If regime in Kerala that reflected in Jisha case; Action against officers

കൊച്ചി: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായാല്‍ അത് ജിഷ കൊലക്കേസിലും പ്രതിഫലിക്കും.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിലവിലെ അന്വേഷണ സംഘത്തെ പിരിച്ച് വിട്ട് വനിതാ ഐപിഎസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കാനുമാണ് സിപിഎം തീരുമാനം.

ഇതുസംബന്ധമായ സൂചനകള്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ജിഷ കൊലക്കേസുമായി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളവരില്‍ ആരുടെയെങ്കിലും പേരില്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പൊലീസിനെ പിറകോട്ട് അടുപ്പിക്കുന്നത് ശാസ്ത്രീയ തെളിവുകള്‍ ഒത്തുവരാത്തതാണ്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് നൂറ് ശതമാനവും കൊലയാളിയാരെന്ന് സ്ഥിരീകരിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന തിരിച്ചറിവും അന്വേഷണ സംഘത്തിനുണ്ട്.

സംസ്ഥാന പൊലീസില്‍ നിന്ന് അന്വേഷണം ഭാവിയില്‍ സിബിഐക്ക് പോവാനുള്ള സാധ്യതയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാണുന്നുണ്ട്.അത് കൊണ്ട് തന്നെ പഴുതടച്ച അന്വേഷണമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ വീടിനുള്ളില്‍ ജിഷയുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാന്‍ ഇടയായതായി അയല്‍വാസികള്‍ നല്‍കിയ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പ്രധാന അന്വേഷണം.

‘ഇതുകൊണ്ടാണ് നിങ്ങള്‍ …..കാരെ വിശ്വസിക്കരുതെന്ന് പറയുന്നത്’ ഈ വാക്കുകളാണ് പൊലീസിന് തുമ്പാകുന്നത്.

‘നിങ്ങള്‍’ എന്ന് പറഞ്ഞതിന് ശേഷമുള്ള വാക്ക് അന്വേഷണത്തില്‍ നിര്‍ണ്ണായകമായതിനാല്‍ അക്കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ജിഷ കൊല്ലപ്പെട്ട് 11-ാം ദിവസമാണ് ഈ സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.

ഈ വാക്കുകള്‍ ജിഷ ഫോണിലൂടെയാണോ നേരിട്ടാണോ പറഞ്ഞതെന്ന കാര്യമാണ് ഇനി വ്യക്തമാകാനുള്ളത്. മറ്റാരുടെയും ശബ്ദം തങ്ങള്‍ കേട്ടില്ലെന്നാണ് അയല്‍വാസികള്‍ നല്‍കിയ മൊഴി.

ഈ സമയത്തെ ജിഷയുടെ ഫോണ്‍ വിശദാംശങ്ങള്‍ നേരത്തെ തന്നെ അന്വേഷണസംഘം പരിശോധിച്ചിരുന്നു.

അയല്‍വാസികളായ രണ്ട് പേര്‍ കൊലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ വ്യക്തമായി കണ്ടതായും വിവരം നല്‍കിയിട്ടുണ്ട്.

കൊലയാളി തെളിവുകള്‍ നശിപ്പിച്ചത് പ്രൊഫഷണല്‍ കൊലയാളികളെയും വെല്ലുന്ന രൂപത്തിലായതിനാല്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ നടത്തി പരിചയമുള്ളവനാണെന്ന നിഗമനത്തിലാണ് പൊലീസ്.

ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തടക്കം 3 പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുന്നത്.

Top