റഷ്യ ആണവായുധങ്ങൾ പ്രയോഗിച്ചാൽ, അതിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്ക് !

ഷ്യൻ സേന യുക്രെയിനിൽ അണുബോംബിട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സാക്ഷാൽ അമേരിക്കക്ക് മാത്രമായിരിക്കും. കാരണം യുക്രെയിൻ – റഷ്യ നേരിട്ടുള്ള പോരാട്ടാത്തെ തുടക്കം മുതൽ വഴിതിരിച്ചു വിട്ട് റഷ്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്താൻ ശ്രമിക്കുന്നത് അമേരിക്കയാണ്. റഷ്യൻ സേന പിടിച്ചെടുത്ത സ്ഥലങ്ങളിൽ പോലും യുക്രൈയിൻ സൈന്യം തിരിച്ചടിക്കുന്നത് അമേരിക്ക നൽകിയ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ്.

ബഹിരാകാശത്ത് നിന്നുള്ള ആയിരക്കണക്കിന് കൊമേഴ്ഷ്യൽ സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ സൈന്യം നീങ്ങുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് യുക്രെയിൻ സേനക്ക് നൽകുന്നത്. ഈ വിവരങ്ങൾ ഉപയോഗിച്ച് റഷ്യൻ സേനയെ ലക്ഷ്യമാക്കി അമേരിക്കയുടെ ഹൈമാസ് പോലുള്ള ആധുനിക മിസൈലുകളാണ് യുക്രെയിൻ സേന ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ചതി പ്രയോഗത്തിൽ സ്വന്തം സൈനികർ പിടഞ്ഞ് വീഴുന്നത് ഒരു രാഷ്ട്രത്തലവനും നോക്കി നിൽക്കുകയില്ല. റഷ്യയും യുക്രെയിനും എന്ന സ്ഥിതിയിൽ നിന്നും റഷ്യയും അമേരിക്കൻ ചേരിയും എന്ന നിലയിലേക്ക് ഈ യുദ്ധം മാറിക്കഴിഞ്ഞു. റഷ്യക്കെതിരെ ടെക്നോളജിയും ആധുനിക ആയുധങ്ങളും പണവും തന്ത്രങ്ങളുമെല്ലാം നൽകുന്നത് നാറ്റോ സഖ്യവും യൂറോപ്യൻ രാജ്യങ്ങളുമാണ്. ലോകത്തെ മറ്റൊരു രാജ്യത്തെയും ഇതുപോലെ ഈ രാജ്യങ്ങൾ സഹായിച്ചിട്ടില്ല. റഷ്യയെ നശിപ്പിക്കാനാണ് സകല പിന്തിരിപ്പൻ ശക്തികളും ഒന്നിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് റഷ്യ യുക്രെയിനിൽ അണുബോംബ് വർഷിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. റഷ്യ – യുക്രെയിൻ യുദ്ധം പ്രവചിച്ച അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ തന്നെയാണ് റഷ്യ ആണവായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സി.ഐ.എയുടെ റിപ്പോർട്ട് മുൻ നിർത്തിയാണ് ഈ പ്രതികരണം. ലോകത്ത് ആദ്യമായി അണുബോംബിട്ട ചരിത്രമുള്ള രാജ്യത്തിന്റെ തലവനാണ് റഷ്യ അതു പ്രയോഗിക്കുമെന്ന് ഇപ്പോൾ ആശങ്കപ്പെടുന്നത്. എല്ലാം വരുത്തിവച്ചിട്ട് ഒടുവിൽ ആശങ്കപ്പെട്ടിട്ട് ഒരു കാര്യവുമില്ല.

