ഗവർണ്ണറുടെ അവകാശവാദം അംഗീകരിച്ചാൽ, കേന്ദ്രത്തിൽ ഭരണം നടത്തേണ്ടത് നരേന്ദ്രമോദിയല്ല !

നീണ്ട ഒരിടവേളയ്ക്കു ശേഷം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്കാണ് കേരളം നീങ്ങി കൊണ്ടിരിക്കുന്നത്. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ ഗവര്‍ണ്ണറുടെ നീക്കം കേന്ദ്ര – സംസ്ഥാന ബന്ധത്തെയാണ് ഉലച്ചിരിക്കുന്നത്. ഇതിന്റെ ക്ലൈമാക്‌സ് എന്താകുമെന്നതാണ് രാജ്യവും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. വിസിമാര്‍ തെറിച്ചാലും ഇല്ലങ്കിലും ഗവര്‍ണ്ണറുടെ ഇടപെടല്‍ ഇതിലൊന്നും അവസാനിക്കാന്‍ പോകുന്നില്ല. അത് ഇനിയും ശക്തമായി തുടരാന്‍ തന്നെയാണ് സാധ്യത. അത്തരം സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആയെന്ന് അഭിമാനം കൊള്ളുന്ന പരിവാറുകാരെ സംബന്ധിച്ച് അതിനേക്കാള്‍ ആവേശം പകരുന്നതാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍. ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ഏറെ ആസ്വദിക്കുന്നതും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണ്.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരവും പുറത്താക്കാനുള്ള അധികാരവും ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്കുണ്ടെന്നത് ആരിഫ് മുഹമ്മദ് ഖാന്റെ മാത്രം വാദമല്ല ബി.ജെ.പിയുടെ കൂടി വാദമാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വത്തോട് ചോദിക്കാനുള്ളത് മറ്റൊരു ചോദ്യമാണ്. ഇവിടെ ഗവര്‍ണ്ണര്‍ പെരുമാറുന്നതു പോലെ രാഷ്ട്രപതി കേന്ദ്ര സര്‍ക്കാറിനോട് പെരുമാറിയാല്‍ എന്താകും രാജ്യത്തിന്റെ അവസ്ഥ? എന്ന ചോദ്യത്തിന് ബി.ജെ.പി നേതൃത്വം മറുപടി പറയേണ്ടതുണ്ട്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി വാദിക്കുന്ന നാവുകള്‍ ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഇതെന്നത് മറന്നു പോകരുത്. കേരളം ഭരിക്കുന്നത് ഏകാധിപതികളല്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ്. അതും ഓര്‍ത്തു കൊള്ളണം. കേരളത്തില്‍ ഗവര്‍ണ്ണര്‍ നടത്തുന്നതു പോലുള്ള ഇടപെടലുകള്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാറിനെതിരെ ഉണ്ടായാല്‍ നിങ്ങളുടെ സമീപനം എന്തായിരിക്കും എന്നതും ഊഹിക്കാവുന്നതേയൊള്ളൂ. രാഷ്ട്രപതി ഇടപെടേണ്ട പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടു പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടും മോദി സര്‍ക്കാറിനെതിരെ ഒരു ചെറുവിരലനക്കാന്‍ രാഷ്ട്രപതി ഭവന്‍ തയ്യാറാകാതിരുന്നതും രാജ്യം മുന്‍പ് കണ്ട കാഴ്ചയാണ്. ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ മറ്റൊരു നയമെന്ന സംഘപരിവാറിന്റെ ഈ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ഭരണം നടത്തേണ്ടത് ജനാധിപത്യ സര്‍ക്കാറുകള്‍ തന്നെയാണ്. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ്സും തയ്യാറാകേണ്ടതുണ്ട്.

