പിണറായിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍, പ്രതിപക്ഷം അതോടെ ‘ തീരുമാനമാകും’

മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും ടാര്‍ഗറ്റ് ചെയ്ത് ആസൂത്രിതമായ നീക്കങ്ങളാണിപ്പോള്‍ അണിയറയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് സ്വപ്നയുടെ പേരില്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന മൊഴിപകര്‍പ്പ്. തന്റെ മൊഴി എഴുതിയ കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചുവെന്ന് കോടതിയില്‍ മുന്‍പ് പറഞ്ഞത് സ്വപ്ന തന്നെയാണ്. ഈ മൊഴിപകര്‍പ്പ് സ്വപ്നയ്ക്ക് കൊടുക്കരുതെന്ന് ശക്തമായി വാദിച്ചതാകട്ടെ കേന്ദ്ര ഏജന്‍സിയുമാണ്. ഈ രണ്ട് നിലപാടുകളും പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ പുറത്ത് വന്ന മൊഴിയുടെ ആധികാരികതയില്‍ സംശയവും സ്വാഭാവികമാണ്.

മൂന്ന് കേന്ദ്ര ഏജന്‍സികള്‍ക്കും താന്‍ എന്ത് മൊഴിയാണ് നല്‍കിയതെന്നതും സമ്മര്‍ദ്ദമുണ്ടായോ എന്നതുമൊക്കെ പറയാന്‍ പറ്റുന്നത് സ്വപ്നക്ക് മാത്രമാണ്. ഈ മൊഴി പുറത്ത് വിട്ടതില്‍ തന്നെ ദുരൂഹതയുണ്ട്. ലക്ഷ്യം വ്യക്തവുമാണ് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്നത് മാത്രമാണത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രക്തത്തിനു വേണ്ടിയാണ് യു.ഡി.എഫും ബി.ജെ.പിയും കൊതിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്റെ നിയമനം നടന്നതെന്നാണ് സ്വപ്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മൊഴിയില്‍ തന്നെയുണ്ട് ഏറെ പൊരുത്തക്കേട്. ഒരു മുഖ്യമന്ത്രി അറിഞ്ഞ് നടക്കേണ്ട നിയമനമല്ല സ്‌പേസ് പാര്‍ക്കില്‍ നടന്നിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അക്കാര്യം ചിന്തിച്ചാല്‍ തന്നെ മനസ്സിലാകുന്നതാണ്.

കൊലക്കേസുകളില്‍ പോലും അന്വേഷണ സംഘത്തിന് മുന്നില്‍ കൊടുക്കുന്ന മൊഴികള്‍ക്ക് കോടതിയില്‍ കടലാസിന്റെ പോലും വിലയുണ്ടാകാറില്ല. കസ്റ്റഡിയില്‍ ഭീഷണിക്ക് വഴങ്ങി മൊഴി കൊടുത്തോ എന്ന കാര്യവും വിചാരണയിലാണ് ബോധ്യമാവുക. കേന്ദ്ര സര്‍ക്കാറിനു വേണ്ടപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ‘സമര്‍ത്ഥമായി’ ഒന്നു മനസുവെച്ചാല്‍ എന്തു വേണമെങ്കിലും സംഭവിക്കാം. എങ്ങനെയും കേസിനെ വളച്ചൊടിക്കാനും കഴിയും. ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഈ കേസില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് തന്നെ ‘തല്‍ക്കാലം’ വിശ്വസിക്കാം.

ഇനി, സ്വപ്ന അങ്ങനെ മൊഴി കൊടുത്തു എന്ന് തന്നെ കരുതട്ടെ. മുഖ്യമന്ത്രി എങ്ങനെയാണ് തെറ്റുകാരനാവുന്നത് ?ശരിയാണെങ്കില്‍ പോലും എന്താണ് തെറ്റ് ? യു.എ.ഇ കോണ്‍സുല്‍ ജനറലിനെ കാണാന്‍ മുഖ്യമന്ത്രിയല്ല പോയിരിക്കുന്നത്. കോണ്‍സുല്‍ ജനറലാണ് മുഖ്യമന്ത്രിയെ കാണാന്‍ നേരിട്ട് എത്തിയത്. അദ്ദേഹത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷ് കൂടി എത്തിയിട്ടുണ്ടെങ്കില്‍ അത് കോണ്‍സുല്‍ ജനറലിന്റെ ഉത്തരവാദിത്വമാണ്. കണ്ടത് ക്ലിഫ് ഹൗസിലാണ് എന്ന് പറഞ്ഞ് സ്വകാര്യത ആരോപിക്കുന്നതിലും കഴമ്പില്ല. കാരണം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ക്യാംപ് ഓഫീസുമാണ് ക്ലിഫ് ഹൗസ്. പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിന്റെ സാന്നിധ്യം അവിടെ ഉണ്ടായതും, ഒദ്യോഗിക സന്ദര്‍ശനമായത് കൊണ്ടു മാത്രമാകും. ഇത് തിരിച്ചറിയാനുള്ള വിവേകം ആരോപണം ഉന്നയിക്കുന്നവര്‍ക്കും വേണം.

