ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല: കനേറിയ

കറാച്ചി: ഐസിസി അധ്യക്ഷ പദവിയിലെത്താന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ഡാനിഷ് കനേറിയ.ഇന്ത്യ ടിവിയോട് സംസാരിക്കുകയായിരുന്നു കനേരിയ.

ഗാംഗുലി ഐസിസി ചെയര്‍മാനായാല്‍ അത് ക്രിക്കറ്റിനും ക്രിക്കറ്റ് കളിക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുമെന്ന് കനേറിയ അഭിപ്രായപ്പെട്ടു. ഐസിസിയെ നയിക്കാനുള്ള അനുഭവ സമ്പത്ത് ഗാംഗുലിക്കുണ്ടെന്നും കനേറിയ ചൂണ്ടിക്കാട്ടി.

ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തണം. അങ്ങനെ വന്നാല്‍ എനിക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെ ഞാന്‍ അപ്പീലിന് പോകും. അദ്ദേഹത്തിന് എന്നെ സഹായിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മഹാനായ ക്രിക്കറ്ററാണ് ഗാംഗുലിയെന്നും കനേറിയ പറഞ്ഞു.

അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല. ഇന്ത്യയെ മനോഹരമായിട്ടാണ് ഗാംഗുലി നയിച്ചത്. ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിക്ക് ഐസിസി നയിക്കുക ഒരു വെല്ലുവിളി ആയിരിക്കില്ല.” കനേരിയ പറഞ്ഞുനിര്‍ത്തി.

നിലവില്‍ മാച്ച് ഫിക്സിങ്ങിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് കനേരിയ.

Top