കേന്ദ്രം മുൻപേ വിചാരിച്ചിരുന്നെങ്കിൽ, ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു

പ്രതിഷേധ ട്വീറ്റുകൾ നീക്കം ചെയ്യാൻ ഏത് ഭരണകൂടത്തിനു സാധിക്കും, പക്ഷേ അതുകൊണ്ടൊന്നും, ജനങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാൻ കഴിയുകയില്ല. ഇക്കാര്യം കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഓർക്കുന്നത് നല്ലതാണ്. രാജ്യത്ത് ഇപ്പോൾ, കൊലയാളി വൈറസുകൾ താണ്ഡവമാടുകയാണ്.കോവിഡിന്റെ രണ്ടാം വരവിനെ കൈകാര്യം ചെയ്യുന്നതില്‍, കേന്ദ്ര സര്‍ക്കാരിനു പറ്റിയിരിക്കുന്നത്, ഗുരുതര പിഴവു തന്നെയാണ്. ഇക്കാര്യങ്ങളാണ്, പ്രതിപക്ഷ പാർട്ടികളും സെലിബ്രിറ്റികളും ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതാകട്ടെ സ്വാഭാവികമായ പ്രതികരണങ്ങളുമാണ്. പ്രതികരണങ്ങളിൽ നിയമ വിരുദ്ധമായ പരാമർശമുണ്ടെങ്കിൽ, തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ, സർക്കാർ നിലപാടിനെ വിമർശിച്ചത് കൊണ്ട് മാത്രം, ഒരു ട്വീറ്റും നിയമവിരുദ്ധമാവുകയുമില്ല.അന്താരാഷ്ട്ര തലത്തിൽ ഇമേജ് നഷ്ടമാകുമെന്ന് കണ്ടും, രാജ്യത്തെ ജനവികാരം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയും, വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ, കേന്ദ്ര സർക്കാർ തന്നെയാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന്, പാര്‍ലമെന്റ് അംഗം രേവന്ത് റെഡ്ഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിങ്, ചലച്ചിത്ര പ്രവര്‍ത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകള്‍ ഉള്‍പ്പെടെ, നിരവധി ജനപ്രിയരുടെ പോസ്റ്റുകളാണ് ട്വിറ്റര്‍ ഇപ്പോൾ തടഞ്ഞിരിക്കുന്നത്. ഈ ട്വീറ്റുകള്‍, ഇന്ത്യയുടെ ഐടി നിയമത്തിന് വിധേയമല്ലെന്നാണ്, കേന്ദ്ര സര്‍ക്കാരിന്റെയും ട്വിറ്ററിന്റെയും വാദം. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച സര്‍ക്കാരിന്റെ വീഴ്ചകളെ എടുത്തുകാണിക്കുന്ന, ട്വീറ്റുകളെല്ലാം തന്നെ നീക്കുന്ന പ്രക്രിയയാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്.

ഇത്തരം ട്വീറ്റുകള്‍ നടത്തിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും, കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഈ നടപടി, ലോക രാജ്യങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിമർശനങ്ങളെ, അധികാരം ഉപയോഗിച്ച് തടയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച്, പ്രതിപക്ഷവും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം, സര്‍ക്കാരിന്റെ നോട്ടീസ് പ്രകാരം ട്വീറ്റുകള്‍ നീക്കം ചെയ്‌തെങ്കിലും, അക്കൗണ്ടുകള്‍ ഇതുവരെയും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടില്ല. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ, ചിത്രങ്ങളും, വിഡിയോകളും സഹിതം തുറന്നു കാണിക്കുന്ന ട്വീറ്റുകളാണ്, നിലവിൽ നീക്കം ചെയ്തിരിക്കുന്നത്.ഈ വേഗത ഓക്സിജൻ ലഭ്യമാക്കുന്നതിൽ കാണിച്ചിരുന്നെങ്കിൽ, നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, രാജ്യത്ത് കോവിഡ് കേസുകള്‍, കുത്തനെയാണ് വർദ്ധിച്ചിരിക്കുന്നത്. ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കേണ്ടി വന്നിരിക്കുന്നത് അനവധി പേരാണ്. അക്ഷരാർത്ഥത്തിൽ, ഭീകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയി കൊണ്ടിരിക്കുന്നത്.ഈ വിപത്ത് മുൻ കൂട്ടി കണ്ട്, എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിനും, തൃപ്തികരമായ മറുപടി ഭരണകൂടത്തിൽ നിന്നും ഇതുവരെയും ലഭിച്ചിട്ടില്ല.കോവിഡ് വ്യാപനത്തെ തടയാന്‍ വേണ്ട സംവിധാനങ്ങളൊന്നും തന്നെ ഇല്ലെന്ന് ആരോപിക്കുന്ന, ട്വീറ്റുകളെ ഭയക്കുന്ന കേന്ദ്ര സർക്കാർ, എന്തു കൊണ്ടാണ് സ്വന്തം വീഴ്ച അംഗീകരിക്കാത്തതെന്ന വിമർശനവും, ഇതോടെ പൊതു സമൂഹത്തിൽ ശക്തമായി കഴിഞ്ഞു.ഇതിൽ രാഷ്ട്രീയമില്ല, ജീവൻ്റെ പ്രശ്നമാണിത്. മനുഷ്യൻ അവശേഷിച്ചാൽ മാത്രമേ പാർട്ടികളും ഭരണകൂടവും എല്ലാം ഉണ്ടാകുകയൊള്ളൂ. കൊലയാളി വൈറസുകൾക്ക് ഒരു രാഷ്ട്രീയവുമില്ല. ജീവനെടുക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ആ വൈറസുകൾക്കൊള്ളൂ.കോവിഡിന് എതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടവർ, വീഴ്ച വരുത്തിയാൽ, അത് ചോദ്യം ചെയ്യപ്പെടുന്നതും, സ്വാഭാവികം തന്നെയാണ്.


ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ, തൂക്കിലേറ്റുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുന്നത് പ്രതിപക്ഷമല്ല, ബഹുമാനപ്പെട്ട ഡൽഹി ഹൈകോടതിയാണ്.ജനങ്ങൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് വീഴുന്ന കാഴ്ചയാണ്, ഇത്തരം ഒരഭിപ്രായ പ്രകടനം നടത്താൻ, കോടതിയെ പോലും പ്രേരിപ്പിച്ചിരിക്കുന്നത്.രാജ്യത്ത് കോവിഡ് തരംഗമല്ല, കോവിഡ് സുനാമിയാണ് ആഞ്ഞടിക്കുന്നതെന്നും, ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ യാഥാർത്ഥ്യം, മുൻപേ കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഈ അവസ്ഥ ഒരിക്കലും രാജ്യത്തിന് ഉണ്ടാവുമായിരുന്നില്ല. ഓക്സിജൻ വിഷയത്തിൽ, കേരളത്തിൻ്റെ ഇടപെടലുകളെ ഡൽഹി ഹൈക്കോടതി അഭിനന്ദിച്ചതും, ശ്രദ്ധേയമായ കാര്യം തന്നെയാണ്.വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാർ, കേന്ദ്ര സഹായത്തിനു കാത്തു നിൽക്കാതെ, സ്വന്തം നിലക്ക് വാക്സിൻ സംഘടിപ്പിച്ചു നൽകാനും നിലവിൽ ശ്രമിക്കുന്നുണ്ട്. കേരളത്തിൻ്റെ ഈ മാതൃക പിന്തുടർന്ന്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ, മൂന്നര ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഏപ്രിൽ 25ന് വൈകീട്ട് പുറത്ത് വിട്ട കണക്കാണിത്. 3,49,691 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോൾ, 2,767 പേരാണ് മരണപ്പെട്ടിരിക്കുന്നത്.രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കു കൂടിയാണിത്. വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ നൽകുന്നത്, നേരത്തെ നിരോധിച്ചിരുന്നെങ്കിൽ, രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക്, ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമായിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇക്കാര്യത്തിൽ, വലിയ വീഴ്ചയാണ് കേന്ദ്ര ഭരണകൂടത്തിനു സംഭവിച്ചിരിക്കുന്നത്. അതേസമയം, വൈകിയാണെങ്കിലും, ഓക്സിജൻ ക്ഷാമം രൂക്ഷമാ സാഹചര്യം കണക്കിലെടുത്ത്, ഇപ്പോൾ  രാജ്യത്ത് 551 പ്ലാന്റുകൾ സ്ഥാപിക്കുവാൻ, കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പിഎം കെയർ ഫണ്ടിൽനിന്നാണ്, ഇതിനുള്ള തുക വകയിരുത്തിയിരിക്കുന്നത്.

ജില്ലാ കേന്ദ്രങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രികളിലാകും  ഈ പ്ലാന്റുകൾ  സ്ഥാപിക്കപ്പെടുക. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. വൈകി വന്ന ‘ബുദ്ധി’യാണിത്.കോവിഡിന്റെ ആരംഭ ഘട്ടത്തിൽ തന്നെ, ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിൽ, ഒക്സിജൻ കിട്ടാതെ, ആരും തന്നെ മരിക്കേണ്ടിവരില്ലായിരുന്നു. വടക്കേ ഇന്ത്യ ഉൾപ്പെടെ, രാജ്യത്തെ മിക്ക ആശുപത്രികളിലും, ആവശ്യത്തിന് കിടക്കകള്‍ പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. മെഡിക്കല്‍ ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവയുടെ ക്ഷാമവും ഇവിടങ്ങളിൽ അതിരൂക്ഷമാണ്. ആരോഗ്യ രംഗത്ത്, കേരളം ആർജിച്ച കരുത്തിൻ്റെ പകുതി പോലും ശേഷി ഇല്ലാത്ത, നിരവധി സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അതി ദയനീയമാണ് ഇവിടങ്ങളിലെയെല്ലാം ‘ അവസ്ഥ. ഈ പ്രത്യേക സാഹചര്യത്തിൽ, ഭിന്നാഭിപ്രായം എന്തു തന്നെ ഉണ്ടായാലും, അതെല്ലാം മാറ്റിവച്ച്, അതിജീവനത്തിനായി ഒറ്റക്കെട്ടായാണ് നാം പോരാടേണ്ടത്.രാജ്യം ആഗ്രഹിക്കുന്നതും, അതു തന്നെയാണ്.

Top