അഭിപ്രായ സര്‍വ്വേ ഫലം ഫലിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി ഗുരുതരമാകും

ഭിപ്രായ സര്‍വേ ഫലങ്ങളെ പൂര്‍ണ്ണമായും പുച്ഛിച്ചു തള്ളുക എന്നത് പുതിയകാലത്ത് ഒരിക്കലും ശരിയായ നിലപാടല്ല. കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ചതും അത് സംഭവിച്ചതും നാം കണ്ടതാണ്. ഏറെക്കുറേ ഇന്ത്യാ ടുഡേ പ്രവചിച്ച സീറ്റുകളും വോട്ടെണ്ണിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്ത് വന്ന അഭിപ്രായ സര്‍വേകളെയും ഗൗരവമായി തന്നെ നാം കാണേണ്ടതുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി ജെ പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് എബിപി സി വോട്ടര്‍ സര്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടാന്‍ സാദ്ധ്യത കോണ്‍ഗ്രസിനാകുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്ട്.

ആഭ്യന്തര കലഹങ്ങളില്‍ ബുദ്ധിമുട്ടുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയും സര്‍വേ ഫലങ്ങളില്‍ വ്യക്തമാണ്. ഇവിടെ ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും പിന്തള്ളി ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നും തൂക്കുമന്ത്രിസഭയ്ക്കുള്ള സാദ്ധ്യതയും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചാബിനെ കൂടാതെ ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാര്‍ട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും ബിജെപിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളിയായി ഈ പാര്‍ട്ടി വരുമെന്നുമാണ് സര്‍വേയിലെ മറ്റൊരു കണ്ടത്തല്‍.

അതേസമയം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ സംഭവത്തിനു ശേഷം നടത്തിയ സര്‍വേ ആയതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നതും കണ്ടു തന്നെ അറിയേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ടുമാണ് സര്‍വേ അനുസരിച്ച് ലഭിക്കുക. ബിഎസ് പിക്ക് 15 ശതമാനവും കോണ്‍ഗ്രസിന് ആറ് ശതമാനവുമാണ് വോട്ട് വിഹിതം പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 241 മുതല്‍ 249 സീറ്റുകളും സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റുകളുമാണ് ലഭിക്കുക. ബിഎസ്പിക്ക് 15 മുതല്‍ 19 സീറ്റുകളും മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസിനും സര്‍വ്വേ പ്രകാരം പ്രതീക്ഷിക്കാവുന്നതാണ്.

117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയില്‍ 49 മുതല്‍ 55 സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിച്ചിരിക്കുന്നത്. ഭരണപക്ഷമായ കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സര്‍വേയില്‍ ഉത്തരാഖണ്ഡില്‍ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലേറുമെന്നാണ് പ്രവചനം. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് 34 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ മൂന്നാമാതായി എത്തുന്ന ആം ആദ്മി പാര്‍ട്ടി 15 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് വെളിപ്പെടുത്തല്‍. 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് 24 മുതല്‍ 28 സീറ്റുകളാണ് പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മൂന്നു മുതല്‍ ഏഴ് വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ നല്‍കുന്ന സൂചന.

