തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തിയാല്‍ തനിച്ച് വന്ന് വേദിയിലിരിക്കും; മിസോറം മുഖ്യമന്ത്രി

ഐസ്വാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയാല്‍ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ഈ മാസം 30 നാണ് മോദി മിസോറമിലെത്തുന്നത്. എന്നാല്‍ പ്രചാരണത്തിന് പ്രധാനമന്ത്രി എത്തിയാല്‍ തനിച്ച് വന്ന് വേദിയിലിരിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മിസോറമിലെ ജനങ്ങള്‍ ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്ത്തികള്‍ അവിടത്തെ നൂറുകണക്കിന് ചര്‍ച്ചുകള്‍ക്കാണ് തീയിട്ടത്. മിസോറമിലെ ജനത ഇത്തരം നടപടിക്ക് എതിരാണ്. ഈ സമയത്ത് ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്നത് എന്റെ പാര്‍ട്ടിയുടെ പ്രതിഛായയെയാണ് ബാധിക്കുക എന്നും സോറംതംഗ പറഞ്ഞു.

ബി.ജെ.പി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലെയും എന്‍.ഡി.എയിലും ഘടക കക്ഷിയാണ് സോറംതംഗയുടെ എം.എന്‍.എഫ്. എന്നാല്‍ മിസോറമില്‍ പാര്‍ട്ടി ബി.ജെ.പിയുമായി സഹകരിക്കുന്നില്ല. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനാലാണ് എന്‍.ഡി.എയും എല്‍.ഇ.ഡി.എയുമായി സഖ്യം ചേര്‍ന്നതെന്നും പ്രതിപക്ഷത്തിന്റെ ഇന്ത്യസഖ്യത്തില്‍ ചേരില്ലെന്നും മിസോറം മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ മുന്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികളെ സഹായിക്കുകയും സ്വാതന്ത്ര്യം നേടുന്നതിന് അവര്‍ക്ക് ആയുധം നല്‍കുകയും ചെയ്തു. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഞങ്ങള്‍ ആയുധം നല്‍കുന്നില്ല, എന്നാല്‍ മാനുഷിക കാരണങ്ങളാല്‍ ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Top