ഈ യുദ്ധത്തിന്റെ തുടക്കവും അമേരിക്കൻ നിലപാട് മൂലം ഉണ്ടായിട്ടുള്ളതാണ്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ യുക്രെയിനെ അമേരിക്കൻ ചേരിയുടെ സൈനിക രൂപമായ ‘നാറ്റോയിൽ’ ചേർക്കാൻ നീക്കം നടത്തിയതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുക്രെയിൻ പ്രസിഡന്റും അമേരിക്കൻ പ്രസിഡന്റുമാണ്, ഇതിനു വേണ്ടി ചരട് വലിച്ചിരുന്നത്. നാറ്റോയിൽ യുക്രെയിൻ അംഗമായാൽ റഷ്യയ്ക്ക് ഭീഷണിയായി യുക്രെയിനിൽ മിസൈലുകൾ വിന്യസിക്കാനും സൈനിക ക്യാംപ് ആരംഭിക്കാനും അമേരിക്കക്ക് കഴിയും. റഷ്യയെ ചൊടിപ്പിച്ചതും ഇതു തന്നെയാണ്. നാറ്റോയിൽ ചേരില്ല എന്ന് യുക്രെയിൻ വ്യക്തമാക്കിയിരുന്നെങ്കിൽ ഈ യുദ്ധം തന്നെ ഉണ്ടാകില്ലായിരുന്നു. എന്നാൽ യുക്രെയിൻ പ്രസിഡന്റ് അതിനു തയ്യാറായിരുന്നില്ല. അമേരിക്കൻ ചേരിക്കൊപ്പം നിന്ന് റഷ്യയെ വെല്ലുവിളിക്കുകയാണ് ആ രാജ്യം ചെയ്തത്. ഇതിനുള്ള മറുപടിയായാണ് റഷ്യൻ സൈന്യം യുക്രെയിനിൽ ഇരച്ചു കയറിയത്. ഈ നിമിഷത്തിലും യുക്രെയിനുമായി ഒരു യുദ്ധം റഷ്യ പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സൈനിക നടപടി എന്നു മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. യുദ്ധം എന്ന വാക്ക് റഷ്യ പ്രഖ്യാപിക്കുന്ന നിമിഷം തന്നെ ഈ യുദ്ധവും തീരും. അക്കാര്യത്തിൽ അമേരിക്കക്കു പോലും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അമേരിക്കയുടെ ഏത് പ്രതിരോധക്കോട്ടകളെയും തകർത്ത് ലക്ഷ്യം കാണാൻ ശേഷിയുള്ള ‘സാത്താൻ’ ഉൾപ്പെടെയുള്ള അനവധി ആയുധങ്ങളാണ് റഷ്യയിലുള്ളത്. അവർ അത് പ്രയോഗിച്ചു തുടങ്ങിയാൽ പിന്നെ പിടിച്ചു നിൽക്കാൻ അമേരിക്കൻ ചേരിക്ക് കഴിഞ്ഞെന്നു വരികയില്ല. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതും ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയതും അമേരിക്കയാണ്. ആ അമേരിക്ക സമാധാനത്തിന്റെ വെള്ളരിപ്രാവാകാൻ ശ്രമിച്ചാൽ ലോക രാജ്യങ്ങൾ അത് വകവച്ചു കൊടുക്കുകയില്ല. ഏത് തുലാസിൽ അളന്നാലും ലോക ജനസംഖ്യയിൽ ഭൂരിപക്ഷവും റഷ്യൻ നിലപാടിനെ തന്നെയാണ് പിന്തുണയ്ക്കുന്നത്.

 

ഇന്ത്യയ്ക്കും കഴിഞ്ഞ കാലങ്ങൾ മറന്ന് ഒരു നിലപാട് സ്വീകരിക്കാൻ കഴിയുകയില്ല. ഇന്ത്യയെ സഹായിച്ച ചരിത്രം മാത്രമേ റഷ്യയ്ക്കും അതിന്റെ പഴയ രൂപമായ സോവിയറ്റ് യൂണിയനും ഒള്ളൂ. എന്നാൽ അമേരിക്കയുടെ ചരിത്രം അതല്ല വഞ്ചനയുടെ ചരിത്രമാണ്. ഇന്ത്യ – പാക്ക് സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പം നിന്ന ചരിത്രമാണ് അമേരിക്കക്ക് ഉള്ളത്. എന്തിനേറെ കാർഗിൽ യുദ്ധത്തിൽ പോലും ലോകം അതു കണ്ടതാണ്.

