നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്ക്കാരം രാഷ്ട്രപതി നൽകിയാൽ, അതും ‘ചരിത്രം’

ന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സ്ഥാനമേറ്റിരിക്കുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ മുർമു രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതി കൂടിയാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്നും ഒരാൾ അതും ഒരു വനിത രാജ്യത്തെ പരമോന്നത ബഹുമതിയിൽ എത്തുക എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് കൂടി ബോധ്യപ്പെടുത്തുന്നതാണ്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന കൗതുകകരമായ ഒരു ചർച്ചയും ശ്രദ്ധേയമാണ്. അത് മറ്റൊന്നുമല്ല. നമ്മുടെ നഞ്ചിയമ്മയെ ചൊല്ലി തന്നെയാണ്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരമാണ് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ കരസ്ഥമാക്കിയിരിക്കുന്നത്. ഇതും ഒരു ചരിത്ര സംഭവം തന്നെയാണ്. രാജ്യത്ത് ആദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നും ഒരാൾ ഇത്തരമൊരു ബഹുമതി നേടുന്നത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരം മുൻപ് നൽകിയിരുന്നത് രാഷ്ട്രപതി ആയിരുന്നെങ്കിലും അത് ഇപ്പോൾ നൽകി വരുന്നത് ഉപരാഷ്ട്രപതിയാണ്. രാഷ്ട്രപതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്തരമൊരു മാറ്റം വരുത്തിയിരുന്നത്. ഈ നിലപാട് പുതിയ രാഷ്ട്രപതി തിരുത്തുമോ എന്നതാണ് ചലച്ചിത്ര ലോകമിപ്പോൾ ഉറ്റു നോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അതും ഒരു ചരിത്രമാകും. ആദിവാസിയായ നഞ്ചിയമ്മയ്ക്ക് അതേ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു പുരസ്ക്കാരം നൽകുക എന്നത് വലിയ ഒരു അനുഭവമായിരിക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നഞ്ചിയമ്മ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

അട്ടപ്പാടിയിലെ ഊരിൽ നിന്ന്‌ നഞ്ചിയമ്മ പാടിയ പാട്ട്‌ ചുരമിറങ്ങി ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിലാണ് എത്തിയിരിക്കുന്നത്. എഴുത്തുകാരൻ അരുൺ എം സുനിൽ ചൂണ്ടിക്കാട്ടിയതുപോലെ ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഉള്ളിൽനിന്നാണ്‌ ആ പാട്ട്‌ യാത്ര തുടങ്ങി പുരസ്ക്കാര നിറവിൽ എത്തി നിൽക്കുന്നത്. ആദിവാസി ഭാഷയും വേഷങ്ങളുമായി അട്ടപ്പാടിയുടെ ഹൃദയത്തിൽ നിന്നിറങ്ങിയ ആ പാട്ടിനൊപ്പം താളമിട്ട്‌ സഞ്ചരിക്കുകയാണ്‌ ഇന്നും മലയാളികൾ. ദേശീയ പുരസ്ക്കാരം ലഭിച്ചതോടെ അതിപ്പോൾ സംസ്ഥാനത്തിന്റെ അതിർത്തിയും കടന്നിരിക്കുകയാണ്.

കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട്‌ കേട്ടാണ്‌ നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക്‌ പിച്ച വച്ചിരുന്നത്‌. അട്ടപ്പാടി വയലേലകളിലെ കമ്പളവും കൊയ്‌ത്തുംമുതൽ വിവാഹവും മരണവും പോലുള്ള ചടങ്ങുകളിൽവരെ അവർ പാട്ടു പാടി നൃത്തം ചെയ്‌തു. കാട്ടിലെ കാറ്റും കാട്ടാറിന്റെ ഈണവും പെറയും ദവിലും മുളങ്കുഴലുമടക്കമുള്ള പാട്ടുവാദ്യങ്ങളുമെല്ലാം ആ പാട്ടുകൾക്ക് കൂട്ടായിവരികയാണ് ഉണ്ടായത്. ആട്‌ മേച്ചും കൃഷി ചെയ്‌തും കൂലിപ്പണിയെടുത്തുമാണ്‌ നഞ്ചിയമ്മ ഉപജീവനം കണ്ടെത്തുന്നത്‌. എവിടെയും കാശിനുവേണ്ടി അവർ പാടിയിട്ടില്ല. മനസ്സിൽ തോന്നിയതെല്ലാം പിന്നീട് പാട്ടായി മാറുകയാണുണ്ടായത്.