സ്വപ്ന സുരേഷിനെ കണ്ടിട്ടേയില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. വിശ്വസിച്ച പ്രൈവറ്റ് സെക്രട്ടറിയാണ് ഇവിടെ പിണറായിയെ ചതിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും കാര്യങ്ങള്‍ മറച്ച് വച്ചതും അദ്ദേഹമാണ്. ശിവശങ്കറിന്റെ മനസ്സ് എന്താണെന്ന് മുന്‍കൂട്ടി കണ്ടെത്താനുള്ള യന്ത്രമൊന്നും പിണറായിയുടെ പക്കല്‍ ഇല്ലെന്നതും വിമര്‍ശകര്‍ ഓര്‍ത്തു കൊള്ളണം. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തും ഉന്നത തസ്തികയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശിവശങ്കര്‍. അദ്ദേഹത്തെ പിണറായി സെക്രട്ടറിയാക്കിയതില്‍ ഒരു വീഴ്ചയുമില്ല. വീഴ്ച വരുത്തിയത് ശിവശങ്കര്‍ മാത്രമാണ്. ‘അവതാരങ്ങള്‍ക്ക്’ തന്റെ ഓഫീസില്‍ സ്ഥാനമുണ്ടാവില്ലന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെയാണ് ശിവശങ്കര്‍ വഞ്ചിച്ചിരിക്കുന്നത്. സ്വപ്നയുമായി ഇടപെടുമ്പോള്‍ പിണറായി പറഞ്ഞ ആ വാക്കുകളെങ്കിലും ശിവശങ്കര്‍ ഓര്‍ക്കണമായിരുന്നു.

സ്വപ്ന പറഞ്ഞതായി പുറത്ത് വന്ന മൊഴിയില്‍ തന്നെ പറഞ്ഞിരിക്കുന്നത് യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലും എന്താണ് തെറ്റ് ? മുഖ്യമന്ത്രിയുടെ സെക്രട്ടറി തന്നെയല്ലേ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടത് ? നിയമപരമായും ശരിയായ നിലപാടും ഇതു തന്നെയാണ്. അതല്ലാതെ സ്ത്രീകളുടെ നിഴല്‍ കാണുമ്പോള്‍ പിന്നാലെ കൂടുന്ന ഖദറിന്റെ പാരമ്പര്യമല്ല പിണറായി കാണിച്ചിരിക്കുന്നത്. കഴിഞ്ഞകാല സ്വന്തം ചെയ്തികള്‍ ഓര്‍മ്മയുള്ളവര്‍ എല്ലാവരും തങ്ങളെ പോലെയാണെന്ന് ഒരിക്കലും ധരിച്ച് വയ്ക്കരുത്.