രാജ്യത്ത് അന്നും ഇന്നും ഭരണം നിയന്ത്രിക്കുന്നത് ഐ.എ.എസ് – ഐ.പി.എസ് – ഉള്‍പ്പെടെയുള്ള ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥരാണ്. ഏത് സര്‍ക്കാറുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നാലും ഈ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരിലൂടെയാണ് ഭരണം മുന്നോട്ട് പോകുന്നത്. നമ്മുടെ സിസ്റ്റവും ഇത്തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്. നയ രൂപീകരണം, നയം നടപ്പിലാക്കല്‍, പൊതുഭരണം, ഉദ്യോഗസ്ഥ ഭരണ നിര്‍വ്വഹണം,സെക്രട്ടേറിയറ്റ് സഹായം, ക്രമസമാധാന പാലനം, കുറ്റാന്വേഷണം, തുടങ്ങി നിരവധി ചുമതലകളാണ് ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിച്ചു വരുന്നത്. ഒരു സര്‍ക്കാറിന്റെ കാലാവധി 5 വര്‍ഷമാണെങ്കില്‍ ഐ.എ.എസുകാരന്റെയും ഐ.പി.എസുകാരന്റെയും കാലാവധി 35 വര്‍ഷത്തോളമാണ്. പാര്‍ലമെന്ററി ഭരണസംവിധാനം പിന്തുടരുന്ന മറ്റ് രാജ്യങ്ങളിലെപ്പോലെ ഇവിടുത്തെ സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥരും ബ്യൂറോക്രസിയുടെ ഭാഗവും എക്‌സിക്യൂട്ടീവിന്റെ അവിഭാജ്യ ഘടകവുമാണ്. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണല്‍ മന്ത്രാലയത്തിനു കീഴിലാണ് ഈ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണമെങ്കിലും ഐ.എ.എസുകാരുടെയും ഐ.പി.എസുകാരുടെയും ഉള്‍പ്പെടെ നിയമന അധികാരി സാക്ഷാല്‍ രാഷ്ട്രപതി മാത്രമാണ്. ഈ ഉദ്ദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടാനുള്ള അധികാരവും രാഷ്ട്രപതിക്കു തന്നെയാണുള്ളത്.

നമ്മുടെ രാജ്യത്തെ നിയമം നല്‍കുന്ന അധികാരമാണത്. രാജ്യത്ത് ഒരു പ്രതിരോധമന്ത്രി ഉണ്ടെങ്കിലും സര്‍വ്വസൈന്യാധിപന്‍ ഇപ്പോഴും രാഷ്ട്രപതി തന്നെയാണ് എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന എന്ത് നിലപാടും അംഗീകരിക്കാനും തള്ളാനുമുള്ള അധികാരവും രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. എന്തിനേറെ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ച പ്രതിയെ പോലും വെറുതെ വിടാനുള്ള അധികാരവും രാഷ്ട്രപതിക്കു മാത്രമാണ് ഉള്ളത്. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെ തനിക്ക് ഉണ്ടെന്ന് ഗവര്‍ണ്ണര്‍ അവകാശപ്പെടുന്ന അധികാരത്തേക്കാള്‍ വിപുലമായ അധികാരം കയ്യിലുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാറിന് ഒരു പ്രതിസന്ധിയും ഉണ്ടാക്കാതെയാണ് നമ്മുടെ രാഷ്ട്രപതിമാര്‍ പ്രവര്‍ത്തിച്ചു വരുന്നത്. രാഷ്ട്രപതി നിയമിച്ച ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആ ബോധം ശരിക്കും ഉണ്ടാവേണ്ടതുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളില്‍ ആയാലും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകളാണ് ഭരിക്കുന്നത്. അവര്‍ക്ക് ഭരണം നടത്താന്‍ ആവശ്യമായ സഹായമാണ് രാഷ്ട്രപതിയും ഗവര്‍ണ്ണറും നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാറിന് അപ്രീതിയുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും രാഷ്ട്രപതിയില്‍ നിന്നും ഉണ്ടായിട്ടില്ലങ്കിലും ഗവര്‍ണ്ണര്‍മാരുടെ സ്ഥിതി അതല്ല പ്രതിപക്ഷം ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാര്‍ ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന് അവരെ പ്രേരിപ്പിക്കുന്നതാകട്ടെ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലും ഇപ്പോള്‍ നടന്നിരിക്കുന്നത്.

ആര്‍.എസ്.എസ് മേധാവിയെ സന്ദര്‍ശിച്ചതിനു ശേഷമാണ് വര്‍ദ്ധിച്ച പകയോടെ ഗവര്‍ണ്ണര്‍ ഇപ്പോള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കല്‍ മാത്രമല്ല ലക്ഷ്യം. ഇതൊരു തുടക്കം മാത്രമാണ്. അജണ്ട അതിനും അപ്പുറമാണ് എന്നത് വ്യക്തം. സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും പ്രകോപിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുകയും ഒടുവില്‍ സര്‍ക്കാറിനെ തന്നെയും പിരിച്ച് വിട്ട് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ഒരു സംസ്ഥാനത്തും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ വലിയ പ്രതിസന്ധിയാകും കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും നേരിടേണ്ടി വരിക. അക്കാര്യവും ഉറപ്പാണ്


EXPRESS KERALA VIEW

Top