പിണറായി വിജയൻ ഭരണം തുടർന്നാൽ, ഗവർണറെ മാറ്റാനും ‘തന്ത്രം’ തയ്യാർ ?

ടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചാല്‍, ഗവര്‍ണറെയും മാറ്റിയേക്കും. നിലവിലെ ഗവര്‍ണ്ണര്‍ക്ക് ഇനിയും മൂന്ന് വര്‍ഷത്തിലധികം കാലാവധി ഉണ്ടെങ്കിലും, അദ്ദേഹത്തെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായാല്‍, കൂടുതല്‍ ശക്തനായ ഒരു ഗവര്‍ണ്ണറെ കേരളത്തില്‍ നിയോഗിക്കണമെന്നാണ്, ആര്‍.എസ്.എസ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്. സംഘപരിവാര്‍ നേതാക്കളില്‍ ആരെങ്കിലും ഗവര്‍ണ്ണര്‍ പദവിയില്‍ വരണമെന്ന താല്‍പ്പര്യം, ബി.ജെ.പി നേതൃത്വത്തിലും ശക്തമാണ്. മുന്‍പ് പി.സദാശിവത്തെ മാറ്റി, പുതിയ ഗവര്‍ണ്ണറെ നിയോഗിക്കണമെന്ന് മുറവിളി കൂട്ടിയതും, കേരളത്തിലെ പരിവാര്‍ നേതാക്കളാണ്. ആരീഫ് മുഹമ്മദ് ഖാനില്‍, വലിയ അഭിപ്രായ വ്യത്യാസം സംഘപരിവാര്‍ നേതാക്കള്‍ക്കില്ലെ ങ്കിലും, സര്‍ക്കാറുമായി ‘കലഹിക്കാന്‍’ ശേഷിയുള്ള ഒരു ഗവര്‍ണ്ണറെയാണ് കാവിപ്പട ആഗ്രഹി ക്കുന്നത്. തെരഞ്ഞെടുപ്പ് വിധി വന്ന ശേഷം, ഇതു സംബന്ധമായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. ത്രിശങ്കു സഭയാണ് കേരളത്തിലുണ്ടാകുക എന്നാണ്  ബി.ജെ.പി നേതൃത്വം കണക്ക് കൂട്ടുന്നത്. പാര്‍ട്ടിക്ക് മൂന്നില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും, നേതൃത്വത്തിനുണ്ട്. ത്രിശങ്കുസഭയില്‍ നിര്‍ണ്ണായകമായി മാറാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്, ബി.ജെ.പി നേതാക്കള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍, അത്തരമൊരു സാഹചര്യം ഉണ്ടായാല്‍, യു.ഡി.എഫിലെ ഒരു വിഭാഗം, ഇടതുപക്ഷത്തെ പിന്തുണക്കുവാനുള്ള സാധ്യതയാണ്, ആര്‍.എസ്.എസ് നേതൃത്വം മുന്നില്‍ കാണുന്നത്. ഗവര്‍ണ്ണര്‍ ഭരണം ഒഴിവാക്കാന്‍, ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കാന്‍ മുസ്ലീംലീഗും നിര്‍ബന്ധിതമാകുമെന്നാണ്, ആര്‍.എസ്.എസ് വിലയിരുത്തുന്നത്. യു.ഡി.എഫിനു സംസ്ഥാന ഭരണം ലഭിച്ചാലും, ഇടതുപക്ഷത്തിന് ഭരണം ലഭിക്കരുതെന്നാണ്, ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ, നിരവധി പരിവാര്‍ നേതാക്കള്‍ കേസുകളില്‍ കുടുങ്ങിയതാണ്, ഈ പകക്ക് പ്രധാന കാരണം. പിണറായി ഭരണത്തിലാണ് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നും ആര്‍.എസ്.എസ്, നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍, ദ്രോഹ നടപടി ഉണ്ടാകില്ലെന്നാണ് ആര്‍.എസ്.എസ്  നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. ഇടതു സര്‍ക്കാര്‍ എടുത്ത പല കേസുകളും, അത്തരമൊരു സാഹചര്യത്തില്‍ എഴുതി തള്ളുമെന്ന പ്രതീക്ഷയും, ആര്‍.എസ്.എസിനുണ്ട്.തിരുവനന്തപുരത്ത് മുന്‍പ്, സി.ഐക്കു നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ് – എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമ കേസ്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പിന്‍വലിച്ചിരുന്നത്. ഇതു സംബന്ധമായി അന്ന്, ഏറെ വിവാദങ്ങളും അരങ്ങേറുകയുണ്ടായി. യു.ഡി.എഫിനോടുള്ള കാവിയുടെ താല്‍പ്പര്യം ചൂണ്ടിക്കാട്ടുന്ന ഘട്ടങ്ങളിലെല്ലാം, ഈ പഴയ കഥ സി.പി.എം നേതാക്കളും ഓര്‍മ്മിപ്പിക്കാറുണ്ട്. ഈ തെരഞ്ഞെടുപ്പിലും, സംഘപരിവാറിന്റെ ഒരു ‘കൈ’ സഹായം, യു.ഡി.എഫി നു ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്, സി.പി.എം നേതൃത്വം വിശ്വസിക്കുന്നത്. കീഴ് ഘടകങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകളിലും, ഇക്കാര്യം വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാല്‍, യു.ഡി.എഫ് തകരുമെന്നും, ബി.ജെ.പി മുഖ്യ പ്രതിപക്ഷമായി വളരുമെന്നുമുള്ള കണക്ക് കൂട്ടലുകളിലൊന്നും, പരിവാറിലെ പ്രബല വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നില്ല. അവരെ സംബന്ധിച്ച്, അന്നും ഇന്നും ഭയക്കേണ്ട ഒറ്റ ശത്രുവേയൊള്ളൂ, അതാകട്ടെ, കമ്യൂണിസ്റ്റുകളെയാണ്. പിണറായിക്ക് തുടര്‍ ഭരണം ലഭിച്ചാല്‍, കേരളത്തെ ഇടതുപക്ഷം ചുവപ്പ് കോട്ടയാക്കി മാറ്റുമെന്നാണ്, ഈ വിഭാഗം ഉറച്ചു വിശ്വസിക്കുന്നത്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍, യു.ഡി.എഫ് വരികയാണ് നല്ലതെന്നാണ്, സംഘപരിവാറിന്റെ വിലയിരുത്തല്‍.

 

ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാല്‍, ഗവര്‍ണ്ണറെ മാറ്റി, സംസ്ഥാന ഭരണത്തില്‍ ഇടപെടണമെന്ന കാര്യത്തില്‍, പരിവാര്‍ നേതാക്കളില്‍ നല്ലൊരു വിഭാഗത്തിനും, വലിയ യോജിപ്പാണുള്ളത്. ഇതിനായി, വേണ്ടിവന്നാല്‍, നാഗ്പ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട്, കരുക്കള്‍ നീക്കണമെന്ന അഭിപ്രായവും, നേതാക്കള്‍ക്കിടയിലുണ്ട്. തെരഞ്ഞെടുപ്പ് വിധിക്കായാണ്, അവരും ഇപ്പോള്‍ കാത്തിരിക്കുന്നത്. തുടര്‍ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചാല്‍, കേന്ദ്രവും കേരളവും തമ്മിലുള്ള ഏറ്റുമുട്ടലും, കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

Top