ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ ഗവർണറെ നിയമപരമായി നേരിടും; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കുറയ്ക്കുന്നതടക്കമുള്ള ബില്ലുകളിൽ നിലപാട് കടുപ്പിച്ച് സി.പി.എം. ഇന്ന് നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലിൽ ഒപ്പിടുക എന്നത് ​ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ​​ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്.

ഭരണഘടനപരമായി പ്രവർത്തിക്കാത്തതു കൊണ്ടാണ് ഗവര്‍ണറെ വിമർശിക്കുന്നത്. സർവകലാശാല ഭരണങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനാവശ്യമായി ഇടപെടുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തിരുത്താനല്ല, പ്രചരണാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി ​ഗോവിന്ദൻ വിശദമാക്കി.

അതേസമയം, മന്ത്രിമാർക്കെതിരായ പാർട്ടി വിമർശനം സ്വാഭാവികമാണെന്നും ​എം.വി ​ഗോവിന്ദൻ പറഞ്ഞു. വിമർശനം ഒഴിവാക്കിയാൽ പാർട്ടിയില്ല. മന്ത്രിമാരുടെ പരിചയക്കുറവ് രണ്ടാം സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. മന്ത്രിസഭയിൽ പൂർണമായ അഴിച്ചുപണി ഉണ്ടാകില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

Top