ഇവിടെ തെറ്റായി പ്രവര്‍ത്തിച്ചത് ശിവശങ്കര്‍ മാത്രമാണ്. വിശ്വസിച്ച മുഖ്യമന്ത്രിയെ വഞ്ചിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ അവസ്ഥയിലും പിണറായിയെ വേട്ടയാടുന്നവര്‍ ഒരു കാര്യം കൂടി ഓര്‍ക്കുന്നത് നല്ലതാണ്. നാളെ നിങ്ങള്‍ക്കും ഈ ഗതിയുണ്ടാവാം. സാക്ഷാല്‍ ചെന്നിത്തല മുഖ്യമന്ത്രിയായാലും ഐ.എ.എസുകാരനായ പ്രൈവറ്റ് സെക്രട്ടറിയെ തന്നെയാണ് വേണ്ടി വരിക. അയാള്‍ എന്ത് അബദ്ധം കാണിച്ചാലും സമാന അനുഭവമാണ് നേരിടേണ്ടി വരിക. പരമാവധി നല്ല ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്താല്‍ പോലും ഒരു കാര്യവുമുണ്ടാവുകയില്ല. ശിവശങ്കര്‍ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും വരെ ഒരു തരം ആരോപണവും നേരിടാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സ്വപ്നയുടെ സാന്നിധ്യമാണ് എല്ലാം വഷളാക്കിയിരിക്കുന്നത്. ഒരു ഐ.എ.എസ് ഓഫീസര്‍ കാണിക്കേണ്ട ജാഗ്രത ശിവശങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തം. ഈ പിഴവ് ചൂണ്ടിക്കാട്ടേണ്ട രഹസ്യാന്വേഷണ വിഭാഗവും ഇവിടെ നിസഹയരാണ്. കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തുന്നത് തന്നെ ശിവശങ്കര്‍ വഴിയാണ്. സ്വപ്നയെ കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി മുന്‍കൂട്ടി അറിഞ്ഞില്ല എന്ന ചോദ്യത്തിനുള്ള മറുപടിയും ഇതു തന്നെയാണ്.

പ്രൈവറ്റ് സെക്രട്ടറിമാര്‍ ചതിക്കാന്‍ തീരുമാനിച്ചാല്‍ ഈ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ രാജ്യത്തെ ഏത് ഭരണാധികാരികള്‍ക്കും നേരിടേണ്ടി വരുമെന്ന കാര്യവും പ്രതിപക്ഷം തിരിച്ചറിയണം. സ്വപ്നയുടേതായി പുറത്തുവന്ന മൊഴി ആയുധമാക്കി സര്‍ക്കാറിനെതിരെ ഒറ്റക്കെട്ടായാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും അദ്ധ്യക്ഷന്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. രണ്ടു പേരും മുഖ്യമന്ത്രിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സ്വന്തം നേതാക്കളുടെ വീഴ്ചകള്‍ മറച്ച് വച്ചാണ് ഇരുവരും ഈ പുകമറ സൃഷ്ടിക്കുന്നത്.

രമേശ് ചെന്നിത്തല യു.എ.ഇ കോണ്‍സുലേറ്റില്‍ ലക്കി ഡ്രോയില്‍ പങ്കെടുത്തതും പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തില്‍ ‘സി’യില്‍ പറയുന്നത് കോണ്‍സുലേറ്റുകളും മറ്റും നറുക്കെടുപ്പുകള്‍ നടത്താന്‍ പാടില്ലെന്ന് തന്നെയാണ്. ഈ വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചിരിക്കുന്നത്. തന്റെ സ്റ്റാഫിന് വാച്ച് സമ്മാനമായി കിട്ടിയെന്ന് പറഞ്ഞതും ചെന്നിത്തലയാണ്. ഇക്കാര്യത്തെ കുറിച്ച് എന്താണ് മുല്ലപ്പള്ളിക്ക് പ്രതികരിക്കാനില്ലാത്തത് ? മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനാക്കുന്ന കെ.സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിയമവിരുദ്ധ പ്രവര്‍ത്തിയെ കുറിച്ചാണ് ആദ്യം പ്രതികരിക്കേണ്ടത്.

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ കേന്ദ്രമന്ത്രി പങ്കെടുപ്പിച്ചത് രാജ്യാന്തര സുരക്ഷാ ചട്ടങ്ങളുടെ പ്രകടമായ ലംഘനമാണ്. 22 രാജ്യത്തെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിലാണ് ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതിയെ മന്ത്രി പങ്കെടുപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലെ താല്‍പര്യവും നാടിന് അറിയേണ്ടതുണ്ട്. സ്വന്തം തെറ്റുകള്‍ മറച്ചു വെച്ചാണ് ഇടതുപക്ഷ സര്‍ക്കാറിനെ കുരിശിലേറ്റാന്‍ പ്രതിപക്ഷമിപ്പോള്‍ ശ്രമിക്കുന്നത്. അതിന് അവര്‍ക്ക് പിന്‍ബലമാകുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ്.

