കീ കീ ചാലഞ്ചിന് കേരളത്തിലെ നിരത്തില്‍ ഇറങ്ങിയാല്‍ ഇനി പൊലീസിന്റെ പിടിവീഴും

kiki

തിരുവനന്തപുരം: ലോകമെങ്ങും തരംഗമായി പടരുന്ന കീ കീ ചാലഞ്ച് കേരളത്തില്‍ അനുകരിച്ചാല്‍ പൊലീസിന്റ പിടിയിലാകും. അപകടം വിതക്കുന്ന പരിപാടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നത പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്റെ ‘ കീ കീ ഡു യു ലവ് മീ’ എന്ന ഗാനത്തിന് അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കാറിനൊപ്പം ഡാന്‍സ് ചെയ്യുന്നതാണ് ചാലഞ്ച്. ക്വീന്‍ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധയയായ നടി സാനിയ അയ്യപ്പനും ഈ ചാലഞ്ചില്‍ പങ്കെടുത്തതോടെ കൂടുതല്‍ പേര്‍ രംഗത്തു വരുമോ എന്ന ആശങ്ക പൊലീസിനുണ്ട്. അതേ സമയം ഗുജറാത്തില്‍ നിന്നുള്ള മധ്യവയസ്‌കയുടെ കീ കീ ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വഡോദര സ്വദേശിനിയായ റിസ്വാന മിര്‍ ആണ് താരമായത്.

കീ കീ ചാലഞ്ച് അപകടകരമായതിനാല്‍ ഏറ്റെടുക്കുകയോ മറ്റുള്ളവരെ വെല്ലുവിളിക്കുകയോ ചെയ്യരുതെന്ന ഗുജറാത്ത് പൊലീസിന്റെ കര്‍ശന നിര്‍ദേശത്തിനിടയിലാണ് റിസ്വാന ഇത്തരത്തിലൊരു പ്രകടനവുമായെത്തിയതെന്നതും ശ്രദ്ധേയമാണ്. റിസ്വാനയുടെ നൃത്തം പുരോഗമിക്കുന്നതിനിടയില്‍ പിന്നാലെ വരുന്ന വാഹനം ഹോണ്‍ മുഴക്കുന്നുമുണ്ട്. അവരോട് കടന്നുപോകുവാനും റിസ്വാന ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.

ഇതിനോടകം റിസ്വാനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. സംഭവത്തെ കുറിച്ച് വഡോദര പൊലീസ് അന്വേഷണം ആരംഭിച്ചു. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങുകയും നൃത്തം ചവിട്ടുകയും തുടര്‍ന്ന് തിരികെ വാഹനത്തിനുള്ളില്‍ കയറുന്നതുമായ കീ കീ ചാലഞ്ച് ജീവനു തന്നെ അപകടമാണെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

Top