രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പൊലീസും ആയാല്‍, സിസ്റ്റം തന്നെയാണ് തകരുക

ടുത്ത അച്ചടക്കമുള്ള സേനയാണ് പൊലീസ്. ഈ അച്ചടക്കം പാളിയാല്‍ സേനയുടെ മനോവീര്യം തന്നെയാണ് ചോരുക. ഉമേഷ് എന്ന വ്യക്തിക്കുള്ള സ്വാതന്ത്ര്യം ഉമേഷ് എന്ന പൊലീസുകാരനില്ലെന്ന് ആദ്യം മനസ്സിലാക്കണം. ഒരു ആക്ടീവിസ്റ്റിനെ പോലെ ഒരു പൊലീസുകാരനും പെരുമാറാന്‍ പാടില്ല. അതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതും തെറ്റാണ്. പെണ്‍ സുഹൃത്തിന് നഗരത്തില്‍ പൊലീസുകാരന്‍ ഫ്‌ളാറ്റെടുത്ത് നല്‍കിയത് തെറ്റായ കാര്യമല്ല. എന്നാല്‍ ഇടപെടലില്‍ അപാകതയുണ്ടെങ്കില്‍ അതാണ് പരിശോധിക്കപ്പെടേണ്ടത്. ഇക്കാര്യത്തില്‍ പെണ്‍ സുഹൃത്തിനു തന്നെയാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റുക. അവര്‍ക്ക് പരാതിയില്ലെങ്കില്‍ പിന്നെ ആര്‍ക്കെതിരായ നടപടിയും നിലനില്‍ക്കുകയുമില്ല.

കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷിനെ ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത് യുവതിയുടെ അമ്മയുടെ പരാതിയിലാണ്. ഒരു യുവതിയുടെ അമ്മ പരാതി നല്‍കുമ്പോള്‍ അന്വേഷിക്കുക എന്നത് പൊലീസിന്റെ കടമയാണ്. പ്രത്യേകിച്ച് പരാതി പൊലീസുകാരനെതിരെയാകുമ്പോള്‍ ഗൗരവമായി തന്നെ അന്വേഷിക്കേണ്ടതും അനിവാര്യമാണ്. ആരോപണ വിധേയന്‍ യുവതിയെ രക്ഷിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ഫ്‌ലാറ്റില്‍ നിത്യ സന്ദര്‍ശകനാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഒരു യുവതിയെ രക്ഷിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തി എന്ന വാദം തന്നെ നിലനില്‍ക്കുന്നതല്ല.

എന്നാല്‍, ഭാര്യയാണെന്ന് പൊലീസുകാരന്‍ ബ്രോക്കറെ തെറ്റിധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. അതുപോലെ തന്നെ തന്റെ പേര് തെറ്റായി പരാമര്‍ശിക്കപ്പെട്ടതില്‍ യുവതി ഐ.ജിക്ക് നല്‍കിയ പരാതിയും അന്വേഷിക്കേണ്ടതുണ്ട്. ഇവിടെ യുവതി മനസ്സിലാക്കേണ്ട ഒരു കാര്യം സ്വന്തം അമ്മ തന്നെയാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത് എന്നതാണ്. പരാതിയിലെ ആക്ഷേപങ്ങളും ബ്രോക്കറുടെ മൊഴിയും റിപ്പോര്‍ട്ടില്‍ വരിക സ്വാഭാവികമാണ്. എല്ലാ പരാതികളിലും സംഭവിക്കുന്നതും ഇതു തന്നെയാണ്. ഇവിടെ പ്രത്യേക താല്‍പ്പര്യം പൊലീസ് കാണിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് പരിശോധിക്കപ്പെടേണ്ടത്.

മേലുദ്യോഗസ്ഥരോട് കലഹിക്കുന്ന പൊലീസുകാരനായതിനാല്‍ അവസരം കിട്ടിയപ്പോള്‍ അത് കമ്മീഷണര്‍ ഉപയോഗിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. ഏത് പൊലീസുകാരന്‍ സേനയ്ക്ക് ചേരാത്ത പ്രവൃത്തി ചെയ്താലും നടപടി സ്വീകരിക്കാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതിനെല്ലാം തെളിവുകള്‍ ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുവാന്‍ വകുപ്പ് തല അന്വേഷണവും പൂര്‍ത്തിയാകേണ്ടതുണ്ട്.

അന്വേഷണ വിധേയമായാണ് ഇപ്പോള്‍ ഉമേഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മുന്‍പും വിവാദങ്ങളില്‍ ഇടം പിടിച്ച ഒരു പൊലീസുകാരനാണ് ഇദ്ദേഹം. മുന്‍ സിറ്റി പൊലീസ് കമ്മീഷണറായ കാളിരാജ് മഹേഷറിനെതിരെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിന് നേരത്തെ ഉമേഷ് സസ്‌പെന്‍ഷനിലായിട്ടുണ്ട്. ശബരിമല പ്രക്ഷോഭകാലത്തായിരുന്നു ഈ സംഭവം. കാളിരാജിപ്പോള്‍ എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിയാണ്. കോഴിക്കോട് കമ്മീഷണറായി എ.വി.ജോര്‍ജ് ചുമതലയേറ്റ ശേഷം നേരത്തെയും വകുപ്പ് തല നടപടി ഉമഷിനെതിരെ സ്വീകരിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്കിലെ വിമര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു ഇതും.

ഇതിനു തൊട്ടുപിന്നാലെയാണ് യുവതിയുമായി ബന്ധപ്പെട്ട വിഷയത്തിലും ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സസ്‌പെന്‍ഷന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തലവേദനയായിരിക്കുന്നത് സര്‍ക്കാറിനാണ്. ഇതും പൊലീസ് ഭരണത്തിലെ പാളിച്ചയായാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. അതേ സമയം സസ്‌പെന്‍ഷനെ തുടര്‍ന്ന് ഉമേഷ് വീണ്ടും പരസ്യമായി കമ്മീഷണര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എ.വി ജോര്‍ജ് തന്നോട് മുന്‍വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ആരോപണം. ജോലി പോയാലും ഒരാളുടെ മുന്നിലും തല കുനിക്കില്ലെന്നും ഉമേഷ് തുറന്നടിച്ചിട്ടുണ്ട്. ഈ നിലപാടിനെയും കടുത്ത അച്ചടക്ക ലംഘനമായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി കാണുന്നത്. ഈ ആരോപണത്തിലും ഇനി ഉമേഷിന് വകുപ്പ്തല നടപടി നേരിടേണ്ടി വരും.

Top