ഭീകരത പ്രശ്നമല്ലെന്ന് പറഞ്ഞിട്ട് രാഹുല്‍ എസ്.പി.ജി വലയത്തില്‍ നാടുചുറ്റുന്നു: സുഷമ സ്വരാജ്

ഹൈദരാബാദ്: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. രാജ്യത്ത് ഭീകരത പ്രശ്നമില്ലെങ്കില്‍ എന്തിനാണ് രാഹുഗാന്ധി എസ്.പി.ജി സുരക്ഷാവലയത്തില്‍ നാടുചുറ്റുന്നതെന്ന് സുഷമാ സ്വരാജ് ചോദിച്ചു. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് സുഷമ സ്വരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തൊഴിലാണ് പ്രശ്നം ഭീകരത അല്ലെന്നാണ് രാഹുല്‍ പറയുന്നത്. രാജ്യത്ത് ഭീകരപ്രശ്നമില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്.പി.ജി സുരക്ഷാവലയത്തില്‍ നാടുചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്നേവരെ താങ്കളുടെ കുടുംബം എസ്.പി.ജി സുരക്ഷയിലാണ്. ഭീകരത ഒരു പ്രശ്നമായി തോന്നുന്നില്ലെങ്കില്‍, എനിക്കാരെയും ഭയമില്ലെന്നും സുരക്ഷ ആവശ്യമില്ലെന്നും എഴുതി നല്‍കുകയാണ് വേണ്ടത്.’ -സുഷമ പറഞ്ഞു. ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ.

പ്രതിപക്ഷം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യത്തില്‍ പാക്ക് നേതാക്കളെയാണു വിശ്വാസത്തിലെടുക്കുന്നതെന്നു സുഷമ കുറ്റപ്പെടുത്തി. വ്യോമാക്രമണത്തിനു ശേഷം നിരവധി ലോകനേതാക്കള്‍ ഫോണില്‍ പിന്തുണ അറിയിച്ചിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നിലപാടിനെ അവര്‍ അഭിനന്ദിച്ചു. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ വിരുദ്ധനിലപാടാണു സ്വീകരിക്കുന്നത്.2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയാറാകണമായിരുന്നു- സുഷമ പറഞ്ഞു.

Top