പിണറായിയെ ‘പിടിക്കാൻ’ വന്നാൽ, കേന്ദ്ര ഏജൻസികളും ‘വിവരമറിയും’

സ്വർണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തൽ മുൻ നിർത്തി ഡൽഹിയിലും ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങൾ. കേരളത്തിലെ ബി.ജെ.പി- സംഘപരിവാർ നേതാക്കളാണ് കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തി കേരള സർക്കാറിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്. കോൺസുലേറ്റിൽ നിന്ന് ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും അതിൽ ബിരിയാണി മാത്രമല്ല ലോഹവസ്തുക്കളും ഉണ്ടായിരുന്നു എന്നുമുള്ള ആരോപണമാണ് സ്വപ്ന ഉയർത്തിയിരിക്കുന്നത്.

സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി വാങ്ങാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങിയതിനു പിന്നിലും വ്യക്തമായ ഇടപെടലുകൾ സംശയിക്കാവുന്നതാണ്. മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. നിലവിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും മാത്രമാണ് സ്വർണ്ണക്കടത്തു കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

തന്റേത് ആരോപണങ്ങൾ അല്ലെന്നും, കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ എല്ലാം വിശദമായി വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന വാദിക്കുന്നത്. ഇതോടെയാണ്, തെളിവില്ലാതെ അട്ടപ്പുറത്തിരുന്ന അന്വേഷണം ഇ.ഡി ഊർജിതമാക്കിയിരിക്കുന്നത്. രഹസ്യമൊഴി പകർപ്പ് കോടതിയിൽനിന്ന് ലഭിച്ചാലുടൻ അത്‌ മുൻനിർത്തി സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കം.

തുടർന്ന്, മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്യാനാണ് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിൻ്റെ അനുമതിയില്ലാതെ, ഇ.ഡി ഒരിക്കലും സാഹസത്തിനു മുതിരുകയില്ല.
സ്വർണ്ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്ത് നൽകിയ മൊഴിയിലും മറന്നുവച്ച ബാഗിനെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിലും സമാനമായ കാര്യം വന്നതോടെ അതിൽ കൂടുതൽ അന്വേഷണം നടക്കുമെന്നു തന്നെയാണ് സൂചന. അതേസമയം, സ്വർണ്ണക്കടത്തു സംഘങ്ങളുടെ, ആസൂത്രിതമായ മൊഴികളാണ് ഇതെന്നാണ് സി.പി.എം സംശയിക്കുന്നത്. അതു കൊണ്ടു തന്നെ, നിയമപരമായും രാഷ്ട്രീയപരമായും നേരിടാൻ തന്നെയാണ് തീരുമാനം.

 

ഇതിനിടെ, അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ നൽകിയെങ്കിലും പുതിയ വെളിപ്പെടുത്തലുകളിൽ കസ്റ്റംസും സ്വപ്നയിൽ നിന്ന് വിവരങ്ങൾ തേടാൻ രംഗത്തിറങ്ങിയിട്ടുണ്ട്. പഴയ ഫയലുകൾ അവരും പൊടി തട്ടിയെടുത്തുവെന്ന് വ്യക്തം. യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന പ്രതികളുടെ ആരോപണത്തിൽ മുഖ്യമന്ത്രിക്കും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ വാർത്ത നൽകി ആഘോഷിച്ച മാധ്യമങ്ങളും നാണംക്കെട്ടിരുന്നു. പിന്നീട് സ്വപ്ന സുരേഷ് ജയിലിൽ നിന്നിറങ്ങി മാധ്യമ ‘ഷോ’ നടത്തിയപ്പോഴും മുഖ്യമന്ത്രിക്കും മറ്റു നേതാക്കൾക്കുമെതിരെ ഒരു ആരോപണം പോലും ഉന്നയിച്ചിരുന്നില്ല. തുടർന്ന്, സംഘപരിവാർ ബന്ധമുള്ള എൻ.ജി.ഒയുടെ എച്ച്.ആർ വിഭാഗം മേധാവിയായതോടെയാണ് ആരോപണങ്ങളുടെ പെരുമഴ പെയ്തിറങ്ങിയിരിക്കുന്നത്. ഇതിന് കൂട്ട് നിന്നത് പി.സി ജോർജ് ആണെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്.

സ്വപ്ന സുരേഷും പി.സി ജോർജും ബന്ധപ്പെട്ടതിനുള്ള തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഇതോടെ, സ്വപ്ന സുരേഷിനെ കണ്ട കാര്യം പി.സി ജോർജും സമ്മതിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലുള്ള പകയാണ് പി.സി ജോർജ് സ്വപ്ന യിലൂടെ വീട്ടാൻ ശ്രമിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കാസർഗോഡ് പൊലീസ് കേസെടുത്തതിൽ ബി.ജെ.പിയും കലിപ്പിലാണ്. ഇവരുടെ ഈ കലിപ്പാണ് സ്വപ്നയുടെ ആരോപണത്തിലൂടെ പ്രകടമാകുന്നതെന്നാണ്, സർക്കാറും സംശയിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ഗൂഢാലോചന ആരോപിച്ച് കെ.ടി ജലീൽ തന്നെ ഇപ്പോൾ പൊലീസിന് പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തേയും കുരുക്കാൻ ശ്രമിക്കുന്ന കേസായതിനാൽ പൊലീസ് നടപടിയും കടുപ്പമാകും. ഇതിനകം തന്നെ ടെലിഫോൺ രേഖകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

 

സ്വപ്നയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ നേതാക്കൾക്കു പുറമെ ഏതെങ്കിലും കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥനുണ്ടോയെന്ന കാര്യവും കേരള പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴമ്പില്ലാത്ത ആരോപണത്തിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ കൊൽക്കത്തയിലെ തനിയാവർത്തനം തിരുവനന്തപുരത്തും നടക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മുൻപ് കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ സംഘത്തെ വളഞ്ഞിട്ടാണ് കൊൽക്കത്ത പൊലീസ് പൊക്കിയിരുന്നത്. ഈ നടപടി കേന്ദ്ര സർക്കാറും ബംഗാൾ സർക്കാറും തമ്മിലുള്ള വലിയ ഭിന്നതയിലാണ് കലാശിച്ചിരുന്നത്. സമാനമായ സാഹചര്യം ഇനി കേരളത്തിൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. അതു തന്നെയാണ് നിലവിലെ അവസ്ഥയും.

EXPRESS KERALA VIEW

Top