കാട്ടിലും മേട്ടിലുമെല്ലാം ഒറ്റയ്‌ക്ക് ജോലി ചെയ്യുമ്പോൾ മനസ്സിൽ കോറിയിട്ട വരികൾക്ക് ഈണമിട്ട് ഉറക്കെപ്പാടുന്നതാണ് പതിവ്. പിന്നെയത്‌ ഹൃദിസ്ഥമാക്കും. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനവും അതുപോലെ നഞ്ചിയമ്മയുടെ മനസ്സിൽ തോന്നിയ പാട്ടാണ്. ഇവയൊന്നും എഴുതി സൂക്ഷിക്കുന്നതിനുള്ള പഠിപ്പും അക്ഷരാഭ്യാസവുമൊന്നും അവർക്കില്ല. ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിലുള്ള ഈ ഈണങ്ങൾ മലയാളത്തിലോ തമിഴിലോ മറ്റേതൊരു ഭാഷയിലോ എഴുതിയാൽ വാമൊഴിയായി കിട്ടിയ പാട്ടിന്റെ ചന്തം പോകുമെന്നാന്നാണ് നഞ്ചിയമ്മ ചൂണ്ടിക്കാട്ടുന്നത്. ഇതൊന്നും തന്നെ നഞ്ചിയമ്മക്ക് ലഭിച്ച പുരസ്ക്കാരത്തെ എതിർക്കുന്നവർക്ക് മനസ്സിലാകുകയില്ല. അവരെ സംബന്ധിച്ച് പുരസ്ക്കാരങ്ങളെല്ലാം കുത്തക അവകാശങ്ങൾ മാത്രമാണ്. “ലളിതമായത് മോശവും കഠിനമായത് നല്ലതും” എന്ന ഒരു വേർതിരിവ് തന്നെ സംഗീതത്തിൽ സാധ്യമല്ല. നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നു തന്നെയാണ്. ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്കും പാടാൻ കഴിയുകയുമില്ല. അതും ഒരു യാഥാർത്ഥ്യമാണ്.

ഏഴുവർഷം മുമ്പ് ഭർത്താവ് നഞ്ചപ്പനെ നഷ്ടമായതാണ് നഞ്ചിയമ്മയുടെ സ്വകാര്യദുഃഖം. രണ്ടു മക്കളാണ് അവർക്കുള്ളത്. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ അഹാഡ്സിന്റെ വരവോടെയാണ് നഞ്ചിയമ്മയുടെ കഴിവുകൾ പുറംലോകം അറിഞ്ഞത്. 2005ൽ അഹാഡ്സ് ജീവനക്കാരനായ പഴനിസ്വാമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആസാദ് കലാസമിതിയിലൂടെയാണ് കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ നഞ്ചിയമ്മക്ക് പാടാൻ അവസരം ലഭിച്ചിരുന്നത്.

റാസി മുഹമ്മദ് സംവിധാനംചെയ്‌ത 2017ൽ സംസ്ഥാന അവാർഡ് നേടിയ ‘വെളുത്ത രാത്രികൾ’ എന്ന സിനിമയിൽ അവർ അഞ്ച് പാട്ടുകൾ ആലപിച്ചിട്ടുണ്ട്‌. ‘അഗ്ഗെദ് നയാഗ’ എന്ന ഹ്രസ്വ ചിത്രത്തിലും പാടിയിട്ടുണ്ട്. 2009 -ൽ ആദിവാസിപ്പാട്ട് വിഭാഗത്തിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ അവാർഡും നഞ്ചിയമ്മയ്ക്കു ലഭിച്ചിട്ടുണ്ട്. ഇതൊക്കെ മുൻപ് ലഭിച്ചെങ്കിലും നഞ്ചിയമ്മയെ സൂപ്പർ ഹീറോ ആക്കിയതും ദേശീയ പുരസ്ക്കാരം ലഭ്യമാക്കിയതും അയ്യപ്പനും കോശിയുമാണ്. അന്തരിച്ച സംവിധായകൻ സച്ചിയാണ് പുരസ്ക്കാരത്തിന്റെ കൊടുമുടിയിൽ നഞ്ചിയമ്മയെ എത്തിച്ചിരിക്കുന്നത്. സച്ചി ഇല്ലാത്ത ലോകത്ത് നിന്നും പുരസ്ക്കാരം വാങ്ങേണ്ടി വരുന്നതാണ് നഞ്ചിയമ്മയുടെയും ദുഃഖം. അതും അവർ തുറന്നു പറഞ്ഞു കഴിഞ്ഞു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിനു ശേഷമാണ് ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരാൾ ഇന്ത്യൻ രാഷ്ട്രപതി പദവിയിൽ എത്തിയിരിക്കുന്നത്. അത്രയും കാലം പിന്നിട്ടശേഷമാണ് അതേ വിഭാഗത്തിലെ ഒരു പാട്ടുകാരിക്ക് ദേശീയ പുരസ്ക്കാരവും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നഞ്ചിയമ്മയ്ക്ക് രാഷ്ട്രപതി മുർമ്മു പുരസ്കാരം നൽകുക കൂടി ചെയ്താൽ രാജ്യത്തിൻ്റെ ജനസംഖ്യയിൽ ഒൻപത് ശതമാനം മാത്രം വരുന്ന ഒരു ജനസമൂഹത്തിന് അതും വലിയ ആവേശകരമായാണ് മാറുക. അങ്ങനെ സംഭവിക്കട്ടെ എന്നു തന്നെ നമുക്കും പ്രതീക്ഷിക്കാം….

EXPRESS KERALA VIEW

 

Top