടുവീഴ്ച വേണ്ടി വരുമെന്ന” പഴയ വിശദീകരണമെന്നും പുതിയ കാലത്ത് ഏൽക്കണമെന്നില്ലെന്നതും സി.പി.എം നേതൃത്വം തിരിച്ചറിയണം.

തിരുവനന്തപുരത്ത് നിന്നും വി.എസ് ശിവകുമാറിനെ അട്ടിമറിച്ച് ആന്റണി രാജുവിന് വിജയിക്കാൻ കഴിഞ്ഞതും അഹമ്മദ് ദേവർ കോവിലിന് കോഴിക്കോട് സൗത്തിൽ നിന്നും നൂർബിന റഷീദിനെ അട്ടിമറിക്കാൻ കഴിഞ്ഞതും ഇവരുടെയോ അവർ പ്രതിനിധീകരിക്കുന്ന പാർട്ടികളുടേയോ മിടുക്കു കൊണ്ടു മാത്രമല്ലല്ലന്നതും ഓർത്തു കൊളണം. സി.പി.എമ്മിന്റെ ജനകീയ അടിത്തറയും പ്രവർത്തകരുടെ മിന്നും പ്രവർത്തനങ്ങളുമാണ് വിജയത്തിൽ നിർണ്ണായകമായിരിക്കുന്നത്. കണ്ണൂരിൽ നിന്നും കടന്നപ്പള്ളിക്ക് ജയിക്കാൻ കഴിഞ്ഞതിനു പിന്നിലും പത്തനാപുരത്ത് കെ.ബി ഗണേഷ്കുമാറിന്റെ വിജയം ഉറപ്പു വരുത്തിയതിനു പിന്നിലുമെല്ലാം സി.പി.എമ്മിന്റെ കരുത്താണ് ഉള്ളത്.

ജെ.ഡി.എസ്, കോൺഗ്രസ്സ് എസ്, എൽ.ജെ.ഡി ഘടകകക്ഷികൾക്കും നിയമസഭ കാണാനും മന്ത്രിസ്ഥാനം അലങ്കരിക്കാനും സാധിക്കുന്നതും ആ കരുത്ത് കൊണ്ടു തന്നെയാണ്. ആർക്കും തന്നെ നിഷേധിക്കാൻ പറ്റിത്ത യാഥാർത്ഥ്യമാണിത്. യു.ഡി.എഫിലെ പോലെ ശക്തമായ ജനകീയ അടിത്തറയും പ്രവർത്തകരുമുള്ള ഘടക കക്ഷികളല്ല സി.പി.എമ്മിനുള്ളത്. കോൺഗ്രസ്സിനെപ്പോലെ തന്നെ അതല്ലങ്കിൽ അവർക്കൊപ്പം കട്ടക്ക് നിൽക്കാനുള്ള ശേഷി മുസ്ലിം ലീഗിനുണ്ട്. എന്നാൽ ഇടതുപക്ഷത്തെ സ്ഥിതി അതല്ല.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.എം തന്നെയാണ് ഇടതുപക്ഷത്തിന്റെ ജീവവായു. രണ്ടാമത്തെ ഘടക കക്ഷിയായ സി.പി.ഐക്ക് ചില ജില്ലകളിൽ സ്വാധീനമുണ്ടെങ്കിലും അതൊരിക്കലും ലീഗിന്റെ ശക്തിയുമായി താരതമ്യം ചെയ്യാൻ പറ്റുന്നതല്ല. കോൺഗ്രസ്സ് ഇല്ലങ്കിലും നിരവധി സീറ്റുകളിൽ വിജയിക്കാൻ ലീഗിനു കഴിയും. എന്നാൽ സി.പി.എം ഇല്ലാതെ ഒറ്റയ്ക്ക് ഒരു നിയമസഭാ സീറ്റിൽ വിജയിക്കാനുള്ള കരുത്തൊന്നും ഇപ്പോഴും സി.പി.ഐക്കില്ല.