കാർഗിൽ യുദ്ധത്തിനിടെ അത്യാധുനിക ടെക്നോളജി തേടി ഇന്ത്യ അലയാത്ത ഇടങ്ങളുണ്ടായിരുന്നില്ല. മുൻനിര പ്രതിരോധ ടെക്നോളജി കൈവശമുള്ള അമേരിക്ക സഹായിക്കില്ലെന്ന് തുറന്നടിച്ചാണ് പറഞ്ഞത്. ഈ ഘട്ടത്തിൽ സഹായങ്ങളെല്ലാം നൽകി ഇന്ത്യക്ക് വിജയം വാങ്ങിത്തരാൻ മുന്നിൽ നിന്നത് ഇസ്രയേലാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങളായ മിഗ്-27ഉം മിഗ്-21ഉം കാര്‍ഗിലിന്റെ ഉയരമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച ബോംബുകള്‍ ലക്ഷ്യത്തിലെത്താത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. കൂടുതല്‍ താഴേക്കു പറന്നു ബോംബിടാൻ ശ്രമിച്ചാൽ പാക്ക് സൈന്യത്തിന്റെ മിസൈലുകളുടെ പരിധിക്കുള്ളിലാകും എന്നതും വലിയ ഭീഷണിയായി. ഇത്തരത്തിൽ അശ്രദ്ധയോടെ പറന്ന ഒരു മിഗ്-21 പോർവിമാനവും മറ്റൊരു എംഐ-17 ഹെലികോപ്ടറും പാക്കിസ്ഥാന്‍ വെടിവച്ചിട്ടതും നാം ഓർക്കണം. ആ ദുരന്തത്തിൽ മാത്രം അഞ്ച് എയര്‍ ഫോഴസ് ഉദ്യോഗസ്ഥരെയാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. ഇതോടെയാണ് ഇന്ത്യൻ വ്യോമസേന മറ്റു വഴികളെ കുറിച്ച് ആലോചിച്ചത്. ഇത് ഒടുവിൽ കലാശിച്ചത് മിറാഷ് പോർ വിമാനങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ ‘ടെക് കിറ്റ്’ ഘടിപ്പിക്കാൻ തീരുമാനിക്കുന്നതിലാണ്.

ലൈറ്റെനിങ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് എന്ന ഉപകരണമാണ് മിറാഷ് പോർ വിമാനങ്ങളില്‍ ഘടിപ്പിച്ചിരുന്നത്. കൃത്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഈ സംവിധാനത്തിലെ ലേസർ ബീമുകൾക്ക് സാധിച്ചത് പിന്നീട് യുദ്ധത്തിന്റെ ഗതിയെ തന്നെയാണ് മാറ്റി മറിച്ചിരുന്നത്. ലേസർ ബീമുകൾ തെളിച്ച പാതയിലൂടെ ഗൈഡഡ് ബോംബുകൾ കുതിച്ച് ആക്രമണം നടത്തിയപ്പോൾ, പാക്കിസ്ഥാന്റെ കണക്കു കൂട്ടലുകളാണ് തെറ്റിപ്പോയത്. കാർഗിൽ കുന്നുകളിൽ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ പോലും അതിസൂക്ഷ്മതയോടെയാണ് ഇന്ത്യൻ പോർവിമാനങ്ങൾ ബോംബുകള്‍ വർഷിച്ചിരുന്നത്.

