If not declared in CM Candidate LDF may be crisis

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായി.

തിരഞ്ഞെടുപ്പില്‍ വിഎസിനും പിണറായിക്കും വിജയം സുനിശ്ചിതമാണെങ്കിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിലാണ് അണിയറയില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.

സീനിയറായ വിഎസിനെ മാറ്റിനിര്‍ത്തി പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം തീരുമാനിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആദ്യത്തെ ഒരുവര്‍ഷം വിഎസ് മുഖ്യമന്ത്രിയും പിന്നീട് പിണറായിയും തുടരട്ടെയെന്ന നിലപാടായിരിക്കും കേന്ദ്രനേതൃത്വം സ്വീകരിക്കുകയെന്നാണ് പുറത്ത് വരുന്ന വിവരം.

അങ്ങനെ വന്നാല്‍ ഉപമുഖ്യമന്ത്രി പദം സൃഷ്ടിച്ച് സുപ്രധാനവകുപ്പോട് കൂടി പിണറായിയെ പരിഗണിക്കുന്ന സാഹചര്യമുണ്ടാകും.

വിഎസിന്റെ പ്രായം ഒരു പ്രശ്‌നം തന്നെയായതിനാല്‍ പിണറായിയുടെ സാന്നിധ്യം ഗുണകരമാവുമെന്നും തുടര്‍ന്ന് അധികാര കൈമാറ്റം നടത്താന്‍ തടസ്സമുണ്ടാവില്ലെന്നുമാണ് കണക്ക്കൂട്ടല്‍.

എന്നാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ബഹുഭൂരിപക്ഷത്തിന്റെ വികാരം പിണറായിക്ക് അനുകൂലമായതിനാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാലും വിഎസ് മൂലക്കിരിക്കേണ്ടി വരുമോയെന്ന അഭിപ്രായവും രാഷ്ട്രീയനിരീക്ഷകര്‍ക്കിടയിലുണ്ട്.

തന്ത്രശാലിയായ വിഎസ് ഈ ‘അപകടം’ മുന്നില്‍ കണ്ട് സിപിഎം കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രമേ ഗോദയില്‍ ഇറങ്ങാന്‍ സാധ്യതയുള്ളുവെന്നും പറയപ്പെടുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് വിഎസിന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ഈ വിട്ടുവീഴ്ചക്ക് സിപിഎം കേന്ദ്രനേതൃത്വം തയ്യാറാകാനാണ് സാധ്യത.

അതേസമയം, തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട് സിപിഎം പുനപരിശോധിച്ചില്ലെങ്കില്‍ വിഎസിനെ ‘രക്തസാക്ഷി’ യാക്കാനാണ് മത്സരിപ്പിക്കുന്നതെന്ന് പറഞ്ഞ് സിപിഎമ്മിനെയും ഇടതുപക്ഷത്തിനേയും കടന്നാക്രമിക്കാനാണ് യുഡിഎഫിന്റെ പദ്ധതി. ഇനി വിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചാല്‍ പ്രായം ആയുധമാക്കാനാണ് തീരുമാനം. ബിജെപിയുടെ പ്രചരണ തന്ത്രവും ഇതുതന്നെയാണ്.

സംസ്ഥാനസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിവാദങ്ങള്‍ക്കിടയിലും സുധീരന്റെ ജനരക്ഷാ മാര്‍ച്ചിന്റെ സമാപന പൊതുയോഗം ജനസാഗരമായത് യുഡിഎഫിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

എളുപ്പം ജയിച്ച് കയറാമെന്ന ചെമ്പടയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ഇന്നലെ ശംഖുമുഖത്ത് നടന്ന ശംഖനാദം. പിണറായിയുടെ നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് ലക്ഷം പേരെ അണിനിരത്തി ഇതിനു മറുപടി നല്‍കാനാണ് സിപിഎം നീക്കം.

Top