‘ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകും’; സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമെന്ന് സിപിഐ

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ വിയോജിപ്പുമായി സിപിഐ. ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്ന് സിപിഐ വിലയിരുത്തി. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

മന്ത്രി രാജിവയക്കേണ്ടതില്ലെന്നും ഖേദപ്രകടനത്തോടെ വിഷയം അവസാനിച്ചു എന്നാണ് സിപിഎം നിലപാട്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനു പിന്നാലെ ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്ത് ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് വേണ്ടി നിര്‍ദേശക തത്വങ്ങള്‍ കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ഭണഘടനയ്ക്ക് ശക്തിയുണ്ടാകില്ല എന്ന ആശങ്കയാണ് താന്‍ തന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top