രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാം ; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി നിന്നാല്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘രാജ്യം ഒരുമിച്ചുനിന്നാല്‍ ഗാന്ധിജി കണ്ട സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുന്നത് പ്രയാസമുള്ള കാര്യമല്ല. ക്വിറ്റ് ഇന്ത്യ സമരം ഇന്ത്യയുടെ ‘ഓഗസ്റ്റ് വിപ്ലവം’ ആണ്. ഇത്രയും വലിയൊരു സമരം ബ്രിട്ടീഷുകാര്‍ പ്രതീക്ഷിച്ചില്ല. മുതിര്‍ന്ന നിരവധി നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍ പുതിയ നേതാക്കള്‍ ഉദയം ചെയ്തു. ശാസ്ത്രി, റാം മനോഹര്‍ ലോഹ്യ, ജയ്പ്രകാശ് നാരായണ്‍ തുടങ്ങിയവര്‍ ഉയര്‍ന്നുവരികയും സമരത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.’ മോദി പറഞ്ഞു.

‘1857 മുതല്‍ 1947 വരെ നടന്ന സ്വാതന്ത്ര്യസമരത്തില്‍ നിരവധി ഘട്ടങ്ങളുണ്ട്. പക്ഷേ, ഓഗസ്റ്റ് വിപ്ലവം അന്തിമയുദ്ധം പോലെയായിരുന്നുവെന്നും. ഇതേത്തുടര്‍ന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top