അതേസമയം കമ്യൂണിസ്റ്റു പാർട്ടിയാണ് എന്ന വലിയ പരിഗണനയിൽ സ്ഥാനമാനങ്ങൾ വാരിക്കോരിയാണ് സി.പി.ഐക്ക് സി.പി.എം. വിട്ടു കൊടുത്തിരിക്കുന്നത്. ഇക്കാര്യങ്ങളിൽ എല്ലാം സി.പി.എം പ്രവർത്തകർക്ക് കടുത്ത അതൃപ്തി ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കുക എന്ന ബോധത്താൽ വർഷങ്ങളായി അവർ അടങ്ങിയിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ സി.പി.എം നേതൃത്വം മനസ്സിലാക്കേണ്ട ഒരു കാര്യം അർഹതയ്ക്ക് അനുസരിച്ച പരിഗണന മാത്രം ഘടകകക്ഷികൾക്ക് നൽകുക എന്നതാണ്.

ഒരുപാട് ഘടകകക്ഷികൾ മുന്നണിയിൽ ഉണ്ടായതു കൊണ്ട് ഒരു കാര്യവുമില്ല. അവർക്ക് എത്രമാത്രം ജനസ്വാധീനം ഉണ്ട് എന്നതിലാണ് കാര്യം. സി.പി.എം ജയിപ്പിക്കുമെങ്കിൽ പുതിയ പാർട്ടിയുണ്ടാക്കി ഇനിയും ഇടതുപക്ഷത്തേക്കു വരാൻ പല വലതുപക്ഷ നേതാക്കളും തയ്യാറാകും ഇത്തരം അവസരവാദ രാഷ്ട്രീയത്തെ സ്ഥാനമാനങ്ങൾ നൽകി കമ്യൂണിസ്റ്റു പാർട്ടികൾ ഒരു കാരണവശാലും പോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. രാഷ്ട്രീയ കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് സി.പി.എം സ്വീകരിച്ച ഏറ്റവും തന്ത്രപരമായ നീക്കമായിരുന്നു കേരള കോൺഗ്രസ്സിനെ മുന്നണിയിലേക്ക് കൊണ്ടുവരിക എന്നത്. സി.പി.എം കൂടി കൈവിട്ടിരുന്നു എങ്കിൽ ജോസ് കെ മാണി വിഭാഗം തകർന്നു പോകുമായിരുന്ന അവസ്ഥയിൽ നൽകിയ ആ രാഷ്ട്രീയ അഭയം വലിയ ഗുണമാണ് ജോസ് കെ മാണിയുടെ പാർട്ടിക്കും ഇടതുപക്ഷത്തിനും ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ക്രൈസ്തവ മേഖലയിൽ ഇടതുപക്ഷത്തിന്റെ കരുത്ത് വർദ്ധിക്കാനും ഈ സംഭവം കാരണമായിട്ടുണ്ട്.

ഇപ്പോൾ സി.പി.എമ്മും സി.പി.ഐയും കേരള കോൺഗ്രസ്സും ഉൾപ്പെട്ട ഇടതുപക്ഷം ശക്തമായ നിലയിൽ തന്നെയാണുള്ളത്. ചെറിയവനെന്നോ വലിയവനെന്നോ ഭേദമില്ലാതെ മന്ത്രി പദവികളും നൽകി തുടങ്ങിയ സ്ഥിതിക്ക് രണ്ടര വർഷ കാലാവധിയിലും രാഷ്ട്രീയ മര്യാദ കാണിക്കാൻ ഇടതുപക്ഷ നേതാക്കൾ തയ്യാറാകണം. ഇനി ഏതെങ്കിലും ഘടക കക്ഷി മന്ത്രിക്ക് മാറാൻ ബുദ്ധിമുട്ട് പറയുകയാണെങ്കിൽ ആ നിമിഷം തന്നെ പുറത്താക്കാനും തയ്യാറാകണം. അതല്ലങ്കിൽ ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടുക.

EXPRESS KERALA VIEW

Top