സ്വപ്‌നയുടെ മൊഴി വ്യാജമെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി സ്വീകരിക്കുന്നില്ല – വി.ഡി സതീശന്‍

കൊച്ചി: സ്വപ്‌ന സുരേഷിൻറെ ആരോപണങ്ങള്‍ നുണയാണെങ്കില്‍ അതിനെ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴിയിലൂടെ നേരിടാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ മൊഴിനല്‍കിയ ആളിന് ശിക്ഷ ലഭിക്കും. അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്‍കിയ അതേ കോടതിയെ മുഖ്യമന്ത്രിയ്ക്കും സമീപിക്കാം.

രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം നടത്തിയാൽ അത് അന്വേഷിക്കാന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കാം. അതിലും സ്വപ്നക്ക് ശിക്ഷ ലഭിക്കും. സ്വപ്നയെ ശിക്ഷിക്കാന്‍ കഴിയുന്ന നിയമപരമായ ഈ വഴികള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് സ്വീകരിക്കാത്തതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഇതിനു പകരം ഐപിസി 153 ചുമത്തി സ്വപ്‌നക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. കലക്‌ട്രേറ്റുകളിലേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍, കോട്ടയം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.

Top