മോദിയും അമിത് ഷായും നിയന്ത്രിക്കുന്ന സംവിധാനത്തിലാണ് കോണ്‍ഗ്രസ്സും ലീഗും പോലും പ്രതീക്ഷയര്‍പ്പിക്കുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ പോലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പൊരുതുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. എന്നാല്‍ അതിര്‍ത്തിക്ക് ‘ഇപ്പുറം’ അവരുടെ ‘പ്രതീക്ഷ’ കേന്ദ്ര ഏജന്‍സികളില്‍ മാത്രമാണ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത് എന്‍.ഐ.എയും, എന്‍ഫോഴ്‌സ്‌മെന്റും, കസ്റ്റംസുമാണ്. ലൈഫ് മിഷനില്‍ സി.ബി.ഐയാണ് അന്വേഷണം നടത്തുന്നത്. ഇതിലും കൂടി പിണറായി സര്‍ക്കാറിനെ കുരുക്കാന്‍ പറ്റിയില്ലെങ്കില്‍ ‘പണി പാളുമെന്ന’ ഭയമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടത് തന്നെ മുഖ്യമന്ത്രിയാണ്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും മറച്ച് വെയ്ക്കാനില്ലന്ന ഒറ്റ ബോധ്യത്തിലാണ് അദ്ദേഹം കേന്ദ്ര ഏജന്‍സിയെ വിശ്വസിച്ചത്. സര്‍ക്കാരിന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ ഒരു സമീപനമല്ല സ്വീകരിക്കുമായിരുന്നത്. കേസന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണിത്. മുഖ്യമന്ത്രിയുടെ ഈ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട ബാധ്യത കേന്ദ്ര ഏജന്‍സികള്‍ക്കാണുള്ളത്. കാവി കൂടാരത്തില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഒരു ഏജന്‍സിക്കും വഴികാട്ടിയാവരുത്. അങ്ങനെ വന്നാല്‍ നിയമവാഴ്ചയാണ് തകരുക.

സ്വപ്നയായാലും ശിവശങ്കറായാലും ഏത് സാഹചര്യത്തിലാണ് മൊഴി നല്‍കുന്നതെന്ന കാര്യവും വിലയിരുത്തപ്പെടേണ്ടതാണ്. പ്രതിസ്ഥാനത്തുള്ളവര്‍ കസ്റ്റഡിയില്‍ നല്‍കുന്ന മൊഴികള്‍ കോടതികള്‍ പോലും മുഖവിലക്കെടുക്കാറില്ല. അത് മുഖവിലക്കെടുത്ത് ‘ശിക്ഷ’ വിധിക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ മുതല്‍ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളും നിരവധിയാണ്. സ്വപ്നയും ശിവശങ്കരനും പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ സാധ്യത തീരെയില്ല.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ കുരുക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ലൈഫ് മിഷനില്‍ കയറി പ്രതിപക്ഷം പിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് എം.എല്‍.എ തന്നെയാണ് ഇവിടെ പരാതിക്കാരന്‍. പരാതി കാത്തിരുന്നത് പോലെയാണ് സി.ബി.ഐയും ധൃതിപിടിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തിനുള്ളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകളും ഗൂഢാലോചനക്കുറ്റവുമാണ് എഫ്.ഐ.ആറില്‍ പ്രാഥമികമായി ചാര്‍ജ് ചെയ്തിരിക്കുന്നത്.

20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതു കോടിയുടെ അഴിമതിയാണ് പരാതിയില്‍ അനില്‍ അക്കര ഉന്നയിച്ചിരിക്കുന്നത്. 4.25 കോടി രൂപ കമ്മീഷന്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് ലഭിച്ചതായി നേരത്തെ തന്നെ കൈരളി എം.ഡി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. ഇടതുപക്ഷത്തിന് എന്തെങ്കിലും മറച്ചുവയ്ക്കാനുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം ജോണ്‍ ബ്രിട്ടാസ് തുറന്നു പറയില്ലായിരുന്നു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നത് തന്നെയാണ് ഇക്കാര്യത്തിലെയും സര്‍ക്കാര്‍ നയം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും നിലവില്‍ നടക്കുന്നുണ്ട്.

വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം നല്‍കാനുള്ള ലൈഫ് പദ്ധതിയുടെ നടത്തിപ്പിന് യുണിടാക്, സാന്‍വെഞ്ചേഴ്‌സ് എന്നീ കമ്പനികള്‍ യുഎഇയിലെ റെഡ്ക്രസന്റില്‍ നിന്ന് പണം കൈപ്പറ്റിയതില്‍ അപാകതയില്ലന്നൊണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശ ഫണ്ട് വാങ്ങുന്നതിന് നിയമപ്രകാരം വിലക്കുള്ളവയുടെ പട്ടികയില്‍ ഈ രണ്ട് കമ്പനികളും വരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും ഇത്തരം കമ്പനികള്‍ക്ക് നിലവില്‍ വിലക്കില്ല. എന്നാല്‍ കമ്പനികള്‍ ഏറ്റെടുക്കുന്ന ജോലിക്ക് പണം സ്വീകരിക്കാവുന്നതുമാണ്. ഇതിനാകട്ടെ നിയമത്തില്‍ വ്യവസ്ഥയുമുണ്ട്. വിദേശ ഫണ്ട് വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളവരില്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ പെടുന്നില്ല.

2020 ജനുവരി 30ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സിഎജി ഓഡിറ്റുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിദേശ ഫണ്ട് വാങ്ങുന്നതില്‍ വിലക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ലൈഫ് പദ്ധതിക്ക് കേന്ദ്ര നിയമപ്രകാരം വിലക്കില്ല. ഇതാണ് ലൈഫ് മിഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിയില്‍ ആര് കമ്മിഷന്‍ വാങ്ങിയാലും നടപടി സ്വീകരിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധമായ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് വിജലന്‍സിനെ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ലൈഫില്‍ സി.ബി.ഐ കൂടി വന്നതോടെ അന്വേഷണത്തിന്റെ ഗതി എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ സംശയങ്ങളും ഏറെയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണുണ്ടാകാന്‍ പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് എങ്ങനെയും വളച്ചൊടിക്കാന്‍ കഴിയും. സി.ബി.ഐ ‘കൂട്ടിലിട്ട തത്തയാണെന്ന് മുന്‍പ് പറഞ്ഞത് സുപ്രീം കോടതിയാണ്. സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും സി.ബി.ഐ ഇപ്പോഴും സംശയത്തിന് അതീതരല്ല. സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നതും ഇതു തന്നെയാണ്.

എങ്കിലും, മറ്റ് ചില സംസ്ഥാനങ്ങള്‍ ചെയ്തത് പോലെ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ കേരളത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. മമത മുന്‍പ് ബംഗാളില്‍ ചെയ്തതു പോലെ അന്വേഷണത്തിന് എത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്നത് തന്നെയാണ് മുഖ്യമന്ത്രിയുടെയും നിലപാട്. ഈ നിലപാടിനൊപ്പമാണ് ഇടതുപക്ഷ പാര്‍ട്ടികളും അടിയുറച്ച് നില്‍ക്കുന്നത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് തുടര്‍ ഭരണം സാധ്യമാകുമെന്ന് തന്നെയാണ് ചുവപ്പിന്റെ പ്രതീക്ഷ.

പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും വോട്ടാകുമെന്നാണ് ഇടതു പാര്‍ട്ടികള്‍ വിശ്വസിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം വരുന്നതും മുന്നണിക്ക് ഗുണം ചെയ്യും. നേട്ടങ്ങളുടെ നീണ്ട പട്ടിക തയ്യാറാക്കി തിരഞ്ഞെടുപ്പിനെ നേരിടുവാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. നൂറുദിന പദ്ധതി പ്രകാരം നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നാല്‍പ്പത് ദിവസം കൊണ്ടു തന്നെ
നാല്‍പ്പതിലേറെ പദ്ധതികളാണ് നാടിന് മുന്‍പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ഷേമപെന്‍ഷന്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ച് എല്ലാ മാസവും നല്‍കുന്നത് ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. 600 രൂപ ഉണ്ടായിരുന്നതാണ് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

