ജിനേഷ് ആരോപിക്കുന്ന പ്രശ്‌നം നടന്നെങ്കില്‍ ആ ചാനല്‍ എനിക്കെതിരെ കേസ് എടുക്കില്ലേ; ബിനു അടിമാലി

കൊച്ചി: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫര്‍ ജിനേഷ് നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് താരം രംഗത്ത്. ജിനേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും അത് കേട്ട് തനിക്ക് വിശ്വാസിക്കാനായില്ലെന്നും ബിനു പറഞ്ഞു. അത്രയും വലിയ പ്രശ്‌നം നടന്നെങ്കില്‍ അവര്‍ എനിക്കെതിരെ കേസ് എടുക്കില്ലേ, എന്തുകൊണ്ട് അത് ചെയ്തില്ല എന്നും ബിനു ഒരു അഭിമുഖത്തില്‍ ചോദിച്ചു.

ലൊക്കേഷനില്‍ വിളിച്ചു വരുത്തി ജിനേഷിനെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറ തകര്‍ത്തെന്നുമാണ് ജിനേഷ് വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഒരു ചാനല്‍ പരിപാടിക്കിടെ ഒരാളെ ഇടിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ചയാളെ ആ ചാനല്‍ പിന്നെ ഒരു പരിപാടിക്ക് എടുക്കുമോ കഴിഞ്ഞ ദിവസം കൂടി ചാനലില്‍ പരിപാടി ഞാന്‍ ചെയ്തു. ജിനേഷ് ആരോപിക്കുന്ന പ്രശ്‌നം നടന്നെങ്കില്‍ ആ ചാനല്‍ എനിക്കെതിരെ കേസ് എടുക്കില്ലേ എന്നും ബിനു അടിമാലി ചോദിച്ചു. ക്യാമറ തല്ലിതകര്‍ത്തതിന്റെ ഒന്‍പത് ലക്ഷം രൂപ കൊടുക്കണമെന്നാണ് ജിനേഷ് പറയുന്നത്. ഇതുപോലൊരു ക്യാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ പരിപാടി ചെയ്യുന്നത്. അതില്‍ തൊട്ട് വണങ്ങിയാണ് ഞാന്‍ തുടങ്ങുന്നത്. അതെന്റെ അന്നമാണ്. അങ്ങനെയുള്ളപ്പോള്‍ ക്യാമറ തല്ലിതകര്‍ക്കണമെങ്കില്‍ ഞാന്‍ വല്ല സൈക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാന്‍ വേണ്ടി പറയുന്നതാണ്’, ബിനു അടിമാലി പറഞ്ഞു.

ബിനു അടിമാലിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തിരുന്നത് ജിനേഷാണ്. ചില പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കുണ്ടാവുകയും പിന്നീട് താന്‍ പേജ് ഹാക്ക് ചെയ്‌തെന്ന് കാണിച്ച് ബിനു പൊലീസില്‍ പരാതിപ്പെട്ടെന്നുമാണ് ജിനേഷ് യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്. മൂന്ന് വര്‍ഷത്തോളം ബിനു അടിമാലിയുടെ സോഷ്യല്‍മീഡിയ ഹാന്‍ഡില്‍ ചെയ്തത് താനാണ്. അദ്ദേഹവുമായി പിണക്കമുണ്ടായപ്പോള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് താന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് ബിനു അടിമാലി പൊലീസില്‍ പരാതിപ്പെട്ടു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണില്‍ നിന്നും തെറ്റായ പാസ്വേഡ് നല്‍കി പലതവണ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് താന്‍ ആണെന്ന് ആരോപിച്ച്, ആ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ജിനേഷ് പറഞ്ഞത്.

Top