 

1999 ജൂൺ 24ന് ടൈഗര്‍ ഹില്ലിൽ പാക്കിസ്ഥാന്‍ സേനകൾ തമ്പടിച്ച പ്രദേശത്തിനു മേല്‍ മിറാഷിൽ സഞ്ചരിച്ചാണ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍ ലൈറ്റെനിങ് പോഡ് ഉപയോഗിച്ച് അദൃശ്യ അടയാളമിട്ടിരുന്നത്.തുടർന്ന് തൊട്ടു പിന്നാലെ കുതിച്ചുപാഞ്ഞ ബോംബ് നിമിഷങ്ങള്‍ക്കകമാണ് പാക്ക് സൈനിക താവങ്ങൾ തരിപ്പണമാക്കിയിരുന്നത്. ഇന്ത്യന്‍ വ്യോമസേന ആദ്യമായി നടത്തിയ ലേസര്‍ നിയന്ത്രിത ബോംബിങ്ങും ഇതു തന്നെ ആയിരുന്നു. പിന്നീട് ബാലക്കോട്ട് മിന്നൽ ആക്രമണത്തിലും ഇന്ത്യ ഇത്തരം ബോംബുകൾ പ്രയോഗിക്കുകയുണ്ടായി.കാർഗിൽ യുദ്ധത്തിൽ ഏറ്റവും നിർണ്ണായക സമയത്താണ് ഇസ്രയേൽ ഇന്ത്യയെ സഹായിച്ചിരുന്നത്. ഇസ്രയേലിന്റെ സാങ്കേതികവിദഗ്ധരും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാങ്കേതിക വിദഗ്ദരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ് കാര്‍ഗിലില്‍ കൃത്യമായി ബോംബുകൾ വീഴ്ത്തിയിരുന്നത്. അന്ന് ഇന്ത്യയെ കൈവിട്ട അമേരിക്കയാണ് ഇപ്പോൾ യുക്രെയിന് ടെക്നോളജി നൽകി റഷ്യൻ സൈന്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഒളിച്ചിരുന്ന് ചതിക്കുന്നവന്റെ തന്ത്രമാണിത്. റഷ്യ നേർക്കു നേരെയാണ് പൊരുതുന്നത്. അമേരിക്ക മറ്റു രാജ്യങ്ങളിൽ ചെയ്തതു പോലെ പുഴുക്കളെ പോലെ അവർ മനുഷ്യരെ കൊന്നു തള്ളിയിട്ടില്ല.

 

പുതിയ കാലത്ത് റഷ്യ അല്ലാതെ മറ്റൊരു രാജ്യവും സ്വന്തം സൈന്യത്തെ മറ്റൊരു രാജ്യത്തെ ചതിക്കുഴികളിലേക്ക് പറഞ്ഞയക്കുകയില്ല. പരമാവധി മരണങ്ങൾ ഒഴിവാക്കാനാണ് റഷ്യ യുദ്ധത്തിനു പകരം പ്രത്യേക സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യയുടെ സ്ഥാനത്ത് അമേരിക്ക ആയിരുന്നു എങ്കിൽ എപ്പോഴോ അണുബോംബിട്ട് അവർ ലക്ഷ്യം നേടുമായിരുന്നു. ഇവിടെയാണ് നാം റഷ്യയുടെയും അമേരിക്കയുടെയും നിലപാടുകളെ വിലയിരുത്തേണ്ടത്. റഷ്യ യുക്രെയിനിൽ അണുബോംബിടണമെന്ന് ആഗ്രഹിക്കുന്നത് എന്തായാലും റഷ്യൻ ജനതയായിരിക്കില്ല അമേരിക്കൻ ചേരിയായിരിക്കും യഥാർത്ഥത്തിൽ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകുക. ലോകത്തിന്റെ വികാരം റഷ്യക്ക് എതിരെ തിരിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണത്. അതിനു വേണ്ടിയാണ് യുക്രെയിന് ടെക്നോളജിയും ആയുധങ്ങളും നൽകി അവർ റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇനിയെന്ത് സംഭവിക്കും എന്നത് നമ്മുടെ ചിന്തകൾക്കും അപ്പുറമുള്ള കാര്യമാണ്. മഹാദുരന്തങ്ങൾ ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കാൻ മാത്രമേ ഈ ഘട്ടത്തിൽ നമുക്കും കഴിയുകയൊള്ളൂ.

EXPRESS KERALA VIEW

Top