മുഖാമുഖത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി ദേഷ്യം പിടിക്കും; വി ഡി സതീശന്‍

കൊല്ലം: ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസ് വിരുദ്ധത എന്ന ആശയത്തില്‍ സന്ധിചെയ്യുന്നുവെന്ന് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍ ദുസഹമാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖത്തില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളാണ് വരുന്നത്. അതിനപ്പുറമുള്ള ചോദ്യങ്ങള്‍ വന്നാല്‍ അദ്ദേഹം ക്ഷുഭിതനാവും. മുഖാമുഖത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി ദേഷ്യം പിടിക്കുകയാണ്. ഞങ്ങള്‍ അവസാനത്തെ ആളുടെ ചോദ്യങ്ങള്‍ വരെ കേള്‍ക്കും. ജനങ്ങള്‍ പരിതാപകരമായ അവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

വിദ്യാസമ്പന്നമായ കൊച്ചുകേരളത്തില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആരോപിച്ചു. അന്വേഷണ ഏജന്‍സികള്‍ ഒന്നും മുഖ്യമന്ത്രിക്കെതിരായ നടപടിയെടുക്കില്ല. ബിജെപിയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം കിടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തൂക്കി നോക്കുമ്പോള്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതുപക്ഷവുമാണ്.

എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയും സംശയവും ഉദ്യോഗസ്ഥര്‍ക്കുമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സയാമീസ് ഇരട്ടകളെന്നും സുധാകരന്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ സയാമീസ് ഇരട്ടകളെ പോലെ പെരുമാറുന്ന രണ്ട് നേതാക്കളെ കേരളം കണ്ട് അത്ഭുതം കൂറുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Top