88 ലക്ഷം കുടുംബത്തിന് നാലു മാസത്തേക്ക് പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണവും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്തും, സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട്ടും യാഥാര്‍ഥ്യമായതും ഈ സര്‍ക്കാറിന്റെ കാലത്താണ്. അഞ്ചു ജില്ലയിലായി 10,095 പേര്‍ക്ക് ഈ കാലയളവില്‍ പട്ടയവും വിതരണം ചെയ്തിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ 29 ഭവന സമുച്ചയത്തിന്റെ നിര്‍മാണത്തിനും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും പുതിയ അത്യാഹിത വിഭാഗവും ആരംഭിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ ഒപി വിഭാഗവും, എസ്എടി ആശുപത്രിയില്‍ ഹീമോഫീലിയ സംയോജിത ചികിത്സാകേന്ദ്രവുമാണ് തുടങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് 75 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യ സംയോജിത കുടുംബാരോഗ്യ കേന്ദ്രം തിരുവനന്തപുരം പാങ്ങപ്പാറയിലാണ് ആരംഭിച്ചിരിക്കുന്നത്. രണ്ടു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റിയും കുട്ടനാട് വികസന പദ്ധതിയുടെ പ്രഖ്യാപനവും ഇതിനകം തന്നെ നടത്തി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സംരംഭ വികസന പദ്ധതി പ്രകാരം 355 സംരംഭത്തിനാണ് കെഎഫ്സി വായ്പ നല്‍കിയിരിക്കുന്നത്. ഈ 355 വായ്പകള്‍ ഉള്‍പ്പെടെ സെപ്റ്റംബറില്‍ മാത്രം 1048.63 കോടി രൂപയുടെ വായ്പയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അനുവദിച്ചിരിക്കുന്നത്. കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.കെ.എഫ്.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

കേരള സിറാമിക്സില്‍ നവീകരിച്ച പ്ലാന്റും പ്രകൃതിവാതക പ്ലാന്റും ആരംഭിച്ചതും മറ്റൊരു നേട്ടമാണ്. തൃശൂര്‍ കൈപ്പറമ്പിലും കുന്നംകുളത്തും, കണ്ണൂര്‍ പിലാത്തറയിലും, പാലക്കാട് കണ്ണമ്പ്രയിലുമായി നാലു സ്റ്റേഡിയമാണ് നിര്‍മ്മിക്കുന്നത്. ഇന്‍വെസ്റ്റ് കേരളയില്‍ 4 പുതിയ പദ്ധതിക്കും ഇതിനകം തന്നെ തുടക്കമായിട്ടുണ്ട്. ജലത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ 480 തദ്ദേശ സ്ഥാപനങ്ങളിലാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. 186 കോടി രൂപയുടെ 11 പൊതുമരാമത്തു പദ്ധതികളാണ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്.ഇതോടൊപ്പം തന്നെ പട്ടികജാതി സങ്കേതങ്ങളായി 5 അംബേദ്കര്‍ ഗ്രാമത്തിന്റെ നിര്‍മാണത്തിനും തുടക്കമായിട്ടുണ്ട്.

പത്തനാപുരം, ചടയമംഗലം, രാമനാട്ടുകര, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫീസുകളും പ്രവര്‍ത്തന സജ്ജമാവുകയാണ്. കൂടാതെ മഞ്ചേശ്വരത്തും കൊയിലാണ്ടിയിലും നവീകരിച്ച മത്സ്യബന്ധന തുറമുഖങ്ങളും ക്ഷീരവികസന – മൃഗപരിപാലന രംഗത്ത് നിരവധി പദ്ധതികളും പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങളില്‍പ്പെടുന്നതാണ്.

ഈ നേട്ടങ്ങള്‍ക്കൊപ്പം തന്നെ മറ്റൊരു ചരിത്ര നേട്ടവും പിണറായി സര്‍ക്കാറിന്റെ സംഭാവനയാണ്. വിദ്യാഭ്യാസ രംഗത്ത് മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാണിപ്പോള്‍ കേരളം. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ ഈ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയിരിക്കുന്നത്.

16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട് ക്ലാസ്‌റൂം പദ്ധതിക്കായി വിതരണം ചെയ്തിരിക്കുന്നത്. 4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി, 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാം ഘട്ടത്തില്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. പ്രൈമറി- അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറായി കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണിത്.

എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ ആസ്തിവികസന ഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ വന്‍ വിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം വിവാദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാറിപ്പോള്‍ ശ്രമിക്കുന്നത്. ഭരണ തുടര്‍ച്ചയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകവും ഇതുതന്നെയാണ്.

Top