ഈ സര്‍വേയില്‍ പറഞ്ഞത് പ്രകാരം സംഭവിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം ‘ എന്നത് അധികം താമസിയാതെ തന്നെ സംഭവിച്ചിരിക്കും. നേതാക്കളുടെ അധികാര മോഹവും തമ്മിലടിയും അഴിമതിയും എല്ലാം കോണ്‍ഗ്രസ്സിന്റെ സംഘടനാ അടിത്തറയാണ് തകര്‍ത്തിരിക്കുന്നത്. നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സര്‍വേ പ്രകാരം ബി.ജെ.പി കഴിഞ്ഞാല്‍ പിന്നെ നേട്ടമുണ്ടാക്കാന്‍ പോകുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. പഞ്ചാബില്‍ അവര്‍ ഭരണം പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഉത്തരാഖണ്ഡിലും ഗോവയിലും മികച്ച പ്രകടനമാണ് ആം ആദ്മി പാര്‍ട്ടിക്ക് പ്രവചിച്ചിരിക്കുന്നത്. അത് സംഭവിച്ചാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ അരവിന്ദ് കെജരിവാള്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹരിയാനയിലും ഗുജറാത്തിലും ഇപ്പോള്‍ തന്നെ വലിയ ശക്തിയാണ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയിലെ ജനകീയ ഭരണമാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രധാന തുറുപ്പ് ചീട്ട്. ഇത് ചൂണ്ടികാട്ടി തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ ശക്തി വ്യാപിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കിലാണ് ആംആദ്മി പാര്‍ട്ടി വിള്ളലുണ്ടാക്കിയിരിക്കുന്നത്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയില്‍ പോലും കോണ്‍ഗ്രസ്സ് ബിഗ് സീറോയാണ്. ഇവിടെ പ്രതിപക്ഷ ഐക്യം ഉണ്ടായില്ലങ്കില്‍ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം തന്നെയാണ് യു.പിയിലും ബി.ജെ.പി പിന്തുടരുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ഭിന്നിച്ചാണ് ഇപ്പോഴും നില്‍ക്കുന്നത്. കോണ്‍ഗ്രസ്സും ഇവിടെ പരിഗണിക്കപ്പെടാത്ത പാര്‍ട്ടിയാണ്. ജാതി രാഷ്ട്രീയത്തിനും മീതെയാണ് യു.പിയില്‍ ബി.ജെ.പി കളിക്കുന്നത്. കര്‍ഷക പ്രക്ഷോഭവും കര്‍ഷകരെ കൊന്നതും ഒന്നും… അവര്‍ക്ക് ഒരു വിഷയവുമല്ല. ഇത്തവണയും കാവി കാര്‍ഡിറക്കി കളിക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനവും ബി.ജെ.പിയെ സംബന്ധിച്ച് കരുത്ത് തന്നെയാണ്.

എന്നാല്‍ ലഖിംപൂര്‍ സംഭവം നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നത്. പ്രിയങ്കയെ മുന്‍ നിര്‍ത്തി പട നയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഒരു വ്യക്തിയെ മുന്‍ നിര്‍ത്തിയാല്‍ അട്ടിമറി സാധ്യമാകുമെന്ന വികാരമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഇപ്പോഴും നയിക്കുന്നത്. ഇതു തന്നെയാണ് ആ പാര്‍ട്ടിയുടെ ഗതികേടും. സംഘടന ഇല്ലാതെ യു.പി ഭരണം പിടിക്കാമെന്നത് അതിമോഹമാണ്. രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോക്കും മീതെയാണ് ബി.ജെ.പിയുടെ യു.പിയിലെ കരുത്ത്. അത് തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് സ്വീകരിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല. പ്രിയങ്കക്ക് ചുമതലയുള്ള സംസ്ഥാനമായിട്ടും ഒരു മുന്നേറ്റവും കോണ്‍ഗ്രസ്സിന് യു.പിയിലും സാധ്യമായിട്ടില്ല. ചാനലുകള്‍ പിറകെ വരുന്നത് പോലെ ജനങ്ങള്‍ പിന്നാലെ വരില്ലന്നത് ഇനിയെങ്കിലും നെഹറു കുടുംബം തിരിച്ചറിയണം.

യോഗിയെ പ്രതിരോധിക്കണമെങ്കില്‍ സമാജ് വാദി പാര്‍ട്ടിയുടെ സാന്നിധ്യം അനിവാര്യമാണ്. അഖിലേഷ് യാദവും യോഗി ആദിത്യനാഥും തമ്മിലുള്ള പോരാട്ടമാണ് യു.പി യില്‍ ഇനി നടക്കാന്‍ പോകുന്നത്. പ്രിയങ്കകൂടി അവിടെ ലാന്‍ഡ് ചെയ്താല്‍ പ്രതിപക്ഷ വോട്ടുകളാണ് ഭിന്നിക്കുക. ബി.ജെ.പി ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഗോവയിലും ഉത്തരാഖണ്ഡിലും പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതും ബി.ജെ.പിക്കാണ് ഗുണം ചെയ്യാന്‍ പോകുന്നത്. സ്വയം നാശം ചോദിച്ചു വാങ്ങുന്ന കോണ്‍ഗ്രസ്സ് നരേന്ദ്ര മോദിക്ക് യഥാര്‍ത്ഥത്തില്‍ … മൂന്നാം ഊഴമാണ് ഉറപ്പിച്ച് കൊടുക്കുവാന്‍ ശ്രമിക്കുന്നത്. അതിന്റെ വിളംബരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടക്കാന്‍ പോകുന്നത്….

EXPRESS KERALA VIEW

Top