മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ സിലിണ്ടറുകൾക്ക് രണ്ടായിരം രൂപയാകും; മമത ബാനർജി

കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ മോദി സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വന്നാല്‍ ഇന്ത്യയില്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് 2000 രൂപക്ക് മുകളില്‍ ആകുമെന്ന് പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. വ്യാഴാഴ്ച ജാര്‍ഗ്രാം ജില്ലയിലെ പരിപാടിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന.

ആവാസ് യോജന പദ്ധതി പ്രകാരം ഏപ്രില്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ വീടുകളും പണിത് നല്‍കിയില്ലെങ്കില്‍ ബംഗാള്‍ സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും മമത പറഞ്ഞു. കൂടാതെ ബിജെപി സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ പലര്‍ക്കും പണം നല്‍കിയിട്ടില്ല. 59 ലക്ഷം ജനങ്ങളുടെ കുടിശ്ശിക ബംഗാള്‍ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തുവെന്നും മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയും മോദിയും ചേര്‍ന്ന് ജനങ്ങളെ ഗ്യാസ് അടുപ്പ് വിട്ട് പഴയ രീതിയിലെ വിറകടുപ്പിലേക്ക് മാറ്റുമെന്നും മമത പറഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ ബിജെപിയാണ് ജയിക്കുന്നതെങ്കില്‍ അപ്പോള്‍ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില 1500 നിന്ന് 2000 രൂപയിലേയ്ക്ക് കടക്കുമെന്നും മമത പറഞ്ഞു. ഇത് പഴയ രീതിയില്‍ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങള്‍ മാറ്റുമെന്നും മമത കൂട്ടിചേര്‍ത്തു.

Top